മധുവിന്റെ ബിജെപി ബന്ധം നേരത്തെ അറിഞ്ഞെന്ന് പറഞ്ഞ് സിപിഎം പെട്ടു; അണികളെ ന്യായീകരണം ബോധിപ്പിക്കാനില്ലാതെ നേതൃത്വം

കമ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി (സിജെപി) എന്ന് സിപിഎമ്മുകാരെ ഈയടുത്ത കാലത്തായി കോണ്‍ഗ്രസുകാര്‍ കളിയാക്കി വിളിക്കാറുണ്ട്. സിപിഎം- ബിജെപി അന്തര്‍ധാര പരസ്യമാണെന്ന വ്യാഖ്യാനത്തിന്റെ ഭാഗമായിട്ടാണ് ഈ ‘സിജെപി’ വിളി. സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്ക് നേരത്തെ തന്നെ ബിജെപിയുമായി ധാരണയുണ്ടെന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് നടത്തിയ പ്രതികരണം ഇപ്പോള്‍ ഈ ആരോപണങ്ങളെ സജീവമാക്കുകയാണ്.

ഏഴ് വര്‍ഷത്തോളം ഏരിയാ സെക്രട്ടറിയായിരുന്ന മധു പണ്ടേ ഒരു കാല് ബിജെപിയില്‍ വെച്ചിരുന്നു എന്ന ജോയിയുടെ ഏറ്റുപറച്ചില്‍ സിപിഎം നേരിടുന്ന ജീര്‍ണതയുടെ നേര്‍കാഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നുണ്ട്. മധുവിന്റെ ബിജെപി ബാന്ധവത്തെക്കുറിച്ച് പാര്‍ട്ടിക്ക് നേരത്തെ അറിവുണ്ടായിരുന്നു എന്നാണ് ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയത്. വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധിയോ, ഒത്തുതീര്‍പ്പോ ഇല്ലെന്ന് എപ്പോഴും വിളിച്ചുപറയുന്ന സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിക്ക് ബിജെപിയുമായി അടുപ്പമുണ്ടായിരുന്നു എന്നറിഞ്ഞിട്ടും അനങ്ങാതിരുന്ന സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പു കൂടിയാണ് പുറത്തു വരുന്നത്.

ബിജെപിയുമായി ബന്ധമുണ്ടെന്ന് അറിയാമായിട്ടും അയാളെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നോക്കിയ നേതൃത്വമാണ് യഥാര്‍ത്ഥ വര്‍ ഗീയവാദികൾ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബിജെപിയുമായി ചങ്ങാത്തവും ഇടപാടുകളും ഉണ്ടെന്നറിഞ്ഞിട്ടും അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാത്ത സിപിഎം നേതൃത്വം ഇനി ന്യായീകരണം നിരത്തിയിട്ടെന്ത് കാര്യമെന്നാണ് അണികള്‍ ചോദിക്കുന്നത്. മധു മുല്ലശ്ശേരി ഏരിയാ സെക്രട്ടറിയുടെ കസേരയിലിരുന്ന് അരുതാത്തത് പലതും ചെയ്തു. ഇഷ്ടമുള്ള പോലീസുകാരെ ഉപയോഗിച്ച് സാമ്രാജ്യം കെട്ടിപ്പെടുത്തു, ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നടത്തിയെടുത്തു എന്നൊക്കെയാണ് ജില്ലാ സെക്രട്ടറിയുടെ പരിദേവനങ്ങള്‍.

മധു മുല്ലശ്ശേരി നടത്തിയ സകല കൊള്ളരുതായ്മകള്‍ക്കും ചൂട്ടുപിടിച്ച ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടുകൂടിയാണ് പുറത്തു വരുന്നത്. ബീക്കണ്‍ ലൈറ്റ് വെച്ച വാഹനത്തില്‍ സഞ്ചരിച്ചാണ് മധു മുല്ലശ്ശേരി അവിഹിത ഇടപാടുകൾ പലതും നടത്തിയതെന്ന് എംഎല്‍എ കൂടിയായ ജില്ലാ സെക്രട്ടറി ഏറ്റുപറയുമ്പോള്‍ സംസ്ഥാനത്തെ പോലീസ് സംവിധാനം ഇത്രകണ്ട് കുത്തഴിഞ്ഞ് കിടക്കുന്നോ എന്ന ചോദ്യവും ഉയരും.

സിപിഎം ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ തനിക്ക് നരേന്ദ്ര മോദിയുടെ വികസന നയങ്ങളോട് താൽപര്യം ഉണ്ടായിരുന്നു എന്നാണ് മധു പറഞ്ഞത്. 1977 ലെ ജനതാ സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്എസ് അംഗത്വവും ജനതാ പാര്‍ട്ടിയിലെ അംഗത്വവും തുടരുന്നതിനെ ചൊല്ലി അക്കാലത്ത് ഇരട്ട അംഗത്വ വിവാദം പൊട്ടി പുറപ്പെട്ടിരുന്നു. സമാന സ്ഥിതിയാണിപ്പോള്‍ സിപിഎമ്മിലും. പാര്‍ട്ടി അംഗങ്ങള്‍ ഒരു കാല് ബിജെപിയില്‍ വെച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് നേതൃത്വത്തിന് അറിവുണ്ടായിരുന്നു എന്നു പറയുന്നതിനെ ന്യായീകരിക്കാന്‍ സിപിഎം പാടുപെടും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top