പിണറായിയുടെ ദുഖപ്രകടനത്തില്‍ ആത്മാര്‍ഥയില്ലെന്ന് വിമര്‍ശനം; നവീന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജീവനക്കാരുടെ സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ എത്തി നടത്തിയ ഖേദപ്രകടനത്തില്‍ ആത്മാര്‍ഥയില്ലെന്ന വിമര്‍ശനം ശക്തമാകുന്നു. നവീന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന രീതിയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകാതെ ഇത്തരം വാക്കുകള്‍ കൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യമാണ് ഉയരുന്നത്. ഒന്‍പത് ദിവസമായിട്ടും ഒരു വാര്‍ത്താക്കുറിപ്പ് പോലും അനുശോചനം അറിയിച്ച് ഇറക്കാതെ മൗനത്തിലായിരുന്നു മുഖ്യമന്ത്രി. ഇന്ന് ആ മൗനം വെടിഞ്ഞപ്പോഴും നീതി ഉറപ്പാക്കുമെന്നോ നവീനെ അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ട പിപി ദിവ്യക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നോ പറഞ്ഞില്ല.

ദിവ്യക്കെതിരെ നടപടിയുണ്ടാകും എന്ന് പരോക്ഷമായ സൂചന നല്‍കി എന്ന് മാത്രമേ ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടാല്‍ പറയാന്‍ കഴിയൂ. നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ല. ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ ഉണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്നതില്‍ മറുപടിയില്ല. യാത്രയയപ്പ് ചടങ്ങില്‍ വിളിക്കാതെ എത്തി നവീനെ അപമാനിച്ച ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ ചുമതി കേസെടുത്തിട്ട് ദിവസങ്ങളായി. ഇതുവരെ ഇവരെ അറസ്റ്റ് ചെയ്യാനോ പേരിന് ചോദ്യം ചെയ്യാനോ പോലീസ് തയാറായിട്ടില്ല. ഒളിവിലാണെന്ന് പറഞ്ഞ് ഒഴിയുകയാണ് പോലീസ്. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മരണത്തില്‍ അതും അടിയുറച്ച സിപിഎം കുടുംബത്തില്‍ നിന്നുള്ള ആളായിട്ടും എങ്ങും എത്താത്ത അന്വേഷണം നല്‍കുന്നത് വ്യക്തമയ സന്ദേശമാണ്. ദിവ്യക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ സന്ദേശം.

നവീന്‍ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരില്‍ പുറത്തുവന്ന പരാതി വ്യാജമാണെന്ന് ഏറെക്കുറേ വ്യക്തമായിട്ടുണ്ട്. അതിനു പിന്നില്‍ തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇതില്‍ കാര്യമായ ഒരു അന്വേഷണവും നടന്നിട്ടില്ല. പരാതി വ്യാജമാണോ ഒര്‍ജിനലാണോ എന്നുപോലും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു പരാതി ലഭിച്ചിട്ടുണ്ടെന്നോ ഇല്ലെന്നോ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തിയാല്‍ തീരാവുന്നതേയുള്ളൂ ഇതുസംബന്ധിച്ച വിവാദം. എന്നാല്‍ ഇതിനുപോലും തയാറായിട്ടില്ല.

പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി നിര്‍ത്തിയതില്‍ നടപടികള്‍ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇനി മുഖ്യമന്ത്രി മാത്രമേ നവീന്റെ വീട്ടിലെത്താനുള്ളൂ. മറ്റ് സിപിഎം നേതാക്കളും മന്ത്രിമാരും സ്പീക്കറും എത്തി കുടുംബത്തിനൊപ്പം എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ആ കുടുംബത്തിന് നീതി എന്നത് ഇപ്പോഴും ഉറപ്പില്ലാത്ത കാര്യമായി നില്‍ക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top