സിപിഐ മിണ്ടി തുടങ്ങിയപ്പോള്‍ തന്നെ തല്ലിയൊതുക്കാന്‍ സിപിഎം; മുഖ്യമന്ത്രിയുടെ മകള്‍ വീണ വലിയ സംഭവമാണെന്ന് പഠിപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ എസ്എഫ്‌ഐഒ കേസില്‍ രാഷ്ട്രീയ പിന്തുണ ഇല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിെന്റ നിലപാടിനെതിരെ വാളെടുത്ത് സിപിഎം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസ് എല്‍ഡിഎഫിന്റെ കേസല്ല. രണ്ട് കമ്പനികള്‍ തമ്മിലുള്ള കേസില്‍ രാഷ്ട്രീയ ലക്ഷ്യവുമായി കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ വേട്ടയാടിയാല്‍ മാത്രം പ്രതിരോധം എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്.
സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും വാദങ്ങളെ മുഴുവന്‍ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ മകളായതു കൊണ്ടാണ് വേട്ടയാടുന്നതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമം നടക്കുമ്പോഴാണ് മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷി മറിച്ചൊരു അഭിപ്രായം പറയുന്നത്. ഞങ്ങള്‍ മാത്രം വിശുദ്ധരെന്ന് പറഞ്ഞ് മേനി നടിക്കുന്ന സിപിഐ നിലപാട് ഇനിയും തുടരാന്‍ അനുവദിക്കേണ്ട എന്ന തീരുമാനത്തിലാണ് സിപിഎം.
ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട വിദ്യാഭ്യാസമന്ത്രി പാര്‍ട്ടി തീരുമാനപ്രകാരം ബിനോയ് വിശ്വത്തെ കടന്ന് ആക്രമിച്ച് ആ തീരുമാനം നടപ്പാക്കി. വീണക്കെതിരായ കേസിന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാന്‍ വീണക്ക് അറിയാം. കേസിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും ശിവന്‍കുട്ടി പറഞ്ഞു. കൂടാതെ മന്ത്രിസഭാ യോഗത്തില്‍
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തതിനേയും വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാശായത് കൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാല്‍ കേരളത്തിന്റെ നയങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്താം. മൂന്ന് പദ്ധതികള്‍ കേന്ദ്ര ഫണ്ടോടെ കൃഷി വകുപ്പും നടപ്പാക്കുന്നുണ്ട്. വികസനത്തിന് കേന്ദ്ര പണം ചെലവഴിക്കുന്നതില്‍ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങള്‍ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചു.
വ്യക്തമായ സന്ദേശം തന്നെയാണ് സിപിഎം നല്‍കിയിരിക്കുന്നത്. പലപ്പോഴും ഇടതു മുന്നണി എടുക്കുന്ന തീരുമാനങ്ങളുടെ ഗുണം അനുഭവിക്കുകയും പുറത്തിറങ്ങി നിന്ന് എതിര്‍ക്കുകയും ചെയ്യുന്നതാണ് സിപിഐ രീതി. ഇനി ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ മറുപടിയും അതേ നാണയത്തില്‍ തന്നെ ലഭിക്കും. എലപ്പുള്ളിയിലെ മദ്യപ്ലാന്റിന്റെ വിഷയത്തിലും സിപഐ നിലപാടില്‍ സിപിഎമ്മിന് എതിര്‍പ്പുണ്ട്. മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് ഉന്നയിക്കാതിരിക്കുകയും പുറത്ത് എതിര്‍ക്കുകയുമാണ് സിപിഐ ചെയ്തത്. ഇനി അത് വേണ്ട. അത് ചെയ്താല്‍ സിപിഐ വകുപ്പിലെ കാര്യങ്ങള്‍ വിളിച്ച് പറയും എന്നതിന്റെ ടെസ്റ്റ് ഡോസാണ് കൃഷി വകുപ്പിലെ കേന്ദ്ര പദ്ധതകികളെ കുറിച്ച് പറഞ്ഞ് സിപിഎം നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here