സിപിഎമ്മില്‍ നീറിപ്പുകഞ്ഞ് മാസപ്പടി; ന്യായീകരിച്ച് വശംകെട്ട് നേതാക്കള്‍; വിമര്‍ശിക്കാൻ പിണറായിഭയം; എന്തരോ എന്തോ എന്ന മട്ടില്‍ അണികള്‍

സിപിഎം രൂപീകരിച്ചതിന്റെ 61മത്തെ വര്‍ഷത്തില്‍ പാര്‍ട്ടി അതിന്റെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അഴിമതി ആരോപണത്തില്‍പ്പെട്ട് നട്ടംതിരിയുകയാണ്. ഏത് നേരം വേണമെങ്കില്‍ പിണറായിയുടെ മകള്‍ ടി വീണ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം 11 മാസം മാത്രം അവശേഷിക്കെയാണ് പാര്‍ട്ടിയും സര്‍ക്കാരും ഈ അഗ്‌നിപരീക്ഷ നേരിടുന്നത്.

2023 ഓഗസ്റ്റ് 9 ലെ മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജിലാണ് ‘നിയമ വിരുദ്ധ ഇടപാടെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ്: മുഖ്യമന്ത്രിയുടെ മകള്‍ക്ക് കിട്ടിയത് 1.72 കോടി’ എന്ന തലക്കെട്ടില്‍ ജോമി തോമസ് എഴുതിയ സംഭ്രമജനകമായ ആ വാര്‍ത്ത പുറത്തുവന്നത്. 2017- 2020 കാലത്ത് വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് ശശിധരന്‍ കര്‍ത്തായുടെ കരിണല്‍ കമ്പനിയായ സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിന് പണം നല്‍കി എന്നായിരുന്നു വാര്‍ത്ത. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി കരാര്‍ – സേവനങ്ങളൊന്നും നല്‍കിയില്ല – എന്നൊക്കെയുള്ള സബ് ഹെഡിംഗ് സഹിതമാണ് വാര്‍ത്ത പുറത്തുവന്നത്.

മനോരമ വാര്‍ത്തയുടെ ആദ്യ വരിയില്‍ തന്നെ ‘മുഖ്യമന്ത്രിയുടെ മകള്‍ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍ ) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടയില്‍ ലഭിച്ചത് 1.72 കോടി രൂപ, ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായ നികുതി ഇൻ്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പ് കല്പിച്ചു’ എന്ന് സംശയലേശമെന്യേ എഴുതിയിട്ടുണ്ട്. ജോമി തോമസ് തുറന്നുവിട്ട വാര്‍ത്തയുടെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല.

സിപിഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന് ഇടയിലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റി ഗേഷന്‍ ഓഫീസ് (SFIO) വീണ വിജയനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച വാര്‍ത്ത പുറത്തുവന്നത്. മനോരമ 19 മാസങ്ങള്‍ക്ക് മുമ്പ് വെളിച്ചത്തു കൊണ്ടുവന്ന മാസപ്പടി വാര്‍ത്തയുടെ പ്രകമ്പനങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ് എസ്എഫ്‌ഐഒ കുറ്റപത്രം തെളിയിക്കുന്നത്. മാസപ്പടി എന്ന വാക്കു തന്നെ സിപിഎം എന്ന പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന അഴിമതിയുടെ ആഴത്തെ വെളിവാക്കുന്നുണ്ട്. ലളിത ജീവിതവും അഴിമതി രഹിത പ്രതിഛായയുള്ള നേതാക്കളുടെ പാര്‍ട്ടി എന്ന് കൊട്ടിഘോഷിച്ചിരുന്ന വിപ്ലവ പാര്‍ട്ടി അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടു എന്നതിന്റെ തെളിവായാണ് മാസപ്പടി കേസിനെ വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

1996- 2001 ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് മദ്യമുതലാളിമാരില്‍ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും രാഷ്ടീയ നേതാക്കളും മാസംതോറും പടി വാങ്ങിയതിന്റെ ഡയറികള്‍ പിടിച്ചെടുത്തതോടെ യാണ് മലയാള മാധ്യമങ്ങള്‍ ‘മാസപ്പടി’ എന്ന വാക്ക് സജീവമായി പ്രയോഗിച്ചു തുടങ്ങിയത്. മദ്യരാജാക്കന്‍മാരായ യമഹ സുരേന്ദ്രന്‍, മണിച്ചന്‍ എന്നിവരുടെ ഡയറികളിലൂടെയാണ് മാസപ്പടി വാങ്ങിയ നേതാക്കളുടെ പേരുകള്‍ പുറത്ത് വന്നത്. ഇതിനെയാണ് മാസപ്പടി ഡയറി എന്ന് ഇന്നും വിളിക്കുന്നത്.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും ചേര്‍ന്ന് 2.72 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തിയെന്നും എസ്എഫ്ഐഒ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് പുറത്തുവന്ന ഈ വാര്‍ത്ത മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പതിവ് ക്യാപ്‌സ്യൂളുകള്‍ ഇറക്കി ന്യായീകരിക്കാനാവില്ലെന്ന ചിന്ത പാര്‍ട്ടിക്കുള്ളില്‍ പോലും സജീവമാണ്. നേതാക്കളില്‍ ആര്‍ക്കും ഇതൊന്നും തുറന്നുപറയാന്‍ ധൈര്യമോ ആര്‍ജ്ജവമോ ഇല്ലാത്തതു കൊണ്ട് വിമത ശബ്ദം തല്‍ക്കാലം പുറത്തുവരില്ലാ എന്നാശ്വസിക്കാം.

