കുട്ടനാട്ടിലെ വിമതർ: പതിവുപോലെ സിപിഐ വല്യേട്ടനുമുന്നിൽ കീഴടങ്ങി, പൊതുതെരഞ്ഞെടുപ്പിൽ കാലുവാരുമെന്ന ഭയം, പ്രകോപിപ്പിച്ചാൽ നിലംപരിശാക്കുമെന്ന് സിപിഎം

ആലപ്പുഴ: കുട്ടനാട്ടിലെ കൂടുതൽ സിപിഎം വിമതന്മാർക്ക് അംഗത്വം നൽകാനുള്ള തീരുമാനത്തിൽ നിന്നു സിപിഐ പിൻന്മാറുന്നു. സിപിമ്മിന്റെ പരസ്യ ഭീഷണിയും ലോക്സഭ തെരഞ്ഞെടുപ്പിൽ കാലുവാരുമെന്ന ഭയവുമാണ് നിലപാടിൽനിന്നു പിന്നോട്ടു പോകാൻ സിപിഐയെ പ്രേരിപ്പിക്കുന്നത്.

സിപിഎമ്മിൽ നിന്നു കഴിഞ്ഞയാഴ്ച്ച 222 പേർ സിപിഐയിൽ ചേർന്നിരുന്നു. ഇതിനുബദലായി സിപിഎം കാൽനട ജാഥകൾ സംഘടിപ്പിക്കുകയും അതിരൂക്ഷമായി സിപിഐയെ വിമർശിക്കുകയും ചെയ്തിരുന്നു. കൂടുതൽപേർ പാർട്ടിവിടാൻ തയാറെടുക്കുന്നു എന്നറിഞ്ഞുകൊണ്ടാണ് സിപിഎം ജാഥ നടത്തിയത്. വിമത സിപിഎമ്മുകാർ ചേരേണ്ടിടത്താണ് പോയി ചേർന്നതെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞിരുന്നു. ഇതേ നാണയത്തിൽ തന്നെ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസും തിരിച്ചടിച്ചു. സിപിഐ കൂടെയുള്ളപ്പോൾ മാത്രമേ സിപിഎമ്മിനു മുഖ്യമന്ത്രി ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു ആഞ്ചലോസിന്റെ പരിഹാസം. കൂടുതൽ പ്രകോപനം ഇനിയുണ്ടാക്കണ്ടായെന്ന് ഇരുകൂട്ടരും തീരുമാനിച്ചമട്ടാണ്.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് എത്തി നിൽക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിനെ പിണക്കുന്നത് അബദ്ധമാകുമെന്ന നേതൃത്വത്തിന്റെ നിർദ്ദേശമാണ് സിപിഐയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നു കരുതുന്നു. വിമർശനം തുടർന്നാൽ സിപിഐക്ക് കനത്തവില നൽകേണ്ടിവരുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന സൂചന. സിപിഐ മത്സരിക്കുന്ന മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കുട്ടനാട് ഉൾപ്പെടെയുള്ള ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനം തനിച്ച് നടത്താൻ പോലും സിപിഐക്ക് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സിപിഎമ്മിനെ ആശ്രയിച്ചുള്ള എൽഡിഎഫിന്റെ സംഘടന സംവിധാനത്തിൽ കോട്ടം തട്ടിയാൽ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സിപിഐ നേതൃത്വം ഭയക്കുന്നു. സിപിഎം ഭീഷണിക്ക് മുന്നിൽ സിപിഐ മുട്ടുമടക്കിയതോടെ വലിയ ആവേശത്തോടെ എത്തിയ വിമതരും വെട്ടിലായി.

പറയാനുള്ളത് പറഞ്ഞെന്നും ഇനി പ്രകോപനമുണ്ടായാൽ മാത്രം പ്രതികരിച്ചാൽ മതിയെന്നുമാണ് ഇരു പാർട്ടികളുടെയും നിലപാട്. കഞ്ഞിക്കുഴി, കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്ന് കുറെ സിപിഎം വിമതർ സിപിഐയിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു തത്കാലം ഇവർക്ക് പാർട്ടി അംഗത്വം നൽകുന്ന പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിമതരെ പാർട്ടിയിലേക്ക് ആകർഷിച്ച് സിപിഎമ്മിനെ പ്രകോപിപ്പിക്കേണ്ടന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ്
സിപിഐ മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ സഹായമില്ലാതെ ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങാനുള്ള രാഷ്ട്രീയ ശക്തി സിപിഐക്കില്ല അതുകൊണ്ടു തന്നെ സിപിഎമ്മിനു മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റു വഴികളൊന്നും കാനത്തിനും കൂട്ടർക്കുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top