മത്സരിക്കാൻ മൂന്ന് ജില്ലാ സെക്രട്ടറിമാർ; പകരം നിയമനം ഉണ്ടാകുമോ, തോറ്റാൽ സ്ഥാനം തിരികെ കിട്ടുമോ; കണ്ണൂരിലെ പിജെയുടെ അനുഭവം ആവർത്തിക്കുമോ എന്നത് സിപിഎമ്മിൽ നിർണായകം
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മൂന്ന് ജില്ലാ സെക്രട്ടറിമാർ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ എല്ലാ കണ്ണുകളും പിണറായി വിജയനിലേക്ക്. മത്സരത്തിന് ഇറങ്ങുന്നവർക്ക് ഇപ്പോൾ വഹിക്കുന്ന സ്ഥാനം നഷ്ട്ടപ്പെടുമോ, അതോ തിരഞ്ഞെടുപ്പിൽ തോറ്റാൽ അത് തിരികെ കിട്ടുമോ എന്നതാണ് ഉയരുന്ന പ്രസക്തമായ ചോദ്യം. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ മത്സരിപ്പിക്കാനാണ് തീരുമാനം. വര്‍ക്കല എംഎൽഎയാണ് ജോയി. കണ്ണൂരില്‍ ജില്ലാസെക്രട്ടറി എം.വി.ജയരാജന്റെ പേരാണുള്ളത്. കാസര്‍കോട് സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനെയും നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ജില്ലകളിലെ പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് മാറ്റമുണ്ടാകുമോ, അഞ്ചു കൊല്ലം മുമ്പത്തെ ‘ഇരട്ടത്താപ്പ്’ ആവർത്തിക്കുമോ എന്നതാണ് അറിയേണ്ടത്. പിണറായിയുടെ മനസ് ആണ് ഇതിൽ പ്രധാനം.
അഞ്ചു കൊല്ലം മുമ്പ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി വടകരയില്‍ മത്സരിക്കാൻ പി. ജയരാജനെ പാർട്ടി നിയോഗിച്ചത്. ജയിക്കാന്‍ വേണ്ടിയാണ് തുറുപ്പു ചീട്ടിനെ ഇറക്കിയതെന്ന് പാര്‍ട്ടി വിശദീകരിച്ചു. എന്നാല്‍ കെ.മുരളീധരനോട് തോറ്റു. ഇത് എല്ലാ അര്‍ത്ഥത്തിലും പിജെ എന്ന് അണികള്‍ വിളിക്കുന്ന ജയരാജന് തിരിച്ചടിയായി. എംപിയായതുമില്ല ജില്ലാ സെക്രട്ടറി സ്ഥാനം പോവുകയും ചെയ്തു. ജയരാജന്‍ സ്ഥാനാര്‍ത്ഥിയായതോടെ തന്നെ കണ്ണൂര്‍ ജില്ലയില്‍ സിപിഎം പുതിയ സെക്രട്ടറിയായി എം.വി.ജയരാജനെ നിശ്ചയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിജെ തോറ്റ ശേഷവും എംവി സെക്രട്ടറിയായി തുടര്‍ന്നു. ഇതോടെ ചെന്താരകമെന്ന് അണികള്‍ വിളിക്കുന്ന പിജെ കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. എന്നാല്‍ കോട്ടയത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച വി.എൻ.വാസവൻ തോറ്റെങ്കിലും സെക്രട്ടറി സ്ഥാനം പോയില്ല.
ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സമയത്ത് കോട്ടയത്തെ സെക്രട്ടറിയുടെ ചുമതല വാസവന്‍ താല്‍കാലികമായി ഒഴിഞ്ഞു. തോറ്റ ശേഷം വീണ്ടു പാര്‍ട്ടി കസേരയില്‍ എത്തി. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയായി. പാര്‍ട്ടി സെക്രട്ടറിയേറ്റിലുമെത്തി. അതായത് കോട്ടയത്ത് തോറ്റ വാസവന്‍ എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ കരുത്തനായി. എന്നാല്‍ പിജെയ്ക്ക് നേരിട്ടത് സ്ഥാന നഷ്ടവും. സെക്രട്ടറിയേറ്റിലും കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ പിജെയെ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചകളില്‍ എത്തുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മനസ്സാകും നിര്‍ണ്ണായകം.
തിരുവനന്തപുരത്ത് രണ്ട് പക്ഷങ്ങള്‍ സിപിഎമ്മില്‍ സീജവമാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആനാവൂര്‍ നാഗപ്പന്‍ കരുത്തനാണ്. ജില്ലാ സെക്രട്ടറി ജോയിയുള്ളത് മറുപക്ഷത്തും. പല വിഷയങ്ങളിലും പാര്‍ട്ടിക്ക് വേണ്ടി ക്രിയാത്മ ഇടപെടല്‍ ജോയി നടത്തി. സെക്രട്ടറി സ്ഥാനത്ത് നിന്നും ജോയിയെ മാറ്റുന്നതിനെ ജില്ലയിലെ വലിയൊരു വിഭാഗം അനുകൂലിക്കുന്നില്ല. എന്നാല്‍ ജോയിയെ മാറ്റാന്‍ വേണ്ടിയാണ് മത്സരിപ്പിക്കുന്നതെന്ന വാദവും ശക്തമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നിര്‍ണ്ണായകമാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണ് ജോയി സെക്രട്ടറിയാകുന്നത്. അതും ആനാവൂര്‍ സെക്രട്ടറിയേറ്റ് അംഗമായതിനാല്‍. ഈ പരിഗണനയില്‍ ജോയിയെ തുടരാന്‍ അനുവദിച്ചേക്കും.
എന്നാല്‍ കണ്ണൂരില്‍ എന്താകും സംഭവിക്കുക എന്നും ആര്‍ക്കും അറിയില്ല. പിജെയെ മാറ്റിയവര്‍ എവിയെ തുടരാന്‍ അനുവദിച്ചാല്‍ അത് പ്രശ്‌നമാകും. കണ്ണൂരില്‍ ഇ.പി.ജയരാജന്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്. കണ്ണൂരിലെ തീരുമാനം കാസര്‍കോട്ടും പ്രതിഫലിക്കും. രണ്ടിടത്തും പിണറായിയുടെ മനസ്സാകും നിര്‍ണ്ണായകം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here