‘ഈശ്വരചിന്തയിതൊന്നേ മനുജന് ശാശ്വതമീയുലകിൽ….’; ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടിയും ഈശ്വരസാന്നിധ്യം തിരിച്ചറിയുന്നു
1991ലിറങ്ങിയ സന്ദേശം സിനിമയിലെ കുമാരപിളള സാറിനെയും പ്രഭാകരൻ കോട്ടപ്പള്ളിയെയും പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഇനി തലയിൽ മുണ്ടിട്ട് ക്ഷേത്രദർശനം നടത്തേണ്ടിവരില്ല. അയിഷ പോറ്റിയെയും എംഎം മോനായിയെയും പോലുള്ള സാമാജികർക്ക് വിശ്വസിക്കുന്ന ദൈവത്തിൻ്റെ പേരിൽ തന്നെ സത്യപ്രതിജ്ഞയും ചെയ്യാം. പാർട്ടി അംഗങ്ങൾക്ക് ഗൃഹപ്രവേശത്തിന് ഗണപതി ഹോമം നടത്താം, മക്കളുടെ വിവാഹം ക്ഷേത്രസന്നിധിയിലും പള്ളിയിലുമൊക്കെ നടത്താം, മുൻകാലങ്ങളിലേത് പോലെ ഇതിനൊന്നും ഇനിയൊരു സിപിഎം പ്രവർത്തകനും പാർട്ടിയെ പേടിക്കേണ്ടതില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ ഈ മനംമാറ്റം എന്നതാണ് ശ്രദ്ധേയം.
ഈ മാസം 20, 21 തീയതികളിൽ ചേർന്ന സംസ്ഥാന കമ്മറ്റി യോഗമാണ് സിപിഎം അംഗങ്ങൾക്ക് മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ഇതാദ്യമായി തുറന്ന് സമ്മതിച്ചത്. പാർട്ടി അംഗങ്ങളെ ആരാധനയിൽ നിന്നും വിശ്വാസത്തിൽ നിന്നും വിലക്കാൻ തീരുമാനിച്ചിട്ടില്ല എന്നുമാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ 100 വർഷമായി വൈരുധ്യാത്മിക ഭൗതിക വാദത്തെക്കുറിച്ച് പറഞ്ഞതും പഠിപ്പിച്ചതുമെല്ലാമാണ് ഒറ്റയടിക്ക് തിരുത്തുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തോതിൽ പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിപ്പോയതായി പാർട്ടി കണ്ടെത്തിയിരുന്നു. ഈശ്വരചിന്ത പാർട്ടി വിരുദ്ധമാണെന്നും ആരാധനാലയങ്ങളിൽ പോകുന്നതും ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം പാർട്ടി നയങ്ങൾക്കും കമ്യൂണിസ്റ്റ് മൂല്യങ്ങൾക്കും എതിരാണെന്നുമുള്ള നിലപാടുകളെല്ലാം വിഴുങ്ങേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. സിപിഎം കേഡറുകൾക്ക് ഇനി മുതൽ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനും ക്ഷേത്രങ്ങളും ആരാധനാലയങ്ങൾ സന്ദർശിക്കാനും തടസമണ്ടാകില്ലെന്ന് കരുതാം.
