പത്മജയുടെ കാലുമാറ്റം സിപിഎമ്മിന് വീണുകിട്ടിയ ആയുധം; പരമാവധി ഉപയോഗപ്പെടുത്താന്‍ തീരുമാനം; ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ പ്രചാരണ വിഷയമാക്കും

തിരുവനന്തപുരം : ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി. ഈ പ്രചാരണം സിപിഎം കുറച്ചു നാളായി സജീവമായി തന്നെ ഉയര്‍ത്തുന്നതാണ്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് അത്ര തലപൊക്കമുള്ള നേതാക്കളാരും ബിജെപി കൊടിപിടിക്കാന്‍ ഇറങ്ങാതിരുന്നതുകൊണ്ട് ആ പ്രചാരണത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസിലെ എക്കാലത്തേയും അതികായനായ ലീഡര്‍ കെ.കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ തന്നെ ബിജെപിക്കൊപ്പം എത്തുമ്പോള്‍ അത് പരമാവധി പ്രയോജനപ്പെടുത്താനാണ് സിപിഎം ശ്രമം. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ സംസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിക്കുന്നയാളല്ലെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. എന്നാല്‍ പത്മജയുടെ കാര്യത്തില്‍ ഇത് നിലനില്‍ക്കില്ല.
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതടക്കമുളള ജനകീയ വിഷയങ്ങളിലെ എതിര്‍പ്പും ഭരണ വിരുദ്ധ വികാരവും വന്യമൃഗ ആക്രമണങ്ങളും അവസാനം നടന്ന സിദ്ധാര്‍ത്ഥന്റെ മരണം വരെ നിരവധി പ്രതിസന്ധികളിലായിരുന്നു സിപിഎം. ജനകീയ സ്ഥാനാര്‍ത്ഥികളെ ആദ്യം തന്നെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ കളം പിടിക്കാന്‍ ശ്രമിക്കുമ്പോഴും ഈ വിഷയങ്ങള്‍ പലപ്പോഴും തലവേദനയായി ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം ശക്തമായി നേരിടാനുള്ള ആയുധം ലഭിച്ച സന്തോഷമാണ് സിപിഎമ്മിനുള്ളത്.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് – ബിജെപി ബന്ധം ഉയര്‍ത്തി പരമാവധി പ്രചരണമാണ് സിപിഎം ലക്ഷ്യമിടുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ കൂടാതെ, മതേതര, ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാനാണ് ശ്രമം നടക്കുന്നത്. മൃദുഹിന്ദുത്വ സമീപനമെന്നത് കോണ്‍ഗ്രസിനെതിരെ എല്ലാ കാലത്തും സിപിഎം ഉയര്‍ത്താറുള്ള വിമര്‍ശനമാണ്. അതിന് ഇപ്പോഴത്തെ പത്മജയുടെ രാഷ്ട്രീയ ചുവട്മാറ്റം കൂടി ഉന്നയിച്ച് പ്രചാരണം ഊര്‍ജ്ജിതമാക്കാനാണ് സിപിഎം തയാറെടുപ്പ്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ തുടങ്ങി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്ന് സിപിഎമ്മിന് അനുകൂലമായ പ്രതികരണങ്ങള്‍ ദൃശ്യമാകുന്നുണ്ട്. സമസ്തയുടെ പിന്തുണ കൂടി ഉറപ്പിച്ചതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല സീറ്റുകളിലും അദ്ഭുതം കാട്ടാനും കഴിഞ്ഞു. അത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് സിപിഎം ശ്രമം.
നാളെ ഇടത് മുന്നണി യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുന്നണി യോഗം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തില്‍ പൂര്‍ത്തിയായത് നേട്ടമായെന്നാണ് നേതൃത്വത്തിന്റെ നിലവിലെ വിലയിരുത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here