പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ് സിപിഎം വിഭാഗീയതയുടെ ഭാഗമെന്ന് ആരോപണം; വിവാദം കെടാതെ കത്തിച്ചു നിര്‍ത്താന്‍ ശ്രമം

ആലപ്പുഴ സിപിഎമ്മില്‍ വിഭാഗീയ പ്രശ്നങ്ങള്‍ സജീവമാണ്. അതിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. പുതിയ നേതാക്കളെല്ലാം തന്നെ ഈ വിഭാഗീയതയില്‍ ഒരുഭാഗം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും പതിവാണ്. ആലപ്പുഴയില്‍ ഏറ്റവും വലിയ വിഭാഗീയ പ്രശ്നം നിലനില്‍ക്കുന്നത് കായംകുളത്താണ്. കായംകുളം എംഎല്‍എ പ്രതിഭയും പ്രാദേശിക സിപിഎം നേതൃത്വവും തമ്മില്‍ കാലങ്ങളായി അകല്‍ച്ചയിലാണ്. ഈ പ്രശ്നങ്ങള്‍ പലപ്പോഴും പൊട്ടിത്തെറിയായി വന്നിട്ടുമുണ്ട്. ആലപ്പുഴയില്‍ നടക്കുന്ന ഈ വിഭാഗീയതയില്‍ മന്ത്രി സജി ചെറിയാന്‍ നേതാവായി ഒരു ഭാഗത്തു തന്നെയുണ്ട്.

ഇത്തരത്തില്‍ വലിയ പ്രശ്നങ്ങള്‍ നില്‍ക്കുന്നതിനിടെയാണ് പ്രതിഭയുടെ മകന്‍ കനിവിനെതിരെ കഞ്ചാവ് കേസ് വരുന്നത്. ഡിസംബര്‍ 28നാണ് കനിവിനേയും കൂട്ടുകാരേയും കുട്ടനാട് തകഴി ഭാഗത്തു നിന്നും എക്സൈസ് സംഘം പിടികൂടിയത്. കൂട്ടത്തില്‍ ഒരാളുടെ കൈയ്യില്‍ നിന്നും മൂന്നു ഗ്രാം കഞ്ചാവും വെളളത്തില്‍ കലക്കി ഉപയോഗിക്കാനുള്ള സംവിധാനങ്ങളും പിടിച്ചെടുത്തു. ചെറിയ അളവിലുള്ള കഞ്ചാവായതിനാല്‍ സ്റ്റേഷന്‍ ജാമ്യം നല്‍കി ഇവരെ വിടുകയും ചെയ്തു.

ALSO READ : മകൻ്റെ കേസ് യു.പ്രതിഭ പറഞ്ഞിടത്തേക്ക് തന്നെ; കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ല!! നടപടി എക്സൈസിന് തിരിച്ചടിക്കും; കാരണം പലതുണ്ട്

ഇതിനു പിന്നാലെ പ്രതിഭയും മകനും ഫെയ്സ്ബുക്ക് ലൈവില്‍ എത്തി ആരോപണങ്ങള്‍ നിഷേധിക്കുകയും മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ബിജെപി ഹാന്‍ഡിലുകള്‍ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് ആഘോഷിക്കുകയും ചെയ്തു. ചെറിയ പിഴയടച്ച് തീര്‍ക്കാവുന്ന കേസില്‍ പിന്നീട് നടന്നതെല്ലാം വലിയ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ്.

ഇതോടെയാണ് സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങളെന്ന ചര്‍ച്ചയും തുടങ്ങിയത്. പ്രതിഭയുടെ മകനെതിരെ കേസെടുത്ത് മണിക്കൂറുകള്‍ക്കകം എക്സൈസ് ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണര്‍ തെറിച്ചു. നേരത്തെ തീരുമാനിച്ചിരുന്ന ട്രാന്‍സ്ഫര്‍ ആയിരുന്നെങ്കിലും എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിന്റെ പേരില്‍ എന്ന പ്രചരണത്തിന് ബോധപൂര്‍വ്വമായ അവസരം ഒരുക്കുന്നതായിരുന്നു ഈ സ്ഥലംമാറ്റം. ഇതോടെ ഒറ്റ ദിവസം കൊണ്ട് തീരേണ്ട കഞ്ചാവ് കേസ് മാധ്യമങ്ങളിലെല്ലാം സജീവ ചര്‍ച്ചയായി നിലനിന്നു.

ALSO READ : പ്രതിഭയുടെ മകൻ്റെ കേസിൽ എക്സൈസ് മന്ത്രിയെ തിരുത്തി മുൻ അസി. കമ്മിഷണർ; ‘മന്ത്രിക്ക് അഴിമതിയില്ല, പക്ഷെ എഴുതിനൽകുന്നത് അതേപടി വായിക്കും’!!

ഇതൊന്ന് കെട്ടടങ്ങി വരുമ്പോഴാണ് മുറിവില്‍ മുളക് പുരട്ടുംവിധം മന്ത്രി സജി ചെറിയാന്റെ പ്രസംഗം. പ്രതിഭയെ വേദിയിലിരുത്തി തന്നെ നടത്തിയ ഈ പ്രസംഗം പ്രത്യക്ഷത്തില്‍ അവരെ പിന്തുണയ്ക്കുന്നതായി തോന്നാമെങ്കിലും കേസിനെ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവരാനേ അത് ഉപകരിച്ചുള്ളൂ. കുട്ടികള്‍ കൂട്ടം കൂടിയിരുന്ന് പുകവലിച്ചു എന്നും ഇതില്‍ എന്താണ് തെറ്റ് എന്നും പ്രസംഗിച്ച സാംസ്‌കാരിക മന്ത്രി, പറയാനുള്ളതെല്ലാം പറഞ്ഞു. വേദിയിലിരുന്ന പ്രതിഭയുടെ മുഖത്ത് നിന്നു തന്നെ ഇതിലെ രോഷം വായിച്ചെടുക്കാമായിരുന്നു. ഇതോടെ മകന്റെ കഞ്ചാവ് കേസില്‍ വീണ്ടും ചര്‍ച്ച സജീവമായി. എക്സൈസ് മന്ത്രി തന്നെ പ്രതികരിച്ചതോടെ എല്ലാം പൂര്‍ത്തിയായി.

പ്രതിരോധിക്കാന്‍ ശ്രമിക്കാതെ പ്രതിഭ നിശബ്ദയായതും ഈ നീക്കങ്ങള്‍ മനസിലാക്കി തന്നെയാണ്. ഓരോന്നിനും മറുപടി പറഞ്ഞാല്‍ വിഷയം കത്തി തന്നെ നില്‍ക്കുമെന്ന് വൈകിയെങ്കിലും പ്രതിഭ മനസിലാക്കിയിട്ടുണ്ട്. മാധ്യമങ്ങളെ പ്രകോപിപ്പിച്ചതും അബദ്ധമായെന്ന് തിരിച്ചറിഞ്ഞ് ഒതുങ്ങാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതെല്ലാം കൊണ്ട് കഴിഞ്ഞുവെന്ന് കരുതാനും കഴിയില്ല, കിട്ടിയ അവസരം ഉപയോഗിച്ച് പ്രതിഭയെ ഒതുക്കാന്‍ ഇപ്പോഴും തന്ത്രങ്ങള്‍ അണിയറയില്‍ തയാറാകുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top