വരദരാജന് മരണവാറണ്ടും മുകേഷിന് ചേര്‍ത്തു പിടിക്കലും; സിപിഎം എന്ന നല്ല ബെസ്റ്റ് പാര്‍ട്ടി

ഒരു സ്ത്രീക്ക് ദു:സൂചനകളടങ്ങിയ എസ്എംഎസ് മെസേജുകള്‍ അയച്ചതിന്റെ പേരില്‍ ട്രേഡ് യൂണിയന്‍ നേതാവും തമിഴ്‌നാട്ടില്‍ നിന്നുളള സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായിരുന്ന ഡബ്ല്യൂആര്‍ വരദരാജനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ അതെല്ലാം പഴയ കഥ. ഇന്ന് ബലാല്‍സംഗക്കേസില്‍ പ്രതിയായ എംഎല്‍എ മുകേഷിന് സകല സംരക്ഷണവും നല്‍കി ചേര്‍ത്തു നിര്‍ത്തിയിരിക്കുകയാണ്. ഇതാണ് സിപിഎം കൊട്ടിഘോഷിക്കുന്ന സ്ത്രീ സുരക്ഷയുടെ പുത്തന്‍ താത്വിക വിശകലനം.

തമിഴ്‌നാട്ടില്‍ സിപിഎമ്മിനെ കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആളാണ് ഡബ്ല്യൂആര്‍ എന്നറിയപ്പെട്ടിരുന്ന വരദരാജന്‍. റിസര്‍വ് ബാങ്കിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പണിയെടുത്ത ആ മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടത് സിപിഎം കേന്ദ്ര നേതൃത്വമായിരുന്നു. പ്രമീള എന്നൊരു സ്ത്രീക്ക് വരദരാജന്‍ അയച്ചതായി പറയപ്പെടുന്ന എസ്എംഎസുകളുടെ പേരില്‍ അയച്ച പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് പാര്‍ട്ടി അച്ചടക്ക നടപടി എടുത്തത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കുന്നതായിരുന്നു പാര്‍ട്ടിയുടെ ശിക്ഷ.

വിശദീകരണം ചോദിക്കുക പോലും ചെയ്യാതെ തനിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അവതരണവും തീര്‍പ്പുകല്‍പ്പിക്കലും അമ്പരപ്പിച്ചു എന്നാണ് പാര്‍ട്ടി നടപടിയോട് വരദരാജന്‍ പ്രതികരിച്ചത്. എല്ലാവരാലും അപമാനിക്കപ്പെട്ട ഘട്ടത്തില്‍ വരദരാജന്‍ ചെന്നൈയ്ക്കടുത്ത പൊറൂര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി. 2010 ഫെബ്രുവരി 20ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. തമിഴകത്ത് സി.പി.എമ്മിന്റെ ജനകീയ മുഖങ്ങളിലൊന്നായിരുന്നു വരദരാജന്‍. അദ്ദേഹത്തിന്റെ ആത്മഹത്യ അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ മാത്രമല്ല, പൊതുഇടങ്ങളിലും വലിയ ചര്‍ച്ചയായി.

എസ്എംഎസ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് കുടുംബവുമായി ചില അസ്വാരസ്യങ്ങള്‍ വരദരാജന്‍ നേരിട്ടിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടിയും കൈവിട്ടതോടെയാണ് വരദരാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞത്.പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം വരദരാജനെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു എന്നാണ് പാര്‍ട്ടിക്കുള്ളില്‍ അന്ന് ഉയര്‍ന്ന വിമര്‍ശനം.

സിപിഎമ്മിന്റെ കൊല്ലം എംഎല്‍എ ആയ മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി നല്‍കിയ ബലാത്സംഗ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് എതിരെ ഇത്തരം പരാതികള്‍ ഉയര്‍ന്നപ്പോള്‍ രാജിവെക്കണമെന്ന് മുറവിളി കൂട്ടിയവരാണ് ഇപ്പോള്‍ മുകേഷിന് സംരക്ഷണമൊരുക്കുന്നത്. മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കാനുറച്ച് നില്‍ക്കയാണ് സിപിഎം സംസ്ഥാന നേതൃത്വം. കേസില്‍ കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎല്‍എ സ്ഥാനത്ത് തുടരാമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന ശരിവച്ച് വനിതാ നേതാക്കളും രംഗത്തുവന്നു. വെറുമൊരു എസ്എംഎസിന്റെ പേരില്‍ കേന്ദ്ര കമ്മറ്റി അംഗത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കിയ പാര്‍ട്ടിയാണിപ്പോള്‍ ബലാല്‍സംഗക്കേസിലെ പ്രതിക്ക് രക്ഷാ കവചമൊരുക്കി നിര്‍ത്തിയിരിക്കുന്നത്.

നിയമപരമായി മുകേഷ് രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍ മാത്രം രാജിവച്ചാല്‍ മതിയെന്നുമാണ് കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മിഷന്‍ അധ്യക്ഷയുമായ പി.സതീദേവി പറഞ്ഞത്. പീഡനക്കേസുകളില്‍ പ്രതികളായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലല്ലോ, അതുകൊണ്ട് മുകേഷും വയ്‌ക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദം പിബി അംഗമായ ബൃന്ദ കാരാട്ട് തള്ളിപ്പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലെന്ന ന്യായമുയര്‍ത്തി സിപിഎം പ്രതിരോധം തീര്‍ക്കേണ്ടതില്ലെന്ന് ബൃന്ദ പറഞ്ഞപ്പോള്‍, മുകേഷ് രാജിവയ്ക്കണമെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജയും ആവശ്യപ്പെട്ടിരുന്നു.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷിനെതിരെ നല്‍കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top