ഡിവൈഎഫ്ഐയുടെ തല്ലുമാലയിൽ സിപിഎം വിടാനൊരുങ്ങി പ്രവർത്തകൻ; പാർട്ടിക്ക് പരാതി നൽകുമെന്ന് യുവാവ്
കൊച്ചി: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിനിടയിൽ സിപിഎം പ്രവർത്തകന് ക്രൂര മർദനം. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റെയീസിനെയാണ് ഡിവൈഎഫ്ഐക്കാർ മർദിച്ചത്. താൻ പാർട്ടി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമാണെന്ന് അറിയിച്ചിട്ടും മർദിക്കുകയായിരുന്നുവെന്ന് റെയിസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
സംഭവം ചൂണ്ടിക്കാട്ടി പാർട്ടിക്ക് പരാതി നൽകുമെന്നും നടപടിയുണ്ടായില്ലെങ്കിൽ പാർട്ടി വിടുന്ന കാര്യമടക്കം ആലോചിക്കുമെന്നും റെയീസ് അറിയിച്ചു. തന്നെ മറ്റ് രണ്ട് പേരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോയി. പതിനൊന്ന് മണിക്ക് ശേഷം ഒരു ബ്രാഞ്ച് അംഗം സ്റ്റേഷനിലെത്തിയ ശേഷമാണ് തന്നെ വിട്ടയച്ചതെന്നും റെയീസ് കൂട്ടിച്ചേർത്തു. ആളുമാറിയാണ് യുവാവിനെ മർദിച്ചതെന്നും കാര്യം റെയീസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഒരു പ്രാദേശിക സിപിഎം നേതാവ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
കൊച്ചി മറൈന്‍ ഡ്രൈവിലെ പരിപാടിക്കിടയിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രസംഗിക്കുമ്പോഴാണ് യുവാവിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. തീവ്ര ഇടതുപക്ഷ സംഘടനയായ ഡമോക്രാറ്റിക് സ്റ്റുഡൻ്റ്സ്’ അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണെന്ന് തെറ്റിദ്ധരിച്ചാണ് റെയീസിനെ മർദിച്ചത്. നവകേരള സദസിനെതിരെ ലഘുലേഖ വിതരണം ചെയ്തതാണ് അക്രമത്തിന് ഇടയാക്കിയത്.
അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡിഎസ്എ നേതാക്കൾ രംഗത്തെത്തി. തങ്ങളെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം പോലീസ് ഡിവൈഎഫ്ഐക്കാർക്ക് മർദിക്കാൻ വേണ്ടി ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ഡിഎസ്എ പ്രവര്‍ത്തകരായ മുഹമ്മദ് ഹനീന്‍, റിജാസ് എന്നിവർ ആരോപിച്ചു. തങ്ങൾക്ക് അരികിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകനും മർദനമേറ്റു. ബോധം പോകുന്നത് വരെ തങ്ങളെ മർദിച്ചു. ഡിവൈഎഫ്ഐക്കാരുടെ മർദനം അവസാനിച്ച ശേഷം വീണ്ടും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് വളരെ വൈകി രാത്രി ഒരു മണി കഴിഞ്ഞാണ് തങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡിഎസ്എ നേതാക്കൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് ജാമ്യത്തിൽ വിട്ടയച്ചതായും അവർ കൂട്ടിച്ചേർത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here