വിരമിക്കല്‍ സ്റ്റേജില്‍ ഇ.പി; സിപിഎം പ്രായപരിധിയില്‍ വീഴുമെന്ന് ഉറപ്പായി; കേന്ദ്ര കമ്മറ്റിയിലേക്ക് കണ്ണുവച്ച് മന്ത്രി റിയാസ്

സിപിഎം പാര്‍ട്ടി കമ്മറ്റികളിലെ 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കിയാല്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഇപി ജയരാജന്‍ തെറിക്കുമെന്ന് ഉറപ്പായി. പ്രായം 75നോട് അടുക്കുന്നത് നേതൃത്വത്തില്‍ നിന്നും വിരമിക്കാന്‍ സമയമായി എന്ന് ഇപിയെ ഒര്‍മ്മിപ്പിക്കുന്നുണ്ട്. നിലവിലെ നേതൃത്വവുമായും സക്ഷാല്‍ പിണറായിയുമായും അകന്നതും, നിരന്തരം ഉണ്ടാകുന്ന വിവാദങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നുണ്ട്. രണ്ട് തിരഞ്ഞെടുപ്പുകളിലായി ഇപി സ്വയം ബോംബായി സിപിഎമ്മില്‍ നിന്ന് പൊട്ടുകയാണ്. ഈ പ്രകമ്പനത്തിൽ സിപിഎം കൂടി വിറയ്ക്കുകയാണ്. ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും, ഇന്ന് ആത്മകഥയിലേതായി പുറത്തുവന്ന വിവരങ്ങളും, രണ്ടിലും ന്യായീകരണങ്ങൾ ദുർബലമാണ്.

പാർട്ടി സമ്മേളനകാലത്തെ ഈ തിരിച്ചടി മറികടക്കുക ഇപിക്ക് എളുപ്പമല്ല. പ്രത്യേകിച്ചും അവസരമോഹികള്‍ ഏറെയുള്ള സിപിഎമ്മില്‍. ഈ വര്‍ഷം പ്രായപരിധിയില്‍ ആർക്കും ഇളവ് നൽകേണ്ടെന്ന് ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ സമ്മേളനത്തോടെ കമ്മറ്റികളില്‍ നിന്നും ഒഴിയുമെന്ന് പ്രഖ്യാപിച്ച പ്രകാശ് കാരാട്ടിനെ സീതാറാം യെച്ചൂരിയുടെ മരണ ശേഷം ജനറല്‍ സെക്രട്ടറിയാക്കാതെ കോർഡിനേറ്റർ ആക്കിയത്. പ്രായപരിധി നടപ്പാക്കിയാല്‍ പിണറായി വിജയന്‍, എകെ ബാലന്‍, പികെ ശ്രീമതി എന്നിവര്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാകേണ്ടി വരും. ഇതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് മാത്രം ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ പിബിയിലേക്ക് ഒഴിവുണ്ടാകില്ല. കേന്ദ്ര കമ്മറ്റിയില്‍ വരുന്ന രണ്ട് ഒഴിവുകളിലേക്ക് കണ്ണുനട്ട് ഇപ്പോള്‍ തന്നെ സിപിഎമ്മില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇപിയെ കൂടി വെട്ടിയാല്‍ ഒഴിവുകള്‍ മൂന്നാകും.

ആരൊക്കെ എന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കേന്ദ്രകമ്മറ്റി സ്ഥാനം ഉറപ്പിച്ച ഒരാള്‍ മന്ത്രി മുഹമ്മദ് റിയാസാണ്. അത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം ഒന്ന് കൊണ്ടു മാത്രമാണ്. സിപിഎം സംസ്ഥാന സമിതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും റിയാസ് എത്തിയ വേഗത, ആദ്യമായി എംഎല്‍എ, സുപ്രധാന വകുപ്പുകളുടെ മന്ത്രിസ്ഥാനം ഇതെല്ലാം പിണറായിയുടെ പാര്‍ട്ടിയിലെ സ്വാധീനം കൊണ്ട് മാത്രമാണ് ഒത്തുകിട്ടിയത്. റിയാസിനെക്കാള്‍ സീനിയറായ പലരും ഇപ്പോഴും അവസരം കാത്തിരിക്കുമ്പോഴാണ് ഈ റോക്കറ്റ് വേഗത്തിലുള്ള പാര്‍ട്ടിയിലെ വളര്‍ച്ച.

ഈ ചരിത്രം മുന്നിലുള്ളതു കൊണ്ട് തന്നെയാണ് മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസോടെ റിയാസ് കേന്ദ്ര കമ്മറ്റിയില്‍ എത്തുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്. ഇപ്പോള്‍ സാധിച്ചില്ലെങ്കില്‍ റിയാസിനായി അടുത്ത തവണ ഇറങ്ങാന്‍ പിണറായിക്ക് ഈ കരുത്തുണ്ടാകുമോ എന്നും ഉറപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെയാണ് ആര് വന്നില്ലെങ്കിലും റിയാസ് വരുമെന്ന് രാഷ്ട്രീയ കേരളം ഉറച്ച് വിശ്വസിക്കുന്നത്. ഇടതു മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണനും കേന്ദ്ര കമ്മറ്റിയിലേക്ക് എത്താനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top