വര്‍ഗശത്രുവായ എംവിആറിന് ഭക്ഷണം കൊടുത്തവര്‍ക്കെതിരായ സിപിഎം നടപടി ചരിത്രം; കൈ കൊടുക്കാത്തത് വിവാദമാക്കുന്നവര്‍ ഇതുകൂടി ഓര്‍ക്കുക

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇപ്പോള്‍ ചര്‍ച്ച കഴിഞ്ഞ ദിവസം കല്യാണ വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് കൈ കൊടുക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും ഷാഫി പറമ്പിലിന്റേയും പെരുമാറ്റമാണ്. ഈ വിവാദം പരമാവധി കത്തിച്ചു നിര്‍ത്താനാണ് സിപിഎം തീരുമാനം. എതിര്‍ സ്ഥാനാര്‍ഥിയോട് എന്തിന് ഇത്രയും അസഹിഷ്ണുത എന്നാണ് സിപിഎം പ്രചരണം.

ബിജെപി നേതാവ് വി നടേശന്റ മകളുടെ വിവാഹ വേദിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ പി സരിന്‍ പലതവണ ആവര്‍ത്തിച്ച് വിളിച്ചിട്ടും യുഡിഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും വടകര എംപി ഷാഫി പറമ്പിലും കൈ കൊടുക്കാതെ പോയത് രാഷ്ട്രീയ മര്യാദയില്ലായ്മ ആണെന്ന് ആരോപിച്ച് സിപിഎം കൈകൊടുക്കല്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണ് രാഹുല്‍ കാണിച്ചതെന്നാണ് സിപിഎം നേതാവ് എകെ ബാലന്റെ വാദം. സരിനെ അപമാനിച്ച രാഹുല്‍ മങ്കൂട്ടത്തില്‍ മാപ്പ് പറയണം. ഇല്ലെങ്കില്‍ പ്രതിപക്ഷ നേതാവോ, കെപിസിസി അധ്യക്ഷനോ മാപ്പ് പറയണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ആദര്‍ശത്തോടുള്ള പ്രതിബദ്ധതയാണ് ഷാഫിയെയും രാഹുലിനെയും അങ്ങനെ ചെയ്യിപ്പിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.

വിവാദം ഇങ്ങനെ കോഴുക്കുമ്പോൾ രാഷ്ടീയ എതിരാളികളെ സിപിഎം നേരിട്ടതിന്റെ പഴയ കാലചരിത്രവും ചികഞ്ഞെടുക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം എംവി രാഘവനെ സിപിഎം എങ്ങനെ നേരിട്ടു എന്നത് തന്നെയാണ്. എണ്‍പതുകളിലെ സിപിഎമ്മിന്റെ തീപ്പൊരി നേതാവായിരുന്ന എംവി രാഘവനെ ബദല്‍രേഖ വിവാദത്തിന്റെ പേരിലാണ് പാര്‍ട്ടി നടപടിയെടുത്തത്. പിന്നാലെ നടന്നത് ക്രൂരമായ വേട്ടയാടലായിരുന്നു എന്നത് ചരിത്രം.

പാര്‍ട്ടിയുടെ വര്‍ഗശത്രുവായ എംവിആറിന് ഒരു നേരത്തെ ഭക്ഷണം കൊടുത്തത് പോലും മഹാഅപരാധമായി കണ്ട് പാര്‍ട്ടി അംഗത്തിനെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ട്. എംവി രാഘവന്‍ സസ്‌പെന്‍ഷനിലായിരുന്ന കാലത്ത് പയ്യന്നൂരിലെ ദേശാഭിമാനിയുടെ പ്രാദേശിക ലേഖകന്‍ ബാലന്‍ മാസ്റ്റര്‍ വിളിച്ചു കൊണ്ടു പോയി ഉച്ചഭക്ഷണം നല്‍കി. ഇത് കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായാണ് സിപിഎം വിലയിരുത്തിയത്. പാര്‍ട്ടി നടപടിക്ക് വിധേയനായ വ്യക്തിക്ക് ഭക്ഷണം കൊടുത്തതിന്റെ പേരില്‍ ബാലന്‍ മാസ്റ്ററോട് വിശദീകരണം ചോദിക്കുകയും ചെയ്തു.

‘എംവി രാഘവന്‍ ഒരു ജന്മം’ എന്ന ആത്മകഥയില്‍ എംവിആര്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്. “എനിക്ക് ബാലന്‍ മാസ്റ്റര്‍ ഭക്ഷണം തന്നത് നാട്ടില്‍ പാട്ടായി. പാര്‍ട്ടി നടപടിക്ക് വിധേയനായ ആള്‍ക്ക് വീട്ടില്‍ ഭക്ഷണം നല്‍കിയതിന് ബാലന്‍ മാസ്റ്ററോട് പാര്‍ട്ടി വിശദീകരണം ചോദിച്ചു. എന്നോട് സംസാരി ക്കുന്നവര്‍ പോലും നടപടിക്കു വിധേയരാവുകയല്ലേ ഉണ്ടായത്. എന്റെ നിയോജക മണ്ഡലത്തില്‍പ്പെട്ട നെരുവമ്പ്രത്ത് ഒരു വാര്‍ഷികത്തിന് പോയപ്പോള്‍ ഒരു സഖാവ് ഭക്ഷണം തന്നതിന് ആ സഖാവിനെ ജില്ലാ കമ്മറ്റി മെമ്പര്‍ പങ്കെടുത്ത യോഗത്തില്‍ താക്കീത് ചെയ്തില്ലേ? എനിക്ക് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നു പറഞ്ഞ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ചെറുതാഴം എല്‍സിയെ കൊണ്ട് ബ്രാഞ്ചുകള്‍ക്ക് സര്‍ക്കുലര്‍ അയപ്പിച്ചില്ലേ? പയ്യന്നൂരിലെ ഒരു സഖാവ് എനിക്ക് ഭക്ഷണം തന്നു. എല്‍സി അദ്ദേഹത്തെ താക്കീത് ചെയ്തില്ലേ? പാര്‍ട്ടി ശത്രുക്കള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. അതു പോലും പാടില്ലന്നല്ലേ നിങ്ങളുടെ തീരുമാനം”.

രാഷ്ടീയ എതിരാളികളോടുള്ള സിപിഎമ്മിന്റെ സമീപനത്തെ തുറന്ന് കാണിക്കാന്‍ എംവിആര്‍ നേരിട്ട സംഭവങ്ങള്‍ പൊക്കിക്കൊണ്ടു വരാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇക്കാര്യം ഉന്നയിച്ച് വരും ദിവസങ്ങളില്‍ പ്രചരണം നടത്തും. ഇതിന് മറുപടി പറയാന്‍ എംവിആറിന്റെ മകനും ഇപ്പോള്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗവുമായ എംവി നികേഷ് കുമാറിനെ സിപിഎം രംഗത്തിറക്കുമോ എന്നാണ് ഇനി അറിയാനുളളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top