‘തിരഞ്ഞെടുപ്പായത് കൊണ്ടാണ് പാനൂർ സ്ഫോടനവുമായി ബന്ധമില്ലെന്ന് സിപിഎം പറയുന്നത്’; മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: പാനൂർ സ്ഫോടനത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് വ്യക്തമാണെന്നും അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആഭ്യന്തര മന്ത്രിയുടെ കസേരയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും സിപിഎം ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ബോംബുണ്ടാക്കിയത് സിപിഎമ്മുകാരാണ്. മരിച്ചതും സിപിഎമ്മുകാരനാണ് പരിക്കേറ്റതും സിപിഎമ്മുകാർക്കാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും സിപിഎം നേതാക്കളാണ്. പിന്നെയെങ്ങനെ ബന്ധമില്ലെന്ന് പറയും. തിരഞ്ഞെടുപ്പായത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്. 2015ൽ പാനൂരിന് അടുത്ത് ചെറ്റക്കണ്ടിയിൽ ബോംബ് സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു പാർട്ടിയുമായിട്ട് അതിന് ബന്ധമില്ലെന്ന്. പക്ഷെ മൂന്ന് വർഷം കഴിഞ്ഞ് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പാർട്ടി രക്തസാക്ഷികളുടെ ചിത്രംവച്ചപ്പോൾ സ്ഫോടനത്തിൽ മരിച്ചവരും ഉണ്ടായിരുന്നു. ഇപ്പോൾ നടന്ന സ്ഫോടനവും തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തള്ളിപ്പറയുന്നതാണ്”; സതീശൻ പറഞ്ഞു.

ആർഎസ്എസുമായി സിപിഎം ധാരണയായിട്ടുണ്ട്. ഒരു സീറ്റിലെങ്കിലും ജയിക്കാനാണ് ബിജെപിയുമായി ധാരണയിൽ എത്തിയതെന്നും സതീശൻ ആരോപിച്ചു. യുഡിഎഫുകാരെ കൊല്ലാൻ ഉണ്ടാക്കിയ ബോംബാണോ ഇതെന്ന് മാത്രമേ ഇനി അറിയാൻ ബാക്കിയുള്ളു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top