‘മാധ്യമങ്ങള്‍ ഇറച്ചികടക്ക് പിന്നില്‍ കാവല്‍ നില്‍ക്കുന്ന പട്ടികള്‍’; സിപിഎമ്മിലെ പൊട്ടിത്തെറി വാര്‍ത്തക്ക് എന്‍എന്‍ കൃഷ്ണദാസിന്റെ മറുപടി
പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന ഏരിയ കമ്മറ്റിയംഗം അബ്ദുല്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഷുക്കൂര്‍ പങ്കെടുത്തു. നേതാക്കള്‍ക്കൊപ്പമാണ് ഷുക്കൂര്‍ കണ്‍വെന്‍ഷനെത്തിയത്. സംസ്ഥാന സമിതിയംഗം എന്‍എന്‍ കൃഷണദാസാണ് ഷുക്കീറിനെ കണ്‍വന്‍ഷന്‍ ഹാളിലേക്ക് എത്തിച്ചത്. എന്നാല്‍ ഷുക്കൂറിനെ മാധ്യമങ്ങളോട് സംസാരിക്കാന്‍ നേതാക്കള്‍ അനുവദിച്ചതുമില്ല.
ഷുക്കൂറിന്റെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് കയര്‍ക്കുകയാണ് കൃഷ്ണദാസ് ചെയ്തത്. ഷുക്കൂര്‍ പാര്‍ട്ടിവിട്ടു എന്ന് പറഞ്ഞവര്‍ ലജ്ജിച്ചു തല താഴ്ത്തണ. പാര്‍ട്ടിയില്‍ പൊട്ടിത്തെറി എന്ന് കൊടുത്തവര്‍ എവിടെപ്പോയെന്നും കൃഷ്ണദാസ് ചോദിച്ചു. ഇറച്ചിക്കടകള്‍ക്ക് പിന്നില്‍ പട്ടികള്‍ കാവല്‍നിന്ന പോലെ മാധ്യമങ്ങള്‍ നിന്നു. ഷുക്കൂറിനെ കരയിപ്പിച്ചത് പാര്‍ട്ടിയല്ല, മാധ്യമങ്ങളെന്നും കൃഷ്ണദാസ് ആരോപിച്ചു.
പി സരിന്റെ പ്രചാരണത്തില്‍ ഷുക്കൂര്‍ സജീവമല്ലെന്ന് ആരോപിച്ചാണ് മേഖലാ അവലോകന യോഗത്തില്‍ ജില്ലാ സെക്രട്ടറി കടുത്ത ഭാഷയില്‍ അപമാനിച്ചത്. ഇതോടെ യോഗത്തില്‍ നിന്നും ഷുക്കൂര്‍ ഇറങ്ങിപ്പോയി. പിന്നാലെ ”അഭിനയിക്കുന്നവര്‍ അരങ്ങുവാഴുന്ന കാലത്ത് ആത്മാര്‍ഥതയ്ക്ക് എന്തുവില? ആട്ടും തുപ്പുമേറ്റ് എന്തിന്
ഇതില്‍ നില്‍ക്കണം? ഇനിയില്ല ഈ കൊടിക്കൊപ്പം…” എന്ന് വാട്‌സാപ് സ്റ്റാറ്റസ് ഇടുകയും ചെയ്തു.
ഇതോടെയാണ് ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് വാര്‍ത്ത വന്നത്. ഷുക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും പ്രചരണമുണ്ടായി. ഡിസിസി നേതാക്കള്‍ ഷുക്കൂറുമായി സംസാരിച്ചു. ബിജെപിയും ഷുക്കൂറിനെ ഒപ്പം കൂട്ടാന്‍ നീക്കം തുടങ്ങി. ഇതോടെയാണ് അപകടം മനസിലാക്കി സിപിഎം ഷുക്കൂറിനെ അനുനയിപ്പിക്കാന്‍ രംഗത്തെത്തിയത്. എന്‍എന്‍ കൃഷ്ണദാസ് വീട്ടില്‍ എത്തി കാണാന്‍ ശ്രമിച്ചെങ്കിലും ഷുക്കൂര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് കൃഷ്ണദാസ് മടങ്ങിയത്. ഈ നീക്കമാണ് ഫലം കണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here