ബിജെപി-സിപിഎം പരസ്പര സഹായത്തിലൂടെ കേസുകള്‍ ഒതുക്കുന്നു; കൊടകര കുഴല്‍പ്പണക്കേസ് 3 വര്‍ഷമായി ഒതുക്കിയതും പിണറായി സര്‍ക്കാര്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപി നേതാക്കള്‍ 41 കോടി രൂപയുടെ കുഴല്‍പ്പണം ഇറക്കിയെന്ന വിവരം സിപിഎമ്മിനും സര്‍ക്കാരിനും അറിവുണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യക്തമാവുകയാണ്. കൊടകര കുഴല്‍പ്പണക്കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പോലീസിന്റെ പക്കല്‍ നിന്ന് ലഭിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള മൗനവും ഉദാസീനതയും ബിജെപി നേതാക്കളെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നുവെന്ന് വ്യക്തം.

കുഴല്‍പ്പണം കൊണ്ടുവന്ന ധര്‍മ്മരാജന്‍ 2021 ജൂണ്‍ 9ന് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പണം എവിടെ നിന്ന് കൊണ്ടുവന്നു ഏതെല്ലാം ബിജെപി നേതാക്കള്‍ക്ക് വിതരണം ചെയ്തുവെന്നതിന്റെ വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. ഇത്രയും വിവരങ്ങള്‍ കൈവശമിരുന്നിട്ടും ബിജെപി നേതാക്കളെ തൊടാതെ വിട്ടതില്‍ നിന്നുതന്നെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി വ്യക്തമാണ്. കുഴല്‍പ്പണക്കടത്ത് ഏജന്റ് ധര്‍മ്മരാജന്റെ മൊഴി ഞെട്ടിക്കുന്നതാണെന്ന് ദേശാഭിമാനി ഒന്നാം പേജില്‍ പറയുമ്പോഴും, പാര്‍ട്ടി നേതാക്കള്‍ക്കോ ആഭ്യന്തരമന്ത്രിക്കോ ഞെട്ടല്‍ ഉണ്ടാവാനിടയില്ല. എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്നു എന്നതാണ് സത്യം. ഈ മൗനത്തിന് പ്രത്യുപകാരമായി സിപിഎം നേതാക്കള്‍ പ്രതികളായ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) അന്വേഷണം ഐസ് പെട്ടിയിലാക്കി. കേന്ദ്രവും കേരളവും ഭരിക്കുന്ന രണ്ടു സര്‍ക്കാരുകള്‍ കേസുകള്‍ ഒതുക്കുന്ന കാര്യത്തില്‍ പരസ്പര സഹായ സംഘങ്ങളായി പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാനുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കും കരിണല്‍ കമ്പനിയായാ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് 2021 ജനുവരി മുതല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനും ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന എസ്എഫ്‌ഐഒക്കും അറിവുണ്ടായിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് തന്നെ ഇതുസംബന്ധിച്ച് എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയിരുന്നെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എക്‌സാലോജിക്കിനെക്കുറിച്ച് എസ്എഫ്‌ഐഒ അന്വേഷണം എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കും എന്നായിരുന്നു കേരള ഹൈക്കോടതിയില്‍ എസ്എഫ്‌ഐഒ 2024 ജനുവരി 31 നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. 10 മാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അതിന്‍മേല്‍ നടപടി എടുക്കുന്നില്ല.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയായി. 2017 ഡിസംബര്‍ മുതല്‍ ഈ കേസ് 34 തവണ മാറ്റിവെച്ചു. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 11നാണ് അവസാനമായി സിബിഐ യുടെ ആവശ്യപ്രകാരം കേസ് മാറ്റിയത്. പിണറായി വിജയനെ കാത്ത് രക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരും സിബിഐയുമാണ് പ്രത്യക്ഷത്തില്‍ കാണുന്നത്.

