മദനിയെ ഗാന്ധിജിയോട് ഉപമിച്ച് ഇഎംഎസ്!! പ്രതിയാക്കി നായനാർ, വീണ്ടും വെളുപ്പിച്ച് പിണറായി; രണ്ട് അറസ്റ്റും ഇടത് ഭരണത്തിലെന്ന വൈരുധ്യവും
സംസ്ഥാനത്തെ മുസ്ലീം രാഷ്ടീയ സ്വാധീനത്തെക്കുറിച്ചും അവരുമായി രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കിയ കൂട്ടുകെട്ടുകളെക്കുറിച്ചും സിപിഎം നേതാവ് പി ജയരാജൻ എഴുതിയ പുസ്തകത്തിന്മേൽ പല തലങ്ങളിൽ ചർച്ചകൾ സജീവമാകുകയാണ്. പിഡിപി നേതാവ് അബ്ദുൽ നാസർ മദനി തീവ്രവാദം വളർത്തിയ ആളാണെന്നും വൈകാരിക പ്രസംഗത്തിലൂടെ യുവാക്കളെ അതിലേക്ക് ആകർഷിച്ചെന്നും ഉള്ള ജയരാജൻ്റെ നിരിക്ഷണങ്ങൾ അടങ്ങിയ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. ‘കേരളം: മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കത്തോട് തനിക്ക് പൂർണ യോജിപ്പില്ലെന്ന് ഇതേ വേദിയിൽ പിണറായി പറഞ്ഞുവയ്ക്കുകയും ചെയ്തു.
പുസ്തകത്തിനെതിരെ പിഡിപി കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പുകളിൽ പിഡിപിയുമായി രാഷ്ട്രീയ സഖ്യമുണ്ടായിരുന്ന സിപിഎം ഇപ്പോൾ അവരിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നതിലെ ഇരട്ടത്താപ്പ് പ്രതിപക്ഷ കക്ഷികൾ പൊളിച്ചു കാണിക്കുന്നുമുണ്ട്. എന്നാൽ പിണറായിയാകട്ടെ, മുൻപ് മദനിയുമായും പിഡിപിയുമായും കൈകോർത്ത തൻ്റെ നിലപാടിൽ വ്യത്യാസം ഇല്ലെന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
സിപിഎമ്മിൻ്റെ താത്വികാചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാടാണ് അബ്ദുൽ നാസർ മദനിക്ക് കേരള രാഷ്ട്രീയത്തിൽ ആദ്യമായി സ്വീകാര്യത ഉണ്ടാക്കി കൊടുത്തത്. മുപ്പത് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1994 ജൂലൈ 4ന് ദേശാഭിമാനിയിൽ എഴുതിയ പ്രതിവാര രാഷ്ടീയ കുറിപ്പുകൾ എന്ന പംക്തിയിൽ ‘മതമൗലികത രണ്ടു തരം’ എന്ന ലേഖനം വലിയ കോളിളക്കമുണ്ടാക്കി. സുലൈമാൻ സേട്ട്, അബ്ദുൽ നാസർ മദനി എന്നിവരുമായി മഹാത്മാഗാന്ധിയെ താരതമ്യം ചെയ്തു കൊണ്ടായിരുന്നു ഇ എം എസിൻ്റെ ലേഖനം.
“മതമൗലികതയുടെ കാര്യത്തിൽ സേട്ടും മദനിയും ശിഹാബ് തങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല. ദേശീയ പ്രസ്ഥാനത്തിലെ സമുന്നത നേതാക്കളായിരുന്നു സ്വയം ഹിന്ദുക്കളായ തിലകനും മഹാത്മാ ഗാന്ധിയും. അതുപോലെ മുസ്ലീം നേതാക്കന്മാരിൽ നിന്ന് അബ്ദുൽ കലാം ആസാദ്, അബ്ദുൽ ഗാഫർ ഖാൻ മുതലായവരും ഉണ്ടായിരുന്നു. അവരെല്ലാം മതമൗലിക വാദികളായിരുന്നു” ഇഎംഎസിൻ്റെ ഈ പ്രസ്താവനക്കെതിരെ ദേശവ്യാപകമായ പ്രതിഷേധമുണ്ടായി. ഇന്നിപ്പോൾ പിഡിപി പ്രവർത്തകർ ഇഎംഎസിൻ്റെ ഈ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് പി ജയരാജൻ്റെ പുസ്തകത്തിലെ പരാമർശത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.
