കടന്നാക്രമിച്ച അന്‍വറിന് അതേ രീതിയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി; മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും നിന്നില്ല

കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ച പിവി അന്‍വറിന് അതേ നാണയത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി. കൂടിയാലോചനകള്‍ക്ക് ശേഷം ഇന്ന് ഡല്‍ഹിയിലെ കൊച്ചിന്‍ ഹൗസില്‍ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചുരുക്കം ചില വാക്കുകളില്‍ പ്രതികരണം അവസാനിപ്പിച്ചു. ഇതിലൊന്നും തന്നെ അന്‍വറിനെ കടുത്ത ഭാഷയില്‍ ആക്രമിച്ചതുമില്ല. കൂടാതെ ഇതേപ്പറ്റി മാധ്യമങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ അതിന് നില്‍ക്കുന്നില്ലെന്നും അതെല്ലാം പിന്നീട് വിശദമായി പറയാമെന്നും പറഞ്ഞ് മുഖ്യമന്ത്രി മടങ്ങി.
ഇന്നലെ അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷം ആലുവ പാലസിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും മാധ്യമങ്ങള്‍ കാത്തു നിന്നെങ്കിലും ഒന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിരുന്നില്ല. മാധ്യമങ്ങളെ കണ്ട പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകട്ടെ എല്ലാം വിശദമായി പരിശോധിച്ച ശേഷം പറയാം എന്ന നിലപാടെടുത്തു. പേരിന് മാത്രം അന്‍വറിനെ ചെറുതായി ഒന്നു വിമര്‍ശിച്ചു. ഇന്ന് രാവിലെ എംവി ഗോവിന്ദന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് മുഖ്യമന്ത്രി തന്നെ പ്രതികരിക്കാം എന്ന് തീരുമാനിച്ചത്.
അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് നടത്തുന്നതെന്നും ആരോപിച്ചു. അന്‍വര്‍ പരാതി ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിനുപിന്നിലെന്ന് സംശയമുണ്ടായിരുന്നു. നേരത്തെ സംശയിച്ചതു പോലെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയേയും കുടുംബത്തേയും കടന്ന് ആക്രമിച്ചുള്ള ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മുഖ്യമന്ത്രി നിന്നില്ല. പകരം അന്‍വര്‍ ഇനി സിപിഎമ്മിന്റെ ശത്രുവാണെന്ന സന്ദേശം അണികള്‍ക്ക് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തല്‍. ഇന്ന് എം വി ഗോവിന്ദന്‍ ഉച്ചക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. അതില്‍ അന്‍വറിനെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളിപ്പറയുമെന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here