പാലക്കാട് പ്ലീനത്തിൽ വിശ്വാസ- ആചാരങ്ങൾ അനുഷ്ഠിക്കുന്നത് വൈരുധ്യാത്മിക ഭൗതികവാദത്തിന് എതിരാണ് എന്നായിരുന്നു സിപിഎം പറഞ്ഞത്. അങ്ങനെയാണ് ഗൃഹപ്രവേശ ചടങ്ങിന് ഗണപതിഹോമം നടത്തിയതിനും, മക്കളുടെ വിവാഹം ക്ഷേത്ര സന്നിധിയിലും പള്ളിയിലുമൊക്കെ നടത്തിയതിനും പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയുണ്ടായത്. 2006ൽ ഈശ്വരനാമ ത്തിൽ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എംഎം മോനായി എന്നിവരെ സിപിഎം സംസ്ഥാന കമ്മിറ്റിശാസിച്ചിരുന്നു. “സഖാക്കൾ രഹസ്യമായി വെച്ചിരുന്ന ദൈവവിശ്വാ സം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെ അപമാനിക്കാൻ ഒരുപ്രയാസവുമുണ്ടായില്ല” -എന്നായിരുന്നു സംസ്ഥാനകമ്മിറ്റി വിലയിരുത്തിയത്. അംഗങ്ങൾ പാർട്ടിനിലപാടിൽ ഉറച്ചുനിൽക്കാനുള്ള ഇടപെടൽ നടത്താനും പാർട്ടി കമ്മറ്റി തീരുമാനിച്ചിരുന്നു. സാക്ഷാൽ പിണറായി വിജയനായിരുന്നു അന്ന് പാർട്ടി സെക്രട്ടറി.
2006 നവംബർ 4, 5 തീയതികളിൽ എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം വിശ്വാസികളായ ഇരു എംഎൽഎമാരെയും നിശിതമായി വിമർശിച്ചു. വെറും ശാസനയിൽ ഒതുക്കാതെ രാഷ്ട്രീയഭാവിയെ തന്നെ ബാധിക്കുന്ന വിധം കൈകാര്യം ചെയ്യുകയും സംഘടനാരേഖയിൽ പ്രത്യേകം നോട്ട് ചെയ്ത് സാധാ അംഗങ്ങളുടെ കോപതാപങ്ങൾക്ക് അവർ ഇരകളാകാൻ വഴിയൊരുക്കുകയും ചെയ്തു. അന്ന് സംസ്ഥാന കമ്മറ്റി അംഗീകരിച്ച സംഘടനാരേഖയുടെ (പാർട്ടിക്കത്ത്) ഒമ്പതാം ഖണ്ഡികയുടെ ഏഴാംവരിയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:
“പാർട്ടി അംഗങ്ങളും പാർട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങൾ ഒഴിവാക്കാൻ രംഗത്തു വരേണ്ടതാണ്. പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എംഎം മോനായി, ഐഷാ പോറ്റി എന്നിവർ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസംബ്ലിയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്കാകെ വരുത്തിവച്ച അപമാനമായിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ ഉറച്ചുനിൽക്കുന്ന ഒരാളാണ് പാർട്ടി അംഗത്വത്തിലേയ്ക്ക് വരുന്നത്. ദീർഘകാലമായി പാർട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കൾക്ക് തങ്ങളുടെ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല. ഇത്തരത്തിൽ പരസ്യമായി പാർട്ടിയുടെ നിലപാടുകൾ ധിക്കരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചെയ്തികൾ പാർട്ടി ഘടകങ്ങൾ കണ്ടില്ലെന്നു നടിക്കരുത്”- വിഷയം അണികളിലേക്ക് ഈ ഗൌരവത്തിൽ എത്തിച്ചപ്പോൾ പാർട്ടിയുടെ എല്ലാ തലങ്ങളിൽ നിന്നും ഒറ്റപ്പെട്ടുപോയ മോനായി പിന്നീട് പൊതു രംഗത്തു പോലും നിശബ്ദനാക്കപ്പെട്ടു.
ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളേയും സമീപനങ്ങളേയും നേരിടാൻ ദൈവചിന്ത മാത്രം മതിയോ എന്ന ചോദ്യവും സജീവമാണ്. ഭരണനേട്ടങ്ങൾ പറയാനോ ചൂണ്ടിക്കാണിക്കാനോ ഇല്ലാതെ വന്നപ്പോഴാണ് ഈശ്വര ചൈതന്യം തിരിച്ചറിയുന്നത് എന്ന വിമർശനം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here