മദനിയുടെ തീവ്രവാദബന്ധം തള്ളി മുഖ്യമന്ത്രി; ജയരാജന്റെ പുസ്തകം വ്യക്തിപരമായ നിരീക്ഷണം; പാര്‍ട്ടി നിലപാടായി കാണേണ്ട

കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നതടക്കമുള്ള ആരോപണങ്ങളടങ്ങിയ പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്‌തെങ്കിലും അതിലെ പരാമര്‍ശങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്റെ ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം’ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് വ്യക്തിപരമായ നിരീക്ഷണങ്ങള്‍ ആയി മാത്രം കണ്ടാല്‍ മതിയെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.

പുസ്തകം പ്രകാശനം ചെയ്യുന്നത് കൊണ്ട് എല്ലാ കാര്യങ്ങളും യോജിക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രാഷ്ട്രീയ വിലയിരുത്തലുകള്‍ സമാനമായിരിക്കാം. എന്നാല്‍ മറ്റുളളവയെല്ലാം വ്യക്തിപരമായ കാര്യമായി എടുത്താല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷം ശക്തിപ്പെട്ടാലെ മതന്യൂനപക്ഷളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളു എന്നുമാണ് പുസ്തകത്തിന്റെ പൊതുവായ. ഇത് ഏറെ പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം സംസ്ഥാനത്തുടനീളം മദനി നടത്തിയ പ്രസംഗങ്ങളാണ് ഇസ്ലാം മതവിശ്വാസികളായ ചെറുപ്പക്കാരില്‍ കടുത്ത തീവ്രചിന്തകള്‍ വളരാന്‍ ഇടയാക്കിയത്. രാഷ്ടീയ സ്വയം സേവക് സംഘിന്റ (ആര്‍എസ്എസ്) മാതൃകയില്‍ മദനി ഇസ്‌ളാമിക് സേവക് സംഘിന് (ഐഎസ്എസ് ) രൂപം കൊടുക്കുകയും അവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. അക്കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനത്തോട് അനുബന്ധിച്ച് മദനി നടത്തിയ പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു എന്നും ജയരാജന്‍ കുറ്റപ്പെടുത്തുന്നുണ്ട്. പില്‍ക്കാലത്ത് തെക്കേ ഇന്‍ഡ്യയിലെ ഒട്ടേറെ തീവ്രവാദക്കേസുകളില്‍ പ്രതിയായ തടിയന്റവിട നസീര്‍, മദനിയുടെ വൈകാരിക പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് തീവ്രവാദത്തിലേക്ക് വന്നതെന്ന് പോലീസ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ജയരാജന്‍ വിവരിക്കുന്നു.

ഈ ഗുരുതരമായ പരാമര്‍ശങ്ങളെയെല്ലാം മൂന്നു വാചകങ്ങളില്‍ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാല്‍ മദനിയുമായി വേദി പങ്കിട്ടതടക്കമുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളെ ഇടുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള ശ്രമവും വിവാദമായ മലുപ്പുറം പരാമര്‍ശം സംബന്ധിച്ച വിശദീകരണത്തിലുമാണ് മുഖ്യമന്ത്രി ശ്രദ്ധിച്ചത്. ഇതിനായി മലപ്പുറത്തെ കേസുകളുടെ കണക്കുകളും മറ്റുവിവരങ്ങളും വിശദീകരിച്ചുള്ള ഒരു പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top