പിണറായി വിരുദ്ധ വികാരമുണ്ടോ? ചേലക്കര നൽകും ഉത്തരം; കെ രാധാകൃഷ്ണൻ സജീവമല്ലെന്ന പരാതി ഗൗരവമായെടുത്ത് സിപിഎം; അവസരം മുതലാക്കാൻ യുഡിഎഫ്

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടോ? മുഖ്യമന്ത്രി പിണറായിക്കെതിരെ ജനവികാരമുണ്ടോ? മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നെങ്കിലും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക ചേലക്കര മണ്ഡലത്തിലെ വോട്ടർമാരാകും. വയനാടിൻ്റെ ഫലം സംബന്ധിച്ച പ്രവചനങ്ങൾക്ക് പ്രസക്തി ഇല്ലാതായി. പാലക്കാട് മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മൂന്നാമതാണ്. ഈ രണ്ടു വസ്തുതകളും കണക്കിലെടുത്താൽ 39,000 വോട്ടിന് കെ.രാധാകൃഷ്ണൻ സിപിഎമ്മിനായി നിലനിർത്തിയ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെ സംബന്ധിച്ച് അതിനിർണായകമാവും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൻ്റെ ഭാഗമായ ചേലക്കരയിൽ കെ.രാധാകൃഷ്ണനോട് 5000ൽപരം വോട്ടിന് പിന്നിലായ രമ്യാ ഹരിദാസാണ് ചേരക്കരയിൽ യുഡിഎഫിനായി ഇറങ്ങിയിരിക്കുന്നത്. 2016ൽ സിപിഎമ്മിന് വേണ്ടി ഈ സീറ്റ് നിലനിർത്തിയത് യു ആർ പ്രദീപാണ്. ഇതേ പ്രദീപിനെതിരെ രമ്യ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നത് ഈ വിലയിരുത്തലിന് അനുയോജ്യമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭൂരിപക്ഷ – ന്യൂനപക്ഷ വോട്ടുബാങ്കിൻ്റെ കണക്കിൽ പോലും ഏറെക്കുറെ കേരളത്തിൻ്റെ പരിഛേദമായ ചേലക്കര, പതിറ്റാണ്ടുകളായി ഇടതുകോട്ടയായി തുടരുന്ന സംവരണ സീറ്റാണ്.

കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിലനിൽക്കുന്നുവെന്ന് പറയപ്പെടുന്ന ജനരോഷം ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പലമടങ്ങ് വർധിച്ചുവെന്നാണ് കോൺഗ്രസ് നേതൃത്വം പ്രചരിപ്പിക്കുന്നത്. അതിന് അനുസൃതമായ ഫലമാണ് നവംബർ 23നു ചേലക്കരയിൽ ഉണ്ടാകുന്നതെങ്കിൽ അക്ഷരംപ്രതിയുള്ള വിമർശനം പാർട്ടിയിലും മുന്നണിയിലും പിണറായിയുടെ ശൈലിക്കെതിരെ ഉയരുമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

വയനാട് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ ക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണ് ഉയരുന്നത്. അത്ഭുതമൊന്നും സംഭവിക്കാനില്ല. പാലക്കാട്ട് ഇ ശ്രീധരനോ, അതേ തലയെടുപ്പോ ഇല്ലാത്ത ബിജെപി സ്ഥാനാർത്ഥി കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായ വെല്ലുവിളി സൃഷ്ടിച്ചാലും അത്ഭുതമൊന്നും ഇല്ല. ഇനിയെങ്ങാനും കോൺഗ്രസ് മൂന്നാം സ്ഥാനത്ത് എത്തുന്ന സാഹചര്യമുണ്ടായാൽ മാത്രമേ പാലക്കാട് നിന്ന് പുതുമയുള്ള എന്തെങ്കിലും വാർത്തക്ക് സാധ്യതയുള്ളൂ. ഇതൊന്നും ഇല്ലാത്തിടത്തോളം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഒരു രാഷ്ട്രീയ മത്സരത്തിൻ്റെ വേദി മാത്രമാണ് പാലക്കാട് എന്ന് കാണാം. ക്രോസ് വോട്ട് സാഹചര്യമടക്കം നിലനിൽക്കുന്ന മണ്ഡലമാണ് പാലക്കാടെങ്കിൽ അത്തരത്തിലുള്ള യാതൊന്നും ചേലക്കരയിൽ കാണാനാകില്ല. ഇതൊക്കെത്തന്നെ തൃശൂർ, പാലക്കാട് ജില്ലകളുടെ പൊതു അതിർത്തി മണ്ഡലമായ ചേലക്കരയുടെ ഫലം കേരളത്തെ സംബന്ധിച്ച നിർണായക രാഷ്ട്രീയ നിഗമനത്തിനുള്ള സൂചകമാക്കുന്നു.

