സിപിഐ ‘എന്തിനോ വേണ്ടി വെറുതെ തിളക്കുന്ന സാമ്പാര്‍’; ബ്രൂവറി എതിര്‍പ്പ് ചുരുട്ടി മടക്കി മുഖ്യമന്ത്രി; പരിഹാസങ്ങളിലും മൗനം

പാലക്കാട് എലപ്പുള്ളിയില്‍ ഒയാസിസ് മദ്യ കമ്പനിക്ക് അനുമതി നല്‍കുന്നതില്‍ നിന്ന് പിന്‍മാറാനാവില്ലെന്ന് ഉറച്ച തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരി ച്ചതോടെ സിപിഐയുടെ എതിര്‍പ്പും പ്രതിഷേധവും വെറും ‘ശൂ’വായി മാറി. ഇന്നലെ സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് കടുപ്പിച്ചത്. അതോടെ സകല എതിര്‍പ്പും വെടിഞ്ഞ് സിപിഐ സമ്പൂര്‍ണ്ണമായി കീഴടങ്ങി. പാര്‍ട്ടിയുടെ ആരോഗ്യത്തിനും നിലനില്‍പ്പിനും ഇതല്ലാതെ വേറെ വഴിയില്ലെന്ന് ബിനോയ് വിശ്വവും സഹവിപ്ലവ തീപ്പന്തങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നത്. സിപിഐ സ്വയം തിരുത്താതെ മറ്റുള്ളവരെ തിരുത്തിക്കാന്‍ നടക്കയാണെന്ന സിപിഎമ്മിന്റെ എല്ലാ കാലത്തേയും നിലപാടാണ് അവര്‍ ഒരിക്കല്‍ കൂടി നടപ്പിലാക്കിയത്.
തങ്ങളുടെ പാര്‍ട്ടി ഇമ്മിണി ബല്യ തിരുത്തല്‍ ശക്തിയാണെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന സിപിഐയുടെ കാറ്റ് കുത്തിവിട്ടതിന് പുറമെ, ഇനി മേലാല്‍ സിപിഎം എടുത്ത തീരുമാനങ്ങളെ തിരുത്തിക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും കട്ടായം എന്ന സന്ദശേമാണ് എംഎന്‍ സ്മാരകത്തില്‍ വന്ന് വല്യേട്ടന്‍ പാര്‍ട്ടി നല്‍കിയത്. മദ്യക്കമ്പിനിക്കെതിരെ സിപിഐ പാലക്കാട് ജില്ലാക്കമ്മറ്റിയും സംസ്ഥാന കമ്മിറ്റിയുമൊക്കെ നെടുങ്കന്‍ പ്രമേയങ്ങള്‍ പാസാക്കി. പതിവുപോലെ ബിനോയ് വിശ്വം തങ്ങള്‍ മാത്രമാണ് ശരിയുടെ പക്ഷത്ത് നില്‍ക്കുന്നത് എന്ന മട്ടില്‍ മസിലുപെരുക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വര്‍ത്തമാനം പറഞ്ഞു. എന്നാല്‍ ഇതൊന്നും പിണറായി ഗൗനിച്ചു പോലുമില്ല. സിപിഐയുടെ മന്ത്രിമാരുള്‍പ്പടെ എടുത്ത ക്യാബിനറ്റ് തീരുമാനത്തെ എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പിനെയാണ് പിണറായി പൊളിച്ചടുക്കിയത്.
എലപ്പുള്ളിയില്‍ ബ്രുവറി കമ്പിനിക്ക് അനുമതി നല്‍കാനുള്ള തീരുമാനം മന്ത്രിസഭയാണ് കൈകൊണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ട്. എല്ലാ ആശങ്കകളും പരിഗണിക്കും. പക്ഷേ, പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ല. മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഖണ്ഡിതമായി പറഞ്ഞതോടെ പത്തി താഴ്ത്തി കീഴടങ്ങുകയല്ലാതെ സിപിഐക്ക് മുന്നില്‍ വേറെ വഴിയില്ലാതായി.
2022 മാര്‍ച്ചില്‍ സിപിഎം പ്രസിദ്ധീകരണമായ ചിന്തയില്‍ സിപിഐ എന്ന പാര്‍ട്ടിയുടെ നിലപാടുകള്‍ എല്ലാ കാലത്തും പിന്തിരിപ്പനാണെന്നും പ്രതിലോമകരമാണെന്നും വിമര്‍ശിച്ചിരുന്നു. സിപിഐ കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണെന്നായിരുന്നു എന്നാണ് ചിന്തയിലെ വിമര്‍ശനം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സിപിഐ എന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. വലിയ കടന്നാക്രമാണ് സിപിഐയ്ക്കെതിരെ ചിന്ത അന്ന് നടത്തിയത്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നും സിപിഐ വിലയിരുത്തിയിരുന്നു. നവയുഗത്തിലൂടെ പിന്നീട് സിപിഐ മറുപടി നല്‍്കി എങ്കിലും സിപിഐ ആസ്തിത്വത്തെ ഒരു ഘട്ടത്തിലും സിപിഎം അംഗീകരിക്കാറില്ല. 1964 ല്‍ പാര്‍ട്ടി പിളര്‍ത്തിയതിന്റെ ചൊരുക്ക് തീര്‍ന്നിട്ടില്ലെന്നാണ് ഏറ്റവും ഒടുവില്‍ ബ്രൂവറിയുടെ കാര്യത്തിലും തെളിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here