മോദി സര്‍ക്കാരിന്റെ ഭരണഘടന ഹത്യാദിനത്തോട് പ്രതികരിക്കാതെ ഇടത് പാർട്ടികള്‍; ഇഎംഎസ് ആര്‍എസ്എസ് നിരോധനത്തെ എതിര്‍ത്തിരുന്നു

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഭരണഘടനഹത്യാ ദിനമായി പ്രഖ്യാപിച്ചതിനെക്കുറിച്ച് മിണ്ടാതെ ഇടതുപക്ഷം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയെ എതിർക്കാൻ ആര്‍എസ്എസിനും ജനസംഘത്തിനൊപ്പം (ബിജെപിയുടെ പഴയ രൂപം) നിലപാടെടുത്ത സിപിഎം, മോദി സര്‍ക്കാരിന്റെ പുതിയ നീക്കത്തോട് പ്രതികരിക്കാതെ തന്ത്രപൂര്‍വം ഒഴിഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ഒട്ടുമിക്ക പാര്‍ട്ടികളും അക്കാലത്ത് അടിയന്തരാവസ്ഥയെ എതിര്‍ത്തവരാണ്. ഇന്നലെ പ്രത്യേക ഗസറ്റായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.

ഭരണഘടനാ സംരക്ഷണമെന്ന വാദം രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് അകത്തും പുറത്തും ഉയര്‍ത്തുന്നതിന് ബദലായിട്ടാണ് ഭരണഘടനാഹത്യാ ദിനം പ്രഖ്യാപിച്ച് തിരിച്ചടിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. തലക്കെട്ടുകളില്‍ ഇടം നേടാനുള്ള നീക്കമെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ജൂണ്‍ നാല് മോദിമുക്ത ദിവസമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു. നിലവിൽ ഇന്ത്യാ മുന്നണിയിലെ കക്ഷികളാരും തന്നെ മോദി സര്‍ക്കാരിന്റെ പുതിയ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. ഘടകകക്ഷികള്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കും വിധത്തിലുള്ള നിലപാട് സ്വീകരിക്കാനിടയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ആര്‍എസ്എസിനെ നിരോധിച്ചിരുന്നു. സ്വാഭാവികമായും ആര്‍എസ്എസ് അടിയന്തരാവസ്ഥക്കെതിരെ നിലപാട് എടുത്തു. എന്നാൽ അതിനൊപ്പം നിന്ന് ഇന്ദിരയെയും കേന്ദ്ര സർക്കാരിനെയും എതിര്‍ക്കുന്നതിന് എതിരെ സിപിഎമ്മിന്റെ അക്കാലത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യ വാദിച്ചു. സുന്ദരയ്യയുടെ എതിര്‍പ്പിനെ അവഗണിച്ച് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മറ്റിയും ആര്‍എസ്എസിനൊപ്പം അടിയന്തരാവസ്ഥാ വിരുദ്ധ നിലപാടെടുത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എന്തിൻ്റെ പേരിലായാലും ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസിനോട് യോജിക്കുന്നത് ജനാധിപത്യത്തിനും സിപിഎമ്മിനും അപകടം ചെയ്യും എന്നായിരുന്നു സുന്ദരയ്യയുടെ നിലപാട്. എന്നാല്‍ ഇത് കണക്കിലെടുക്കാത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് സുന്ദരയ്യ സെക്രട്ടറി സ്ഥാനം രാജിവെച്ചു. എന്നാല്‍ രാജിക്കാര്യം പാര്‍ട്ടി രഹസ്യമാക്കിവച്ചു. അദ്ദേഹത്തിന്റെ മരണശേഷം രാജിക്കത്ത് പുസ്തകമായി സുഹൃത്തുക്കള്‍ ‘ദ റെസിഗ്‌നേഷന്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിനെ നിരോധിച്ച ഇന്ദിര സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്ന നിലപാടാണ് കേരളത്തില്‍ സിപിഎം സ്വീകരിച്ചത്. ആര്‍എസ്എസ് നിരോധനത്തിന് എതിരായ നിലപാട് പ്രതിപക്ഷ നേതാവായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് നിയമസഭയിലും സ്വീകരിച്ചു. ഈ നിലപാടിനെ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ സഭയില്‍ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 1976 ഫെബ്രുവരി 23ന് നിയമസഭയില്‍
നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് അച്യുതമേനോന്റെ രൂക്ഷമായ വിമര്‍ശനം ഉണ്ടായത്.

“സര്‍, പ്രതിപക്ഷ നേതാവ് ആര്‍എസ്എസിനെ പറ്റി പറഞ്ഞു. ആര്‍എസ്എസിനെ ശക്തിയായി എതിര്‍ക്കുന്നുവെന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഇവിടെ പറഞ്ഞു. എതിര്‍ക്കുന്നുവെന്ന് പറയുന്നത് ശരിതന്നെ. അങ്ങനെയാണെങ്കില്‍ അതുപോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുന്നതിനെ എന്തിനാണ് അദ്ദേഹം എതിര്‍ക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും ഒരു പാര്‍ട്ടിയിലായിരുന്ന കാലത്ത് വളരെക്കാലം തുടര്‍ച്ചയായി നാഷണല്‍ കൗണ്‍സിലും പാര്‍ട്ടി കമ്മിറ്റികളിലും ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ് ആര്‍എസ്എസ്, എന്ന അര്‍ദ്ധ ഫാസിസ്റ്റ് സംഘടനയെ നിരോധിക്കണം എന്നത്. ഇന്ന് അദ്ദേഹം അവിടെ നിന്നും മാറിയിരിക്കുകയാണ്. അതിനുള്ള കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. ഇന്നു തന്നെ അദ്ദേഹം പറഞ്ഞത് എന്താണ്? ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിച്ചാല്‍ ആ പാര്‍ട്ടി ശക്തിപ്പെടും എന്നാണ്. അതുകൊണ്ട് ആര്‍എസ്എസിനെ നിരോധിക്കുവാന്‍ പാടില്ല എന്നാണോ മനസ്സിലാക്കേണ്ടത്. ഇതൊരു പുതിയ തത്വശാസ്ത്രമാണ്” -ഇതായിരുന്നു അച്യുതമേനോന്റെ പ്രസംഗം. (സി.അച്യുതമേനോൻ്റെ നിയമസഭാ പ്രസംഗങ്ങള്‍ ഭാഗം രണ്ട് 1969-1977)

അടിയന്തരാവസ്ഥക്ക് അനുകൂലമായ നിലപാടായിരുന്നു സിപിഐ സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top