കട്ടച്ചിറ സഹോദരങ്ങള്‍ക്ക് സിപിഎം മർദ്ദനം; സിസിടിവി വയ്ക്കുന്നത് തടഞ്ഞ് കുടുംബത്തെ മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
ചേർത്തല: കട്ടച്ചിറയില്‍ സഹോദരങ്ങള്‍ അടങ്ങിയ കുടുംബത്തിന്റെ നേര്‍ക്ക് വീണ്ടും സിപിഎം അതിക്രമം. മുൻപ് പ്രശ്നം ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ ഇവിടെ സിസിടിവി ക്യാമറ വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച രാത്രിയിലാണ് രണ്ടാമത് അക്രമം നടന്നത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് കട്ടച്ചിറയിലാണ് സംഭവം. വീട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് പ്രശ്നങ്ങള്‍ ഒഴിവാക്കിയത്.
സിപിഎം ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വെളിയില്‍ വന്നു. രണ്ടാഴ്ച മുന്‍പാണ് പ്രാദേശിക നേതാക്കള്‍ അടങ്ങിയ സംഘം ഇവരുടെ ഭൂമിയിൽഅതിക്രമിച്ച് കയറി പിന്നിലുള്ള സ്ഥലത്തേക്ക് വഴിവെട്ടിയത്. ഇത് തടയാൻ ശ്രമിക്കുമ്പോഴാണ് അറുപതിനോടടുത്ത സഹോദരങ്ങളെ വാളുകൊണ്ട് വെട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണവും.
രാത്രി ഒമ്പതരയോടെ ഒരു സംഘം സ്ഥലത്തേക്ക് എത്തുന്നതും സിസിടിവി സ്ഥാപിക്കുന്നത് തടയുന്നതും തുടര്‍ന്ന് സംഘര്‍ഷവും പോര്‍വിളിയും നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തെ തുടര്‍ന്ന് ചേന്നോത്ത് തോമസ് സി.വർഗീസ് പോലീസില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തേയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഏണി ദേഹത്തേക്ക് വലിച്ചെറിഞ്ഞെന്നുമാണ് പരാതിയിലുള്ളത്.
ഇവരുടെ വീടിന് പിറകില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടിയാണ് സിപിഎം നേതാക്കള്‍ വഴിവെട്ടിയത്. ഈ വീട്ടുകാര്‍ക്ക് സഞ്ചരിക്കാന്‍ വേറെ വഴിയുണ്ടെന്നും സിപിഎം ഗുണ്ടായിസം കാട്ടുകയാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. രണ്ടാഴ്ച മുൻപത്തെ ആക്രമണത്തിൽ തോമസ്.സി.വര്‍ഗീസിനെ സിപിഎം സംഘം വാളുകൊണ്ടു വെട്ടിയിരുന്നു. ഒപ്പമുണ്ടായിരുന്ന ജോസഫ് സി.വര്‍ഗീസിന് കല്ലുകൊണ്ടുള്ള ആക്രമണവും നേരിടേണ്ടി വന്നു. അന്നത്തെ സംഭവത്തിൽ പോലീസ് കേസെടുത്തത് നിലനിൽക്കെയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്.
സിപിഎം നേതാക്കള്‍ തന്നെയാണ് ഇക്കുറിയും മര്‍ദ്ദിക്കാന്‍ എത്തിയത്-തോമസ്.സി.വര്‍ഗീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “12 പേരുള്ള സംഘമാണ് വന്നത്. കഴിഞ്ഞ തവണ എന്നെ വെട്ടിയ സിപിഎമ്മുകാരനും സംഘത്തിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് വീട്ടിലേക്ക് കയറാന്‍ കഴിയാത്ത രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്”-തോമസ് പറയുന്നു.
കഴിഞ്ഞ തവണ ആക്രമണം ഉണ്ടായപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. സിപിഎമ്മുകാർ ഉള്‍പ്പെട്ട കേസായതിനാല്‍ ആര്‍ക്കുമെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് ആരോപണം. അത് ശരിവയ്ക്കുംവിധമായിരുന്നു ചേർത്തല പോലീസിൻ്റെ പ്രതികരണം. തോമസ്.സി.വര്‍ഗീസിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ലെന്ന് ചേര്‍ത്തല എസ്ഐ അനില്‍കുമാര്‍ കെ.പി. മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പോലീസ് എത്തി പ്രശ്നങ്ങള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. മുന്‍പ് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പക്ഷെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല; എസ്ഐ തുറന്നുപറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here