സര്‍ക്കാര്‍ ജോലി വേണ്ടപ്പെട്ടവരുടെ മക്കള്‍ക്ക് അട്ടിപ്പേറവകാശം നല്‍കുന്ന പിണറായിക്കാലം; മറ്റൊരു സിപിഎം എംഎല്‍എയുടെ മകനും ആശ്രിത നിയമനം

കോടതികള്‍ വഴി തിരിച്ചടി കിട്ടിയിട്ടും എംഎല്‍എ മാരുടെ മക്കള്‍ക്ക് ആശ്രിത നിയമനം വഴി ജോലി നല്കുന്നത് പിണറായി സര്‍ക്കാര്‍ പതിവാക്കിയിരിക്കയാണ്. ചെങ്ങന്നൂര്‍ എംഎല്‍ എ ആയിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ആശ്രിത നിയമനം നല്കിയത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ നിയമനത്തിന്റെ ചുവട് പിടിച്ച് സിപിഎം നേതാവും കോങ്ങാട് എംഎല്‍എയുമായിരുന്ന കെവി വിജയദാസിന്റെ മകന്‍ കെവി സന്ദീപിന് ഓഡിറ്റ് വകുപ്പില്‍ എന്‍ട്രി തസ്തികയായ ഓഡിറ്ററായി 2021 ജൂലൈയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആര്‍ പ്രശാന്തിന് നിയമനം നല്‍കിയത് 2018 ജനുവരിയിലായിരുന്നു.സന്ദീപിന് ജോലി ലഭിക്കാന്‍ മതിയായ യോഗ്യതയും വകുപ്പില്‍ തസ്തിക ഒഴിവും ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

എംഎല്‍എമാരുടെ മക്കള്‍ക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ സന്ദീപിന്റെ ജോലിയും തുലാസിലായി. 2011 ലും 2016 ലും കോങ്ങാട് നിന്ന് വിജയിച്ച കെ വി വിജയദാസ് കോവിഡ് ബാധിച്ച് 2021 ജനു 28ന് തൃശുര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണമടഞ്ഞത്.

പതിന്നാലാം കേരള നിയമസഭയില്‍ ( 2016- 21 ) ഏഴ് പേരാണ് എംഎല്‍എമാരായിരിക്കെ അന്തരിച്ചത്. കെ.കെ രാമചന്ദ്രന്‍ നായര്‍, പിബി അബ്ദുള്‍റസാഖ്, കെഎം മാണി, തോമസ് ചാണ്ടി, വിജയന്‍ പിള്ള, സിഎഫ് തോമസ്, കെവി വിജയദാസ് എന്നിവരായിരുന്നു നിയമസഭാ കാലത്ത് വിടപറഞ്ഞ സാമാജികര്‍. ഇതില്‍ സിപിഎം അംഗങ്ങളായ കെകെ രാമചന്ദ്രന്‍ നായരുടേയും വിജയദാസിന്റേയും മക്കള്‍ക്കാണ് നിയമ വിരുദ്ധമായി ആശ്രിത നിയമനം നല്‍കിയത്. സന്ദീപിന്റെ നിയമനത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ സന്ദീപിന്റെ നിയമനവും കോടതി കയറാന്‍ സാധ്യതയുണ്ട്.

രാമചന്ദ്രന്‍ നായരുടെ മകന്റെ നിയമനത്തിനെതിരെ പാലക്കാട് സ്വദേശിയായ എം അശോക് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. എംഎല്‍എമാരുടെ മക്കളുടെ ആശ്രിത നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് വരെ ആശ്രിത നിയമനം നല്‍കേണ്ടി വരും. ഇതു യോഗ്യരായ വിദ്യാര്‍ഥികളോടുള്ള അവകാശലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു. ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്. ഹൈക്കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയും.

ഒരു മുന്‍ എംഎല്‍എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്. പ്രശാന്തിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

രാഷ്ടീയ നേതാക്കളുടേയും എംഎല്‍എമാരുടേയും മന്ത്രിമാരുടേയും ബന്ധുക്കള്‍ക്കും മക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം കിട്ടാവുന്ന ജോലികളൊക്കെ തരം പോലെ തരപ്പെടുത്തുന്ന പതിവും പിണറായി ഭരണകാലത്തുണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സഹോദരി അഡ്വ. വിദ്യാ കുര്യാക്കോസിന് ഗവ. പ്ലീഡറായാണ് നിയമനം. സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയിയെ സീനിയര്‍ ഗവ. പ്ലീഡറായി നിയമിച്ചു. നിലവിലുണ്ടായിരുന്ന ചില പ്ലീഡര്‍മാരെ ഒഴിവാക്കിയപ്പോള്‍, മറ്റു ചിലരെ നിലനിര്‍ത്തി. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ ഭാര്യ സോണിയും പ്ലീഡര്‍മാരുടെ പട്ടികയിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top