മണ്ണ് തിന്ന് ഇടതുപാര്‍ട്ടികള്‍; സിപിഎം വട്ടപൂജ്യം; അക്കൗണ്ട് തുറന്ന് സിപിഐ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ പോരാട്ടമെന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞ ഏക ഇടതുപാർട്ടിയായി സിപിഐ. കോൺഗ്രസ് ശക്തമായ മുന്നേറ്റം നടത്തിയ തെലങ്കാനയിലാണ് സിപിഐ വിജയക്കൊടി പാറിച്ചത്. ഖമ്മം ജില്ലയിലെ കൊത്തഗുഡം നിയമസഭാ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയും സംസ്ഥാന സെക്രട്ടറിയുമായ കുനംനേനി സാംബശിവ റാവുവാണ് വിജയിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച ഇടതുപാർട്ടിയായ ഫോർവേഡ് ബ്ലോക്കിൻ്റെ ജലഗം വെങ്കിട്ട റാവുവിനെയാണ് സിപിഐ സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.
തെലങ്കാനയിൽ 19 സീറ്റുകളിൽ സഖ്യമില്ലാതെ മത്സരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപാര്‍ട്ടിയായ സിപിഎമ്മിന് ഒരിടത്തും വിജയിക്കാനായില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം അടക്കം മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് 5000ന് മുകളിൽ വോട്ടു നേടാൻ പാർട്ടിക്ക് കഴിഞ്ഞത്. 2018 ലും മത്സരിച്ച 26 സീറ്റിലും പാർട്ടി പരാജയപ്പെട്ടിരുന്നു. നൽഗൊണ്ടയും ഖമ്മവും പോലുള്ള പഴയ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ ഇടത് പാർട്ടികളുമായി സഖ്യത്തിൽ ചേർന്ന് ബിആർഎസ് അപ്രമാദിത്വം അവസാനിപ്പിക്കാൻ കോൺഗ്രസ് നീക്കങ്ങൾ നടത്തിയിരുന്നു. കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റുകളായ ഭദ്രാചലവും മാധിരയും വേണമെന്ന സിപിഎമ്മിൻ്റെ പിടിവാശിയാണ് സഖ്യസാധ്യതകൾ ഇല്ലാതാക്കിയത്.
കേരളത്തിലെ യുഡിഎഫിൻ്റെ ഘടകകക്ഷിയും ദേശീയ ഇടതുമുന്നണിയുടെ ഭാഗവുമായ ഫോർവേഡ് ബ്ലോക്കാണ് ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തികേന്ദ്രമായ തെലങ്കാനയിൽ ഒറ്റക്ക് മത്സരിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇടതുപാർട്ടി. സംസ്ഥാനത്ത് 0.67 ശതമാനം (131464 ) വോട്ടുകളാണ് ഫോർവേഡ് ബ്ലോക്ക് നേടിയത്. സിപിഎം വെറും 0.23 ശതമാനം (46,380) വോട്ടുകൾ മാത്രം നേടിയപ്പോൾ ഒരു സീറ്റിൽ മാത്രം മത്സരിച്ച സിപിഐ 0.35 ശതമാനം (68719 ) വോട്ടുകളും നേടി. 35 സീറ്റുകളിൽ മത്സരിച്ച ഫോർവേഡ് ബ്ലോക്കിന് നാലിടത്ത് മൂന്നാം സ്ഥാനത്തെത്താനായി. കോൺഗ്രസോ ബിആർഎസോ ജയിച്ച ഈ മണ്ഡലങ്ങളിൽ ബിജെപിയും ഫോർവേഡ് ബ്ലോക്കിന് പിന്നിലായി.
കഴിഞ്ഞ നിയമസഭയിൽ രണ്ട് അംഗങ്ങളുണ്ടായിരുന്ന രാജസ്ഥാനിലും ഇക്കുറി സമ്പൂർണ്ണ പരാജയമാണ് സിപിഎം ഏറ്റുവാങ്ങിയത്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ പല മണ്ഡലങ്ങളിലും ലീഡ് നേടാൻ പാർട്ടി സ്ഥാനാർത്ഥികൾക്കായെങ്കിലും തുടർന്ന് മുന്നേറ്റം നിലനിലനിർത്താൻ കഴിഞ്ഞില്ല. കോൺഗ്രസുമായി സഖ്യ സാധ്യത ഇല്ലാതായതോടെ സംസ്ഥാനത്ത് 17 മണ്ഡലങ്ങളിലാണ് സിപി.എം സ്ഥാനാർഥികൾ മത്സരിച്ചത്. സിറ്റിംഗ് സീറ്റുകളായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രയിൽ ബൻവൻ പുനിയയും ബിക്കാനിറിലെ ദുംഗർഗഡിൽ ഗിർദരിലാൽ മഹിയയും പരാജയം രുചിച്ചു. ഭദ്രയിൽ ബൻവൻ പുനിയയും ദോഡിൽ പേമ റാമും രണ്ടാം സ്ഥാനത്ത് എത്തിയതാണ് ഈ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ മികച്ച പ്രകടനം. 2018ൽ രണ്ടിടത്ത് വിജയിക്കാനും രണ്ടിടത്ത് രണ്ടാംസ്ഥാനത്ത് എത്താനും സിപിഎമ്മിന് കഴിഞ്ഞിരുന്നു. അഞ്ചിടത്ത് 45000 ന് മുകളിൽ വോട്ടുകൾ നേടാനും പാർട്ടിക്കായിരുന്നു.
ഛത്തീസ്‌ഗഡില്‍ 16 സീറ്റുകളിൽ സിപിഎമ്മും 3 സീറ്റിൽ സിപിഐയും സഖ്യമായിട്ടാണ് മത്സരിച്ചതെങ്കിലും നേട്ടമുണ്ടാക്കാൻ ഇരുപാർട്ടികൾക്കുമായില്ല. കൊണ്ട മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിക്ക് രണ്ടാം സ്ഥാനത്ത് എത്താനായതാണ് ഇടതുമുന്നണിയുടെ ഏക ആശ്വാസം. കോൺഗ്രസിൻ്റെ ക്വാസി ലക്ഷ്മയാണ് ഇവിടെ വിജയിച്ചത്. നാല് സീറ്റുകളിലാണ് മധ്യപ്രദേശില്‍ സിപിഎം മത്സരിച്ചത്. ഇവിടെയും പാർട്ടി വീണ്ടും അപ്രസക്തമായി മാറി. ഫലം പ്രഖ്യാപിക്കാനുള്ള മിസോറാമിൽ പാർട്ടിക്ക് പറയത്തക്ക സ്വാധീനവുമില്ല. 2003 ൽ മാത്രമാണ് സംസ്ഥാനത്ത് സിപിഐ പേരിനെങ്കിലും നാല് സീറ്റിൽ മത്സരിച്ചത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടിയാണ് സിപിഐ. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയതിനാൽ തെലങ്കാനയിൽ ഒരു സീറ്റ് നേടാൻ സിപിഐക്ക് കഴിഞ്ഞപ്പോൾ അഞ്ചിടങ്ങളിലും ഒറ്റയ്ക്ക് പോരാട്ടത്തിനിറങ്ങിയ സിപിഎം തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ചിത്രത്തിൽ നിന്നും പുറത്തു പോവുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here