നിലപാടില്ലായ്മയുടെ തമ്പുരാനായി പിണറായി; ‘ബ്രേക്ക്ഫാസ്റ്റ് നയതന്ത്ര’ത്തെ ന്യായീകരിക്കുന്ന വാദം നേരത്തെ പറഞ്ഞതിനെല്ലാം കടകവിരുദ്ധം!!

‘എനിക്കും ഗവര്‍ണര്‍ക്കും ധനമന്ത്രിക്കും സ്വന്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകിപ്പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നുമല്ല പോയത്. തീര്‍ത്തും സൗഹാര്‍ദപരമായിരുന്നു ചര്‍ച്ച. അതു വെറുമൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിങ് ആയിരുന്നു’ -കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ സാന്നിധ്യത്തില്‍ കണ്ട് അനൗപചാരിക ചര്‍ച്ച നടത്തിയതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞ വാക്കുകളാണിത്.

കമ്യൂണിസ്റ്റുകാരല്ലാത്ത നേതാക്കള്‍ ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയാലോ ഭക്ഷണം കഴിച്ചാലോ അവര്‍ക്ക് സംഘിപട്ടം ചാര്‍ത്തികൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് പിണറായി വിജയന്‍. എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനല്ലാതെ തന്നെ കേന്ദ്രമന്ത്രിയെ കണ്ടതിനെ യാതൊരു മടിയുമില്ലാതെ ഇപ്പോള്‍ അദ്ദേഹം ന്യായീകരിക്കുന്നത് ഇങ്ങനെയെല്ലാമാണ്. നിങ്ങളിട്ടാല്‍ ബര്‍മുഡ, ഞങ്ങളിട്ടാല്‍ വള്ളിക്കളസം എന്ന നിലപാടാണ് ഇപ്പോഴും സിപിഎമ്മിന് എന്നൊരിക്കല്‍ കൂടി വ്യക്തമാകുന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ അലോസരപ്പെടുത്താത്ത പ്രതിപക്ഷ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രധാനമന്ത്രി മോദിയെ പേരെടുത്ത് പറഞ്ഞൊന്ന് ആക്രമിക്കാതിരിക്കാന്‍ പിണറായി സദാ ശ്രദ്ധാലുവായിരുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിന് എതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തില്‍ പോലും ബിജെപി സര്‍ക്കാരെന്നോ, മോദി സര്‍ക്കാരെന്നോ പറയാതെ, ‘യൂണിയന്‍ ഗവണ്‍മെന്റ്’ എന്ന് മാത്രമാണ് അദ്ദേഹം പ്രയോഗിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ശനിയാഴ്ച (2024 ഫെബ്രുവരി 9) പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് കാന്റിനില്‍ വെച്ച് തനിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഏതാനും എംപിമാരെ ക്ഷണിച്ചപ്പോള്‍ അതിലൊരാള്‍ കേരളത്തില്‍ നിന്നുള്ള എന്‍ കെ പ്രേമചന്ദ്രന്‍ ആയിരുന്നു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു, ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു, സംഘിപ്രേമന്‍ എന്നെല്ലാം ആക്ഷേപിച്ചത് സിപിഎമ്മിന്റെ നേതാക്കളും സൈബര്‍ കടന്നല്‍ക്കൂട്ടങ്ങളും ആയിരുന്നു. അന്നാ വിരുന്നിനെ കൊണ്ടാടി, പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചത് കടുത്ത അപരാധമായി ചിത്രീകരിച്ചത് പിണറായി വിജയന്റെ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു.

രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാല്‍ ഉരുകിപ്പോകുന്നതല്ല രാഷ്ട്രീയ നിലപാടെന്ന് അന്ന് സഖാക്കളാരും തിരിച്ചറിഞ്ഞില്ല. പാര്‍ലമെന്റിനകത്തും പുറത്തും ബിജെപിയെ നഖശിഖാന്തം എതിര്‍ക്കുന്ന ഇന്ത്യാസഖ്യത്തിലെ ഏറ്റവും കരുത്തനായ ലോക്‌സഭാംഗമാണ് പ്രേമചന്ദ്രന്‍. പാര്‍ലമെന്റ് കാന്റീനില്‍ വെച്ച് പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചത് ഇന്ത്യ മുന്നണിയെ ചതിയ്ക്കാനാണ് എന്നൊക്കെ സിപിഎം പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല എന്ന നിലപാട് പ്രേമചന്ദ്രന്‍ പലവട്ടം ആവര്‍ത്തിച്ചെങ്കിലും തിരഞ്ഞെടുപ്പ് കാലത്തുടനീളം സിപിഎം ഇത് കൊണ്ടാടി. 2014 മുതല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ വലിയ ഭൂരിപക്ഷത്തിന് കൊല്ലത്ത് തോല്‍പിക്കുന്ന പ്രേമചന്ദ്രനെ അങ്ങനെയൊന്നും വെറുതെവിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ 2013 ഏപ്രില്‍ 20ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന് എതിരെ സഖാക്കള്‍ ചന്ദ്രഹാസം ഇളക്കിയപ്പോള്‍ പിണറായി വിജയന്‍ പാര്‍ട്ടിയെ നയിക്കുകയായിരുന്നു. ഔദ്യോഗികമായാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഗുജറാത്ത് തൊഴില്‍ മാതൃക പഠിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശിച്ചതെന്നും ഷിബു വിശദീകരിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. തന്റെ അറിവോടെയല്ല തൊഴില്‍ മന്ത്രി മോദിയെ കണ്ടതെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദവും പ്രതിപക്ഷം അംഗീകരിച്ചില്ല. സന്ദര്‍ശനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പോലും പിണറായി അന്ന് ആവശ്യപ്പെട്ടു. ഒപ്പം ഷിബു രാജിവയ്ക്കണം എന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം.

ALSO READ : ഷിബു-മോദി കൂടിക്കാഴ്ചയില്‍ ഉറഞ്ഞു തുള്ളിയ പിണറായി; എഡിജിപി ആര്‍എസ്എസ് ഉന്നതനെ കണ്ടതില്‍ നാവനക്കാതെ മുഖ്യമന്ത്രി

അതേ പിണറായി വിജയന്‍ ആണ് മുഖ്യമന്ത്രി കസേരയില്‍ പത്തുവര്‍ഷം എത്താറാകുമ്പോള്‍, വ്യത്യസ്ത രാഷ്ട്രീയം ഉള്ളവര്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രിയം ഉരുകിപ്പോകില്ല എന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുന്നത്. തന്റെ കീഴില്‍ പോലീസ് സേനയെയാകെ നയിച്ച ഉദ്യോഗസ്ഥ പ്രമുഖന്‍ എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ രഹസ്യമായി കണ്ട വിവരം കഴിഞ്ഞ വര്‍ഷം പുറത്തു വന്നപ്പോഴും പഴയ രോഷം അദ്ദേഹത്തില്‍ കണ്ടില്ല. സര്‍ക്കാരിന്റെ അറിവോടെയല്ല ചര്‍ച്ച നടത്തിയതെന്ന് മാത്രം പറഞ്ഞ് അദ്ദേഹത്തെ പോലും ഉപദ്രവിക്കാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചു. ഇപ്പോഴിതാ അദ്ദേഹം തന്നെ സമരം നയിക്കുന്ന കേന്ദ്രസര്‍ക്കാരിലെ ഉന്നതരുമായി ബ്രേക്ക്ഫാസ്റ്റ് നയതന്ത്രം സ്ഥാപിക്കാന്‍ പോലും അദ്ദേഹം തുനിഞ്ഞിറങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top