നവീനേയും വഞ്ചിച്ച് സിപിഎം; പിപി ദിവ്യക്കൊപ്പമെന്ന് തെളിയിച്ചു; ചതി മുൻപേ മനസിലാക്കി കുടുംബത്തിന്റെ നിശബ്ദ നീക്കങ്ങള്‍
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുളള നേതാക്കളെല്ലാം പറഞ്ഞത് വെറുംവാക്കുകളന്ന് കേരളം തിരിച്ചറിയുന്നു. നവീന്റെ കുടുംബത്തിനൊപ്പം ആണെന്ന് സംസ്ഥാന സെക്രട്ടറി അടക്കം പത്തനംതിട്ടയിലെ വീട്ടിലെത്തി പറഞ്ഞതെല്ലാം അന്നേരത്തെ കൈയ്യടിക്ക് മാത്രമായിരുന്നു എന്നും വ്യക്തമാകുന്നു. ഇത് ആദ്യം മനസിലാക്കിയത് നവീന്റെ കുടുംബം തന്നെയായിരുന്നു. ആര് ഉറപ്പ് നല്‍കിയിട്ടും അത് വിശ്വസിച്ച് ഇരിക്കാതെ സ്വന്തം നിലയ്ക്ക് നിയമപോരാട്ടം നടത്താന്‍ ആ കുടുംബം ഇറങ്ങിത്തിരിച്ചത് വെറുതെയല്ല. അല്ലെങ്കിൽ ഇന്ന് ആ കേസ് ഒന്നുമല്ലാതായി മാറിയേനെ.
ക്ഷണിക്കാത്ത ചടങ്ങില്‍ എത്തി പിപി ദിവ്യ എന്ന നേതാവ് നവീന്‍ ബാബുവിനെ അധിക്ഷേപിച്ചപ്പോള്‍ അത് അഴിമതിക്കെതിരായ പോരാട്ടം എന്ന് പറഞ്ഞുള്ള ആഘോഷത്തിന് സിപിഎം തുടക്കമിട്ടിരുന്നു. എന്നാല്‍ പിറ്റേന്ന് നവീന്റെ മരണം ഉണ്ടായതോടെ എല്ലാം മാറിമറിഞ്ഞു. ഇമേജ് വര്‍ദ്ധിപ്പിക്കാനായി സ്വന്തമായി ക്യാമറ സന്നാഹവും ഒക്കെയായി എത്തി ദിവ്യ നടത്തിയ പ്രകടനം അവരെ തന്നെ പ്രതിക്കൂട്ടിലാക്കി. നവീന്റെ കുടുംബം അടിയുറച്ച പാര്‍ട്ടി കുടുംബമായതോടെ പത്തനംതിട്ട സിപിഎം ശക്തമായ നിലപാട് എടുത്തു.
കേരളം ഇതിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ കണ്ണൂരില്‍ ഈ കേസ് ഒതുക്കാനുള്ള ശ്രമങ്ങളും നടക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയിട്ട് മാത്രം ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും മതിയെന്ന് കുടുംബം കളക്ടറോട് തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ല. എന്തിനു വേണ്ടിയോ അനാവശ്യ ധ്യതിയില്‍ ബന്ധുക്കള്‍ എത്തുംമുമ്പ് തന്നെ എല്ലാം നടന്നു. അതുമുതല്‍ കുടുംബം ജാഗ്രതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
നവീന്റെ സംസ്‌കാര ചടങ്ങുകളില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പങ്കെടുക്കുന്നതിനെ വിലക്കിയത് തുടക്കം മാത്രമായിരുന്നു. പിന്നാലെ നവീനെ അപമാനിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം എന്നതിനായി സമ്മര്‍ദ്ദം ചെലുത്തി. പത്തനംതിട്ട ജില്ലാ ഘടകവും ശക്തമായ നിലപാട് എടുത്തതോടെ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ പോയി. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. വക്കീലായി എത്തിയത് സിപിഎം കേസുകള്‍ മാത്രം നടത്തുന്ന മുതിർന്ന അഭിഭാഷകൻ വിശ്വവും.
ഇവിടെയാണ് കുടുംബം നിര്‍ണ്ണായകമായ നിയമ പോരാട്ടത്തിന് തുടക്കമിട്ടത്. പ്രോസിക്യൂഷനെ മാത്രം വിശ്വാസത്തില്‍ എടുക്കാതെ ഹൈക്കോടതിയില്‍ നിന്നും ജോണ്‍ എസ് റാല്‍ഫിനെ എത്തിച്ചു. ഇത് നിര്‍ണ്ണായകമായി ദിവ്യക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. പിന്നാലെ അറസ്റ്റിലായി ജയിലിലേക്ക്. തള്ളിപ്പറഞ്ഞെങ്കിലും ദിവ്യ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ തന്നെ നേരിട്ടെത്തി ദിവ്യയെ സ്വീകരിക്കുന്ന കാഴ്ചയും കേരളം കണ്ടു.
ഇതിനിടയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം എന്നുള്ള പ്രഖ്യാപനങ്ങളടക്കം സര്‍ക്കാര്‍ നവീന്റെ കുടുംബത്തിനൊപ്പം എന്ന് തെളിയിക്കാന്‍ പല ശ്രമങ്ങളും നടത്തി. എന്നാല്‍ ഇതിനെയൊന്നും പരസ്യമായി എതിര്‍ക്കാതെ നിശബ്ദം ആ കുടുംബം നിയമ പോരാട്ടം തുടർന്നു. ഇതില്‍ പ്രധാനമായിരുന്നു സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീനെ കൊന്ന് കെട്ടിതൂക്കിയത് ആകാമെന്നും ഉന്നത സിപിഎം നേതാവ് പ്രതിസ്ഥാനത്തുളള കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാകും എന്ന് കരുതുന്നില്ലെന്നും കുടുംബം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഈ നീക്കത്തില്‍ സിപിഎമ്മും സര്‍ക്കാരും ഒരുപോലെ ഞെട്ടി.
ഇതോടെയാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന പരസ്യ നിലപാട് സിപിഎം പ്രഖ്യാപിച്ചത്. ഇതിന് കാരണമായി പറഞ്ഞത് സിബിഐ കൂട്ടിലടച്ച് തത്തയാണ് എന്നതാണ്. നാളെ കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സിബിഐ വേണ്ടെന്ന നിലപാട് പറയാനാണ് സംസ്ഥാന സര്‍ക്കാരിന്റേയും തീരുമാനം.
സിബിഐ അന്വേഷണത്തെ സിപിഎം പടിക്ക് പുറത്തുനിർത്താൻ പല കാരണങ്ങളുണ്ട്. നവീന്റെ മരണത്തിലേക്ക് നയിച്ച നാൾവഴിയിലെ ഏറ്റവും ദുരൂഹമായി തുടരുന്ന പെട്രോള്‍ പമ്പ് ഇടപാടിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണെന്ന ചോദ്യത്തിന് ഉത്തരം പുറത്താകും എന്നതാണ് അതിൽ പ്രധാനം. അപേക്ഷ നൽകിയ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ പ്രശാന്തന് അതിനുള്ള ശേഷിയില്ലെന്ന് വ്യക്തമായതാണ്. കണ്ണൂരിലെ സിപിഎമ്മിലെ പ്രബലർ ചിലരാണ് പിന്നിലെന്നും അതിനാലാണ് ദിവ്യയെ പോലൊരു നേതാവ് അന്തംവിട്ടെന്ന പോലെ ഇടപെട്ടത് എന്നും ആദ്യം മുതലുള്ള സംശയമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here