സിപിഎം നേതാവ് ഇപി ജയരാജന്റെ ഭാര്യയും മകനും കണ്ണൂരില്‍ നടത്തിയിരുന്ന വൈദേകം റിസോര്‍ട്ടിനെതിരെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നികുതി വെട്ടിപ്പ് ആരോപിച്ച് റെയ്ഡ് നടത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഒടുവില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ട്‌സ് ലിമിറ്റഡ് വൈദേകം ഏറ്റെടുക്കുന്നു. അതോടെ എല്ലാ അന്വേഷണവും ആവിയായി. ബിജെപി- സിപിഎം കൂട്ടുകച്ചവടത്തിന് ഇതിലധികം എന്ത് തെളിവ് വേണം? സിപിഎമ്മുകാര്‍ക്ക് ആപത്ബാന്ധവനാണ് മോദിയും ബിജെപിയുമെന്ന കോണ്‍ഗ്രസ് ആക്ഷേപത്തിന് ആക്കം കൂട്ടുന്നതാണ് ഈ വ്യവസായ ബന്ധം. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് സദാ കൊട്ടിഘോഷിക്കുന്ന സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗത്തിന്റെ കുടുംബമാണ് ബിജെപി നേതാവിന്റെ കുടുംബവുമായി ചങ്ങാത്തമുണ്ടാക്കിയത്. ഇതില്‍ ഇരു പാര്‍ട്ടികളും തെറ്റ് കാണുന്നില്ല.

ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആത്മീയ നേതാവായ ശ്രീ എമ്മിന് യോഗ സെന്റര്‍ സ്ഥാപിക്കാന്‍ കോടികള്‍ വിലമതിക്കുന്ന നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 20 വര്‍ഷത്തേക്ക് ലീസിന് കൊടുത്തതും സിപിഎം- ബിജെപി ഡിലിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ശ്രീ എമ്മാണ് പിണറായിക്കു വേണ്ടിയുള്ള ശുപാര്‍ശകള്‍ കേന്ദ്രവുമായി നടത്തുന്നതെന്നാണ് കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുന്നത്.

സുരേഷ് ഗോപിയെ തൃശൂരില്‍ നിന്നുള്ള എംപി ആക്കാന്‍ പോലീസിനെ കൊണ്ട് പൂരം അലങ്കോലമാക്കിയെന്ന ഗുരുതരമായ ആക്ഷേപം അന്തരീക്ഷത്തില്‍ സജീവമാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കകളുമായി കൂടിക്കാഴ്ച നടത്തിയതും ഡീലിന്റെ ഭാഗമാണെന്ന ആക്ഷേപത്തിന് തൃപ്തികരമായ മറുപടി പറയാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

2013ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ സ്‌കില്‍ ഡവലപ്പ്‌മെന്റിനെ കുറിച്ച് പഠിക്കാന്‍ ഗുജറാത്തില്‍ എത്തിയപ്പോള്‍ മോദിയെ സന്ദര്‍ശിച്ചതിനെ സിപിഎമ്മും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി വിപി ജോയിയെ 2022 ഏപ്രിലില്‍ പറഞ്ഞു വിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മോദിയുടെ ഭരണക്രമത്തെക്കുറിച്ച് കേരളത്തിന് പഠിക്കേണ്ട ആവശ്യമില്ലെന്ന് വീമ്പിളക്കിയ സിപിഎം ഭരിക്കുമ്പോഴാണ് ചീഫ് സെക്രട്ടറിയെ ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പറഞ്ഞു വിട്ടതെന്ന വൈരുധ്യവും നിലനില്‍ക്കുന്നു.

ഈ വര്‍ഷം ജനുവരി 17ന് കൊല്‍ക്കത്തയിലെ ജ്യോതിബസു സെന്ററിന്റെ തറക്കല്ലിടാന്‍ പോകേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയതും പ്രതിപക്ഷം വിവാദമാക്കിയിരുന്നു. 23 കൊല്ലം ബംഗാള്‍ ഭരിച്ച ജ്യോതിബസുവിനേക്കാള്‍ പിണറായിക്ക് വലുത് മോദി തന്നെ എന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top