കൊടകര കുഴല്‍പ്പണക്കേസ് വീണു കിട്ടിയതോ സിപിഎം സൃഷ്ടിയോ? കഴിയുന്നത്ര ഉപയോഗപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍
ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതാണ് കൊടകര കുഴല്‍പ്പണക്കേസ്. കുഴല്‍പ്പണ ഇടപാട് നടത്തിയവരുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ സംസാരിച്ചതായുള്ള ഫോണ്‍ രേഖകള്‍ കൂടി പുറത്തു വന്നതോടെ ബിജെപി വലിയ പ്രതിരോധത്തിലായി. ഏറെ പാടുപെട്ടാണ് ഈ കേസില്‍ കടുത്ത നടപടിയുണ്ടാകാതെ ഒതുക്കി തീര്‍ത്തത്. ഇതിനായി സിപിഎമ്മുമായി വലിയ അഡജസ്റ്റ്‌മെന്റുകള്‍ ബിജെപിക്ക് നടത്തേണ്ടി വന്നു എന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്.
മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരായ കേന്ദ്രഏജന്‍സികളുടെ അന്വേഷണം നിലച്ചതും ഈ കേസുമായി ബന്ധപ്പെട്ട നീക്കുപോക്കിന്റെ ഭാഗമാണെന്നും ആരോപണം ഉണ്ട്. ഈ ചര്‍ച്ചകളെല്ലാം ഏറെക്കുറേ അവസാനിച്ചിരിക്കേയാണ് പൊടുന്നനെ ഈ വിഷയം വീണ്ടും ഉയര്‍ന്നത്. അന്നത്തെ ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന തിരൂര്‍ സതീശനാണ് ഈ കേസ് വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായത്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്ന പേരില്‍ കോടികള്‍ ബിജെപി ഓഫീസില്‍ എത്തിച്ചെന്നും ഈ സമയത്ത് കെ സുരേന്ദ്രന്‍ ഓഫീസിലുണ്ടായിരുന്നു എന്നുമാണ് സതീശ് വെളിപ്പെടുത്തിയത്. നേരത്തെ അന്വേഷണസംഘത്തിന് നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞ്് പഠിപ്പിച്ച മൊഴിയാണ്. ചാക്കു കെട്ടുകളിലാണ് പണം എത്തിച്ചത്. സത്യസന്ധമായ അന്വേഷണമാണെങ്കില്‍ സഹകരിക്കുമെന്നും സതീശന്‍ പറഞ്ഞു. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയം ഏറ്റെടുത്ത് ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി.
സിപിഎം ഇതൊരു അവസരമായി കണ്ട് അതിവേഗ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇന്ന് രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയ ശേഷം പുനരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകുയും ചെയ്തു. തിരൂര്‍ സതീശന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയെ സമീപിച്ച് പുനരന്വേഷണത്തിന് അപേക്ഷ നല്‍കാനാണ് തീരുമാനം.
എന്നാല്‍ എന്തുകൊണ്ട് ഈ സമയത്ത് തന്നെ കുഴല്‍പ്പണക്കേസ് ഉയര്‍ന്നു എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. മൂന്നിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഈ വിവാദം ഉയരുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനുളള തയാറെടുപ്പിലുമാണ്. ഈ സമയത്തെ പുതിയ വെളിപ്പെടുത്തലെല്ലാം സിപിഎം സൃഷ്ടിച്ചതാണെന്ന് ന്യായമായും സംശയിക്കാം. വെളിപ്പെടുത്തലുകള്‍ നടത്തിയ തിരൂർ സതീശനെ പാര്‍ട്ടിയില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് തന്നെ സാമ്പത്തിക തിരിമറിയുടെ പേരില്‍ പുറത്താക്കിയതാണെന്നതാണ് ബിജെപിയുടെ പ്രതിരോധം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here