വർഗീയ കക്ഷികളുമായുള്ള ധാരണ സംബന്ധിച്ച് ഇഎംഎസ് സ്വീകരിച്ച നിലപാടിനെ തള്ളിപ്പറയുകയും, അതിന് ഘടകവിരുദ്ധമായ നിലപാട് സ്വീകരിക്കുകയുമാണ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജിത് ഈ ഘട്ടത്തിൽ ചെയ്തത്. മതമൗലികവാദത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കാനും തുല്യതപ്പെടുത്താനും ശ്രമിക്കുന്നത് ആപത്താണെന്നും സുർജിത് മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയ നേതാക്കളായ ഗാന്ധിജിയെയും മറ്റുള്ളവരെയും സേട്ട്, മദനി എന്നിവരുമായി താരതമ്യപ്പെടുത്തുന്നത് സിപിഎമ്മിനെ ദേശീയ മുഖ്യധാരയിൽ നിന്ന് എടുത്തെറിയപ്പെടാൻ ഇടയാക്കുമെന്ന് ഇഎംഎസിന് മറുപടിയായി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സുർജിത്ത് വ്യക്തമാക്കിയിരുന്നു.
കേരള രാഷ്ട്രീയത്തിൽ മദനിക്കും അദ്ദേഹത്തിൻ്റെ പാർട്ടിയായ പിഡിപിക്കും രാഷ്ട്രീയ മാന്യത ചാർത്തുന്നതിൽ ഇഎംഎസിൻ്റെ ലേഖനം ഇടയാക്കി. കോൺഗ്രസിന് പാണക്കാട് ശിഹാബ് തങ്ങളുടെ ലീഗുമായി സഖ്യം ചേരാമെങ്കിൽ സേട്ടിൻ്റേയും മദനിയുടേയും പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു ഇ എം എസിൻ്റെ നിലപാട്. അക്കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇകെ നായനാരും ഗാന്ധിജി മതമൗലികവാദി തന്നെയാണെന്ന് ആവർത്തിച്ചിരുന്നു.
ഗാന്ധിജിയെ മതമൗലികവാദിയായി ചിത്രീകരിച്ചു കൊണ്ട് ഇഎംഎസ് എഴുതിയ ലേഖനത്തെച്ചൊല്ലി നിയമസഭയിലും വലിയ കോളിളക്കമുണ്ടായി. ഈ വിഷയത്തെക്കുറിച്ച് കോൺഗ്രസിലെ കെ.ബാബു അവതരിപ്പിച്ച സബ്മിഷനെതിരെ സിപിഎം അംഗങ്ങൾ നിയമസഭയ്ക്കുള്ളിൽ ബഹളവും കുത്തിയിരിപ്പും നടത്തി. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രി കെ.കരുണാകരൻ നടത്തിയ പ്രസംഗം അത്യന്തം വികാരഭരിതവും ശ്രദ്ധേയവുമായിരുന്നു.
