ഇഡിക്ക് മുന്നില്‍ ഇന്നും ഹാജരാകാതെ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി; തിരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ ഇളവ് നല്‍കണമെന്ന് എം.എം.വര്‍ഗീസ്
കൊച്ചി : കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇന്നും ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകാതെ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് തിരക്കായതിനാല്‍ ഇളവ് നല്‍കണമെന്നാണ് വര്‍ഗീസ് കേന്ദ്ര ഏജന്‍സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഹാജരാകാന്‍ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലേയും വര്‍ഗീസ് ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.
നേരത്തെ നടന്ന ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിന്റെ പേരിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സിപിഎമ്മിന്റെ തൃശ്ശൂരിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍, അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവയെല്ലാം ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്.
കരുവന്നൂര്‍ ബാങ്കില്‍ പാര്‍ട്ടിക്ക് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ പാര്‍ട്ടിയുടെ ഒരു അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. 5 കോടിക്ക് മുകളില്‍ നിക്ഷേപമുണ്ടായിരുന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് പിന്‍വലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here