ത്രിപുര വെസ്റ്റില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം; വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം; മൂന്നിടത്ത് 100 ശതമാനത്തില്‍ അധികം വോട്ട് രേഖപ്പെടുത്തിയത് എങ്ങനെയെന്ന് ചോദ്യം

അഗര്‍ത്തല: ത്രിപുരയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ 100 ശതമാനത്തില്‍ അധികം വോട്ടുരേഖപ്പെടുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത് എങ്ങനെയെന്നാണ് സിപിഎം ചോദ്യം. സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

പടിഞ്ഞാറന്‍ ത്രിപുര ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗര്‍ നിയമസഭാ മണ്ഡലത്തിലും സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടന്നിട്ടില്ല. ബൂത്ത് പിടിത്തവും കൃത്രിമം കാണിക്കലും ഉണ്ടായാല്‍ മാത്രമേ ഇത്തരം പൊരുത്തക്കേടുകള്‍ സംഭവിക്കൂ. പരാതിയില്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ ഗുണ്ടായിസം നടന്നെന്നും വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദീപ് റോയ് ബര്‍മനും ആരോപിച്ചിട്ടുണ്ട്.

രണ്ട് ലോക്‌സഭാ മണ്ഡലങ്ങളുള്ള ത്രിപുരയില്‍ രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടമായ ഏപ്രില്‍ 19ന് നടന്ന തിരഞ്ഞെടുപ്പാണ് വോട്ടിങ് ശതമാനത്തിന്റെ പേരില്‍ വിവാദമായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top