വിസി നിയമനങ്ങളില്‍ സിപിഎമ്മിൽ ആശയക്കുഴപ്പം; കേരളയിലും കുസാറ്റിലും പാര്‍ട്ടിക്ക് രണ്ട് നിലപാടുകള്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധികളെ നല്‍കുന്നതില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം. കേരള സര്‍വകലാശാലയിലും കൊച്ചി​ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യിലും രണ്ട് തീരുമാനങ്ങളാണ് സിപിഎം കൈക്കൊണ്ടത്.

കേരളയില്‍ വിസി നിയമനത്തിന് സേര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ നടന്ന സെനറ്റ് യോഗം മന്ത്രി ആര്‍.ബിന്ദു നേരിട്ടെത്തി അട്ടിമറിച്ചിരുന്നു. സർവകലാശാല നിയമഭേദഗതി സംബന്ധിച്ച ബില്ലില്‍ തീരുമാനം വരുന്നത് വരെ വിസി നിയമനത്തിന് അംഗങ്ങളെ നല്‍കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ഈ തീരുമാനത്തിന്റെ ഭാഗമായാണ് കേരളയില്‍ മന്ത്രി നേരിട്ട് ഇടപെട്ടത്.

എന്നാല്‍ ഇതേ മന്ത്രി തന്നെ പ്രൊ ചാന്‍സലറായ കുസാറ്റില്‍ വിസിയെ തിരഞ്ഞെടുക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് സിപിഎം പ്രതിനിധിയെ നല്‍കി. സിപിഎമ്മിന്റെ എംഎൽഎമാരായ എം. വിജിൻ, സി.കെ. ആശ ഉൾപ്പെടെ പങ്കെടുത്ത കുസാറ്റിന്റെ സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം വന്നത്.

സംസ്ഥാന ആസൂത്രണബോർഡ് അംഗവും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുംബയ് ക്യാമ്പസിലെ അധ്യാപകനുമായ പ്രൊഫ. ആർ. രാമകുമാറാണ് കുസാറ്റിന്റെ നോമിനി. ചാൻസലർ കൂടിയായ ഗവർണർക്ക് ഇത് സംബന്ധിച്ച് തിങ്കളാഴ്ച കത്തുനല്‍കും. കേരളയിലും കുസാറ്റിലും സ്ഥിരം വിസിമാരില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് വിസി നിയമനത്തിന് പ്രതിനിധികളെ നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top