39,000 വോട്ടുകൾക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ദേവസ്വം -പിന്നാക്ക -പട്ടിക വിഭാഗ ക്ഷേമമന്ത്രിയായ കെ രാധാകൃഷ്ണൻ നിർബന്ധിത സാഹചര്യത്തിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ച് എംപി ആയത് ഒട്ടും താൽപര്യമില്ലാതെ ആണെന്ന വാർത്തകൾ ആ ഘട്ടത്തിൽ തന്നെ ഉയർന്നു വന്നതാണ്. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആകുന്നതിനായി മന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ, നിയമസഭയിൽ മുഖ്യമന്ത്രിക്ക് വലതുവശത്ത് തൊട്ടുചേർന്നുള്ള ഇരിപ്പിടം പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായ കെ.രാധാകൃഷ്ണനാണ് നൽകിയത്. അങ്ങനെയൊരാളെ പ്രോട്ടോക്കോൾ കുറഞ്ഞ എം പി സ്ഥാനത്തിനായി മത്സരിപ്പിച്ചതിനെ പൂർണമനസ്സോടെയല്ല പാർട്ടി കേന്ദ്രങ്ങളാകെ സ്വീകരിച്ചത്.

ഏറ്റവുമൊടുവിൽ ചേലക്കരയിൽ നിന്നു വരുന്ന വാർത്തകളും ഇത്തരം അസ്വസ്ഥതകളുടെ ആഴം വെളിവാക്കുന്നതാണ്. തൃശൂരിൽ തന്നെ ഉണ്ടായിട്ടും യു ആർ പ്രദീപിൻ്റെ റോഡ് ഷോയിൽ നിന്ന് കെ രാധാകൃഷ്ണൻ വിട്ടുനിന്നുവെന്നും ഇതിനെതിരെ സ്ഥാനാർത്ഥി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ തൃശൂരിൽ ചേർന്ന മുഖ്യമന്ത്രി കൂടി പങ്കെടുത്ത ജില്ലാ സെക്രട്ടറിയറ്റ് യോഗം ഇത്തരം സാഹചര്യങ്ങളെല്ലാം ചർച്ച ചെയ്തു. തുടർന്ന്, ഒരടിയൊഴുക്കും സംഭവിക്കാത്ത വിധം മണ്ഡലം സംരക്ഷിക്കാൻ മന്ത്രിമാർക്കും പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾക്കും ചുമതല വിഭജിച്ച് നൽകി എന്നാണ് അറിയുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർക്ക് ചുമതല നിശ്ചയിച്ച് നൽകിയത് വലിയ തിരിച്ചടിക്ക് കാരണമായെന്ന് കണ്ട് ഇക്കുറി അത് വേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ അട്ടിമറി സാധ്യത സംശയിക്കുന്ന പശ്ചാത്തലത്തിൽ മുഴുവൻ മന്ത്രിമാർക്കും 10-ാം തീയതി വരെ മണ്ഡലങ്ങളിൽ ചുമതല വിഭജിച്ച് നൽകിയിട്ടുണ്ട്.

അടുത്ത മാർച്ച് -മേയ് മാസങ്ങളിലായി സംസ്ഥാനത്ത് നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ കേളികൊട്ടാകും മൂന്നിടത്തെയും, പ്രത്യേകിച്ച് ചേലക്കരയിലെ ഫലം. വിവിധ ഭരണ വിഷയങ്ങൾ, കുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പോലീസിൻ്റെ ആർഎസ്എസ് ബന്ധം എന്നീ കാരണങ്ങളാൽ പ്രതിരോധത്തിലായ മുഖ്യമന്ത്രിക്ക് ചേലക്കര ഫലം അതുകൊണ്ട് തന്നെ അത്യധികം നിർണായകമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top