2023 ഓഗസ്റ്റില്‍ മനോരമ വാര്‍ത്ത വന്നതിന്റെ രണ്ടാംനാള്‍ (ഓഗസ്റ്റ് 10) സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അസാധാരണ വാർത്താക്കുറിപ്പ് ഇറക്കി മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും മകള്‍ വീണയേയും പാടെ വെള്ളപൂശാനാണ് സെക്രട്ടറിയേറ്റ് ശ്രമിച്ചത്. പിണറായിക്കും കുടുംബത്തിനും അസാധാരണ സംരക്ഷണ കവചമാണ് തുടക്കം മുതല്‍ക്കെ സിപിഎം സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ചത്. സമാന പദവി വഹിച്ച മറ്റ് നേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ കിട്ടാത്തതാണ് ഇത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേസുകളില്‍ പെട്ട് ജയിലിലും മറ്റും കഴിഞ്ഞപ്പോള്‍ സിപിഎം അദ്ദേഹത്തിന്റെ കുടുംബത്തിനേയോ മക്കളേയോ സംരക്ഷണ കോട്ടകെട്ടി രക്ഷിക്കാന്‍ ശ്രമിച്ചില്ല. ബിനിഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ ഒന്നര വര്‍ഷത്തോളം കര്‍ണാടകയില്‍ ജയിലില്‍ കിടന്നു. മൂത്ത മകനായ ബിനോയ് കോടിയേരി സ്ത്രീപീഡന കേസില്‍പ്പെട്ട് മുംബൈയിലും മറ്റുമായി നട്ടംതിരിഞ്ഞു. വ്യക്തികള്‍ എന്ന നിലയില്‍ മക്കള്‍ അകപ്പെട്ട കേസുകളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. അദ്ദേഹം പാര്‍ട്ടിയുടെ ഔദാര്യമോ സംരക്ഷണമോ തേടിയില്ല. എന്നാല്‍ പിണറായിയുടെ കാര്യത്തില്‍ അത്തരം കീഴ്‌വഴക്കമെല്ലാം കീഴ്‌മേല്‍ മറിഞ്ഞു.

നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിൽ ഏര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചത്. നിന്ദ്യമായ ഈ നടപടി കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച മലയാള മനോരമയില്‍ നിന്ന് വന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. സിഎംആര്‍എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കാനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി ഇലക്ഷന്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെയുണ്ടായിട്ടുള്ളത്.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കണ്‍സള്‍ടിംഗ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് പണം നല്‍കിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണ്….’ എന്നിങ്ങനെയായിരുന്നു സെക്രട്ടറിയേറ്റിന്റെ വെള്ള പൂശല്‍ പ്രസ്താവന.

അസാധാരണ സാഹചര്യങ്ങളില്‍ അസാധരണ നിലപാടുകളും തീരുമാനങ്ങളും എടുക്കേണ്ടി വരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയുടെ കാതല്‍. അതായത് പിണറായിക്കു വേണ്ടി സിപിഎം എന്തു നിലപാടും സ്വീകരിക്കും എന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. കേരളത്തിലെ ഇടത് മുന്നണി സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃക എന്നൊക്കെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സ്തുതിപാഠകര്‍ പാടി പുകഴ്ത്തുമ്പോഴാണ് ഇടിത്തീപോലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വന്ന് വീണത്. വീണക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തല്‍ക്കാലം ന്യായീകരിക്കുന്നുണ്ട് എങ്കിലും റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തു വരുമ്പോള്‍ ഇനി എന്തെല്ലാം വിവരങ്ങൾ ഉണ്ടാവുമെന്ന ആധിയിലാണ് കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍. തുടക്കത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവന വിഴുങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. ഞഞ്ഞാപിഞ്ഞ ന്യായീകരണങ്ങള്‍ കൊണ്ടൊന്നും മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിച്ചെടുക്കാനാവാത്ത സ്ഥിതിയിലാണ് പുതിയ സംഭവങ്ങള്‍ പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top