‘ദോ, ദിതാണ് പാര്‍ട്ടി നിലപാട്, ആര്‍ക്കും കണ്‍ഫ്യൂഷന്‍ ഇല്ലല്ലോ’; ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത ഗതികേടില്‍ സിപിഎം സെക്രട്ടറി

സിപിഎം ഒരു നിലപാടിലേക്ക് എത്തിയാല്‍ അതില്‍ എതിരഭിപ്രായം നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് പതിവുള്ള കാര്യമല്ല. കൃത്യമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് നിലപാടിലേക്ക് എത്തുന്നത് എന്ന പാര്‍ട്ടി അവകാശവാദം തന്നെയാണ് ഇതിന് കാരണം. ഇതിന് കേഡര്‍ സംവിധാനം എന്ന വിശേഷണവും സിപിഎം ചാര്‍ത്തി കൊടുക്കാറുണ്ട്. എന്നാല്‍ സിപിഎം അവകാശപ്പെടുന്ന ഈ കേഡര്‍ സംവിധാനം അമ്പേ പാളിയെന്ന് വ്യക്തമാക്കുന്നതാണ് വര്‍ത്തമാന കാഴ്ചകള്‍.

പാലക്കാട്ടെ തിരഞ്ഞെടുപ്പിനിടെ വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളിലടക്കം പോലീസ് റെയ്ഡ് നടത്തിയത് സിപിഎം വ്യാപകമായി പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. ഒപ്പം നീലപ്പെട്ടിയില്‍ കളളപ്പണം കടത്തിയെന്ന ആരോപണവും ശക്തമാക്കി. ജില്ലാസെക്രട്ടറി സുരേഷ് ബാബു തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം കടുപ്പിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആരോപണം ശക്തമാക്കാനും ശ്രമിച്ചു. എന്നാല്‍ സിപിഎമ്മിനെ പോലും ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് തന്നെ ഇതിനെ തള്ളിപ്പറഞ്ഞു.

സംസ്ഥാന സമിതിയംഗം എന്‍എന്‍ കൃഷ്ണദാസാണ് നീലപ്പെട്ടി ആരോപണത്തെ മുഴുവന്‍ തള്ളിപ്പറഞ്ഞത്. പിന്നാലെ സിപിഎമ്മില്‍ ആകെ പ്രതിസന്ധിയെന്ന് വാര്‍ത്ത പരന്നു. ഇതോടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ രംഗത്തെത്തി. നീലപ്പെട്ടി പാലക്കാട്ടെ പ്രധാന വിഷയമാണെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. താന്‍ പറയുന്നതാണ് പാര്‍ട്ടി നലിപാടെന്ന് താക്കീത് സ്വരത്തില്‍ പരഞ്ഞ് വിവാദം അവസാനിപ്പിക്കാനുള്ള ശ്രമവും നടത്തി. അത് എന്തായാലും ഏറ്റിട്ടുണ്ടെന്നാണ് പാലക്കാട് നിന്നും വരുന്ന വാര്‍ത്തകള്‍. ഇന്നലെ പറഞ്ഞതെല്ലാം വിഴുങ്ങി പാര്‍ട്ടി പറയുന്നതാണ് ശരിയെന്ന് കൃഷ്ണദാസ് സമ്മതിച്ചിട്ടുണ്ട്.

താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് എംവി ഗോവിന്ദന് വിശദീകരിക്കേണ്ടി വരുന്നത് ഇത് ആദ്യമല്ല. എഡിഎം നവീന്‍ ബാബുവിന്റെ ആത്ഹത്യക്ക് പിന്നാലെ പിപി ദിവ്യയെ ന്യായീകരിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചിരുന്നു. സദുദ്ദേശ്യ സിദ്ധാന്തം കണ്ണൂര്‍ ജില്ലാ കമ്മറ്റിയും ഡിവൈഎഫ്ഐ നേതാക്കളും ഉയര്‍ത്തി. എന്നാല്‍ പത്തനംതിട്ട ജില്ലാ ഘടകം ഇതില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. പൊതുവികാരം കൂടി എതിരായതോടെ എംവി ഗോവിന്ദന്‍ തന്നെ നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് അന്നും ഗോവിന്ദന് പറയേണ്ടി വന്നു.

പാര്‍ട്ടി അച്ചടക്കം അണികളെയല്ല നേതാക്കളെ തന്നെ ഓര്‍മ്മിപ്പിക്കേണ്ട ഗതികേടിലാണ് സംസ്ഥാന സെക്രട്ടറി. സമ്മേളനക്കാലത്ത് തന്നെ ഇത്തരത്തില്‍ പാര്‍ട്ടി അച്ചടക്കം സംബന്ധിച്ച് നിരന്തരം ഇടപേണ്ട സാഹചര്യം പാര്‍ട്ടിയിലെ പുതിയ കാഴ്ചയാണ്. നിലവിലെ നേതൃത്വത്തിനെതിരെ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകളുടെ സൂചനകളാണ് ഈ പുറത്തുവരുന്നത്. പ്രത്യേകിച്ചും സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ പ്രവര്‍ത്തനങ്ങളില്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top