ഷിബു-മോദി കൂടിക്കാഴ്ചയില്‍ ഉറഞ്ഞു തുള്ളിയ പിണറായി; എഡിജിപി ആര്‍എസ്എസ് ഉന്നതനെ കണ്ടതില്‍ നാവനക്കാതെ മുഖ്യമന്ത്രി

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ച സംഭവത്തില്‍ 10 ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹത. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച സംഭവത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണമെന്നായിരുന്നു പിണറായി ആവശ്യപ്പെട്ടത്.

2013 ഏപ്രില്‍ 20ന് അഹമ്മദാബാദില്‍ വെച്ചായിരുന്നു മോദി – ഷിബു കൂടിക്കാഴ്ച. ഗുജറാത്ത് തൊഴില്‍ മാതൃക പഠിക്കുന്നതിന്റെ ഭാഗമായാണ് ഔദ്യോഗികമായി മോദിയെ സന്ദര്‍ശിച്ചതെന്നായിരുന്നു ഷിബുവിന്റെ വിശദീകരണം. മോദിയെ തന്റെ അറിവോടെയായിരുന്നില്ല തൊഴില്‍ മന്ത്രി കണ്ടതെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം പ്രതിപക്ഷം അംഗീകരിച്ചില്ല. സന്ദര്‍ശനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു. മോദിയുടേയും ഷിബുവിന്റേയും കൂടിക്കാഴ്ച ഒരുപാട് ചോദ്യമുയര്‍ത്തുന്നു. അതിനെല്ലാം മുഖ്യമന്ത്രി കൃത്യമായ മറുപടി പറയേണ്ടതുണ്ടെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്. മുഖ്യമന്ത്രിക്കും യുഡിഎഫിനും പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാത്തതെ ന്നായിരുന്നു സിപിഎമ്മിന്റെ ആക്ഷേപം.

മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി മോദിയെ സന്ദര്‍ശിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വിടണമെന്ന് ശാഠ്യം പിടിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല മുഴുവന്‍ വഹിക്കുന്ന എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ച സംഭവം പുറത്തു വന്നിട്ട് 10 ദിവസമായിട്ടും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് തട്ടിയെടുക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് ഷിബുവിന്റെ സന്ദര്‍ശനം എന്നൊക്കെ അന്ന് യുഡിഎഫിനെ പരിഹസിച്ച സിപിഎം ഇപ്പോള്‍ തൃശൂരില്‍ ബിജെപി ജയിച്ചതിന്റെ പേരില്‍ പഴി കേള്‍ക്കുന്നതും ചരിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top