“ഈ രാജ്യത്തിലെ ദരിദ്രൻമാരെ രക്ഷിക്കാൻ തൻ്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച, മതമൗലികവാദികളെ നേരിടാൻ വേണ്ടി, മതമൗലികവാദികൾക്ക് എതിരായി താൻ നടത്തിയ സമരത്തിൻ്റെ ഫലമായി മതമൗലികവാദികളാൽ വെടിവെച്ച് കൊല്ലപ്പെട്ട മഹാത്മജിയെ മതമൗലികവാദിയെന്ന് പറഞ്ഞത് എന്തോ പിശക് പറ്റിയെന്നല്ലാതെ മറ്റൊന്നും ഞാൻ വിചാരിക്കുന്നില്ല. ഏതായാലും ശരി, ആ പ്രസ്താവന നിർഭാഗ്യകരമായിപ്പോയി. മനുഷ്യത്വത്തിന് ചേർന്നതല്ല. അത് അദ്ദേഹത്തിൻ്റെ പ്രശസ്തി എന്നേയ്ക്കുമായി കളങ്കപ്പെടുത്തിയിരിക്കുന്നു. അതിൽ കൂടുതലൊന്നും പറയാനില്ല.” ഇഎംഎസിൻ്റെ പ്രസ്താവനക്കെതിരെ സിപിഐയും ജനയുഗവും പരസ്യമായി രംഗത്ത് വന്നിരുന്നു.
1993ലെ ഒറ്റപ്പാലം ലോകസഭാ ഉപതിരഞ്ഞെടുപ്പ് മുതൽ 1996ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ പി ഡിപിയുടെ കലവറയില്ലാത്ത പിന്തുണ സി പി എമ്മിന് ലഭിച്ചിരുന്നു. എന്നാൽ 1998 ഫെബ്രുവരിയിലാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ അബ്ദുൽ നാസർ മദനി അറസ്റ്റിലാകുന്നത്. തമിഴ്നാട് പോലീസിന് മദനിയെ തന്ത്രപരമായി പിടിച്ചു കൊടുത്തു എന്നാണ് അക്കാലത്ത് മുഖ്യമന്ത്രി ഇകെ നായനാർ പ്രസംഗിച്ചിരുന്നത്. മദനിയെ പിടികൂടി തമിഴ്നാടിന് കൊടുത്തത് സർക്കാരിൻ്റെ ഭരണനേട്ടമായി ഇടത് സർക്കാർ കൊട്ടിഘോഷിച്ചു. നായനാർ സർക്കാർ നാല് വർഷം തികച്ചതിന് പിന്നാലെ 1999ൽ സർക്കാർ പുറത്തിറക്കിയ ഭരണ നേട്ടങ്ങളടങ്ങിയ പുസ്തകത്തിലെ പരാമർശം ഇങ്ങനെയായിരുന്നു.
“കോയമ്പത്തൂരിൽ ഉണ്ടായ സ്ഫോടനവും തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മദനി ഉൾപ്പടെയുള്ള പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി. സംസ്ഥാന പോലീസിൻ്റെ അവസരോചിതവും തന്ത്രപരവുമായ നീക്കങ്ങളിലൂടെ സംഘർഷങ്ങളുടേയും കലാപങ്ങളുടേയും സാഹചര്യങ്ങൾ മുളയിലേ നുള്ളിക്കളയാൻ കഴിഞ്ഞു എന്നത് ചാരിതാർഥ്യജനകമാണ്”. ഇങ്ങനെ മദനിയുടെ അറസ്റ്റ് ഭരണനേട്ടമായിട്ടാണ് ഇടത് സർക്കാർ രേഖപ്പെടുത്തിയത്.
ഇതേ മദനിയെ 2009ൽ സിപിഎം വീണ്ടും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചതും കേരളം കണ്ടു. പൊന്നാനി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വന്ന മദനിയെ സിപിഎം സെക്രട്ടറി പിണറായി വിജയൻ എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി തരാതരം പോലെ മദനിയെ ഉപയോഗിക്കുകയും പിന്നീട് വലിച്ചെറിയുകയും ചെയ്തതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ജയരാജൻ്റെ പുതിയ പുസ്തകവും അതേക്കുറിച്ചുള്ള വിവാദങ്ങളും. അതുകൊണ്ട് തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പു കാലത്ത് മദനി വീണ്ടും ചർച്ചാ വിഷയമാകുന്നതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here