സിപിഎമ്മും ബിജെപിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘം; വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ്

എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചെന്ന ആരോപണം ഉന്നയിച്ചത് പലതവണ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇടനിലക്കാരന്റെ പേരും പോയ വാഹനവും ഉള്‍പ്പെടെ എല്ലാം ഉറപ്പു വരുത്തി നൂറു ശതമാനം ബോധ്യത്തോടെയാണ് ആരോപണം ഉന്നയിച്ചത്. സിപിഎം ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. എഡിജിപി സ്വന്തം ഇഷ്ടപ്രകാരം കണ്ടെന്നാണ് സിപിഎം ന്യായീകരിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വ്യക്തിപരമായ കാര്യത്തിനല്ല മുഖ്യമന്ത്രിയുടെ രാഷ്ട്രീയദൂതുമായാണ് പോയതെന്ന് വ്യക്തമായതായും സതീശന്‍ പ്രതികരിച്ചു.

സിപിഎമ്മിന്റെയും ബിജെപിയുടെയും യഥാര്‍ത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. സിപിഎം പറയന്ന മതേതരത്വത്തില്‍ ഒരു കാര്യവുമില്ലെന്ന് വ്യക്തമായി. ന്യൂനപക്ഷ അവകാശങ്ങള്‍ പാടില്ലെന്നും അതില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട ആര്‍എസ്എസ് നേതാവാണ് ദത്താത്രേയ ഹൊസബല. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്റെ ദൂതനായി എഡിജിപിയെ വിട്ടത്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബിജെപിക്കുണ്ടായ അട്ടിമറി വിജയം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ബിജെപിയെ പ്രീണിപ്പിക്കുന്നത്. പരസ്പരം പുറംചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രി ഇതിന് മുന്‍പും കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. സിപിഎം നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളാത്തതു കൊണ്ടാണ് ആര്‍എസ്എസ് നേതാവിനെ കാണാന്‍ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top