സമാന്തര ഓഫീസ് തുറന്ന് സിപിഎമ്മിനെതിരെ അണികളുടെ പടപ്പുറപ്പാട്; സംഘടനാ പ്രശ്‌നങ്ങളില്‍ കറങ്ങി പാർട്ടി; എവിടെയെല്ലാം ഓടിയെത്തും എംവി ഗോവിന്ദന്‍
സിപിഎം സമ്മേളനകാലത്ത് തര്‍ക്കങ്ങളും പ്രതിഷേധങ്ങളും പതിവാണ്. അത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് പറഞ്ഞാണ് സിപിഎം ന്യായീകരണങ്ങള്‍ നിരത്തുന്നത്. എന്നാല്‍ ഇത്തരം തര്‍ക്കങ്ങളെല്ലാം സമ്മേളന ഹാളില്‍ തുടങ്ങി സമ്മേളന ഹാളില്‍ തന്നെ അവസാനിക്കാറാണ് പതിവ്. അങ്ങനെ അവസാനിപ്പിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നു. എന്നാലിന്ന് ആ സ്ഥിതി മാറുന്ന കാഴ്ചകളാണ് കാണുന്നത്.
പാലാക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഘടനാ പ്രശ്‌നം ആദ്യം രൂക്ഷമായത്. കോണ്‍ഗ്രസ് വിട്ടുവന്നയാളെ എല്‍സി സെക്രട്ടറി ആക്കിയതില്‍ ആയിരുന്നു തര്‍ക്കം. ഉപതിരഞ്ഞെടുപ്പ് സമയത്ത് അത് പൊട്ടിത്തെറിയായി. ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഈ പ്രതിഷേധം ഇന്നെത്തി നില്‍ക്കുന്നത് സമാന്തര ഓഫീസ് തുറക്കുന്നതിലാണ്. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിലാണ് ഇഎംഎസ് സ്മാരകം എന്ന പേരില്‍ സമാന്തര ഓഫീസ് തുറന്നത്. ജനസേവന കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും എന്നാണ് പ്രഖ്യാപനം.
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം തെരുവില്‍ എത്തിയത് സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്ന കൊല്ലം കരുനാഗപ്പള്ളിയിൽ ആണ്. സേവ് സിപിഎം എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രവര്‍ത്തകര്‍ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് പ്രകടനം നടത്തി. കൊള്ളക്കാരില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കൂവെന്ന് പ്ലാക്കാർഡുകൾ പോലും ഉയർത്തി. എല്ലാം ഉള്ളിലൊതുക്കുന്ന കാലം കഴിഞ്ഞെന്ന് തന്നെ പ്രവർചത്തകർ പാർട്ടിയോട് വിളിച്ചുപറയുന്ന മട്ടിലായിരുന്നു ഈ നീക്കമെല്ലാം.
കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഈ നിലയില്‍ എത്തിച്ചത്. ഇതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ നേരിട്ട് എത്തി ജില്ലാ കമ്മറ്റിയോഗം ചേര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിയെ ആകെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മറ്റിക്ക് ചുമതല നല്‍കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ നിലവിലെ കമ്മറ്റിക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് നേതൃത്വത്തിന്റെ ഈ നീക്കം. രണ്ടുമാസത്തിന് ശേഷം കൊല്ലത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനം സുഗമമായി നടത്താനുളള അറ്റകൈ പ്രയോഗമാണ് ഇതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
കൊല്ലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നതിനിടയിലാണ് കായംകുളത്തെ പാര്‍ട്ടി നേതാവ് ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വന്നത്. ജില്ലാ പഞ്ചായത്ത് അംഗമായ ബിപിന്‍ സി ബാബുവാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ആലപ്പുഴയിലെ പ്രശ്‌നങ്ങളും മറനീക്കി പുറത്തുവന്നു. ഇത് മാത്രമല്ല പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജി സുധാകരനെ അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് അടുപ്പിക്കാതെ വീട്ടിലിരുത്തിയതും വിവാദമായി. സുധാകരന്റെ വീടിന് ഒരു കിലോമീറ്റര്‍ ദൂരത്താണ് സമ്മേളനം നടന്നത്. ഒരുകാലത്ത് അമ്പലപ്പുഴയിലെ പാര്‍ട്ടിയെ കൈവള്ളയില്‍ കൊണ്ടുനടന്ന സുധാകരനെ പൊതുസമ്മേളനത്തില്‍ പോലും അകറ്റിനിർത്താൻ തീരുമാനിച്ചെന്ന് ചുരുക്കം. ഇതിന് സിപിഎം നല്‍കുന്ന വിശദീകരണം, മുതിര്‍ന്ന നേതാവിനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയെന്നാണ്.
പത്തനംതിട്ട തിരുവല്ലയിലെ പ്രതിസന്ധി കുറച്ചുകൂടി രൂക്ഷമാണ്. പീഡനക്കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് മുതൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ശക്തമായത്. രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിപിഎം തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഇതുവരെ നടത്താൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടി എടുത്തതിന്റെ പേരില്‍ ഡോ.തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നത് അടക്കമുള്ള കാര്യങ്ങൾ ഉണ്ടായിരുന്ന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി ഇടപെട്ട് പൂഴ്ത്തിവെച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പ്രശ്‌നം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇതോടെ ഡിസംബര്‍ 11ന് നടക്കേണ്ട ഏരിയ സമ്മേളനവും പ്രതിസന്ധിയിലായി കഴിഞ്ഞു. തിരുവല്ല സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയില്‍ പരുമല ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂട്ടരാജി സമര്‍പ്പിച്ചിരിക്കുകയാണ്.
ഈ പ്രശ്‌നങ്ങളെല്ലാം പ്രാദേശികമാണെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ടിട്ടും പരിഹാരം ഉണ്ടാകുന്നില്ല എന്നതാണ് അതീവ ഗുരുതരം. ലോക്കല്‍ കമ്മറ്റിയിലെ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാക്കാൻ ഓരോ സ്ഥലത്തും സംസ്ഥാന സെക്രട്ടറി നേരിട്ട് ഓടിയെത്തേണ്ടിവരുന്നു എന്നത് സിപിഎം സമീപകാലത്ത് എത്തിപ്പെട്ടിരിക്കുന്ന ഗതികേടിൻ്റെ നേർചിത്രമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here