സമരങ്ങളോട് സിപിഎമ്മിന് ഒരു ലോഡ് പുച്ഛം; ആശാ വര്‍ക്കര്‍മാര്‍ അരാജകവാദികളുടെ പിടിയിലെന്ന് എളമരം കരിം

കഴിഞ്ഞ ഒമ്പത് വര്‍ഷമായി അധികാരത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന് സമരങ്ങളോട് പുച്ഛവും അധിക്ഷേപവും. മുന്നണിയെ നയിക്കുന്ന സിപിഎമ്മാണ് അവരുടെ കെയര്‍ഓഫില്‍ അല്ലാതെ നടക്കുന്ന സമരങ്ങളെ പല പേരിട്ട് ചാപ്പകുത്തുന്നത്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു നേതാവ് എളമരം കരിം പാര്‍ട്ടി പത്രത്തില്‍ ലേഖനം എഴുതിയിരിക്കുകയാണ്. ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണെന്നാണ് എളമരം കരീമിന്റെ നിലപാട്. ദേശാഭിമാനിയിലെ ലേഖനത്തിലുടനീളം സമരക്കാരെ അരാജക വാദികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നുണ്ട്.

‘ആര്‍ക്കുവേണ്ടിയാണ് ഈ സമര നാടകം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലുടനീളം പ്രതിഷേധം അനാവശ്യമാണെന്ന് സമര്‍ത്ഥിക്കുകയാണ്. മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച പൊമ്പിളൈ ഒരുമ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണ് നടക്കുന്നത്. ചില അരാജക സംഘടനകള്‍ ഏതാനും ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

സേവനം അനുഷ്ഠിക്കുന്നവര്‍ ആയതുകൊണ്ട് മറ്റ് ജീവനക്കാരെ പോലെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്ന ആവശ്യം നിയമപ്രകാരം നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. ഇപ്പോള്‍ നടക്കുന്ന സമരത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇക്കാര്യം നടപ്പാക്കിയിരുന്നോ എന്നും എളമരം ചോദിക്കുന്നു.

സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള തല്‍പ്പരകക്ഷികളുടെ കെണിയിലകപ്പെട്ട ആശാവര്‍ക്കര്‍മാരാണ് സെക്രട്ടറിയറ്റിനു മുന്നില്‍ സമരം നടത്തുന്നത്. മഹാ ഭൂരിപക്ഷം ആശമാരും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയപ്രേരിത സമരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും അക്രമാസക്ത സമരങ്ങള്‍ നടത്തിയിട്ടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിൽ ഇരിക്കുമ്പോഴാണ് ഏറ്റവും സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് തൊഴിലാളി സംഘടനാ നേതാക്കള്‍ രംഗത്തു വരുന്നത്. സി അച്ചുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ 1970 ജനുവരി 21ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി മട്ടന്നൂരിൽ സിഐടിയു പ്രവര്‍ത്തകര്‍ ബസ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേരാണ് അതിൽ വെന്തുമരിച്ചത്. ഇത്തരം അത്യന്തം ക്രൂരമായ സമരം നടത്തി പാരമ്പര്യമുള്ളവരാണ് ആശാവര്‍ക്കര്‍മാരുടെ സമാധാനപരമായ സമരത്തെ പുച്ഛിക്കുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകളും പ്രദേശവാസികളും നടത്തിയ സമരത്തെയും സമാനമായ വിധത്തിലാണ് സിപിഎം അധിക്ഷേപിച്ചത്. 140 ദിവസം നീണ്ട സമരത്തിന് പിന്നില്‍ തിരുവനന്തപുരം ലത്തീന്‍ രൂപതയിലെ മുതിര്‍ന്ന വൈദികനും മോണ്‍സിഞ്ഞോറുമായ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള തീവ്രവാദികളാണ് എന്നാണ് 2022 നവംബര്‍ 30ലെ ദേശാഭിമാനി ഒന്നാം പേജില്‍ അടിച്ചത്. ഇക്കാര്യത്തിൽ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നും പാർട്ടി പത്രം അവകാശപ്പെട്ടു. എന്നാൽ തീവ്രവാദി ബന്ധത്തിന് കേരള പോലിസ് ഒരുകേസു പോലും എടുത്തില്ല എന്നത് ശ്രദ്ധേയമാണ്. സിപിഎമ്മിനെതിരെ ആര് സമരം നടത്തിയാലും അവരെ തീവ്രവാദികളും അരാജകവാദികളും അര്‍ബന്‍ നക്‌സലൈറ്റുകളുമായി മുദ്രയടിക്കുന്നത് പതിവ് പരിപാടിയാണ്.

യൂജിന്‍ പെരേരയ്ക്ക് പുറമെ ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ സിപിഎമ്മിനൊപ്പം സമരം നടത്തിയ കെ വി ബിജു, ട്രാവന്‍കൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ എ ജെ വിജയന്‍, ഐടി കണ്‍സള്‍ട്ടന്റ് പ്രസാദ് സോമരാജന്‍, വലിയതോപ്പ് സ്വദേശി ബെഞ്ചമിന്‍ ഫെര്‍ണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോണ്‍ ജോസഫ്, കൊല്ലം അഞ്ചല്‍ സ്വദേശി ബ്രദര്‍ പീറ്റര്‍, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി ജാക്സന്‍ പൊള്ളയില്‍, പുല്ലുവിള സ്വദേശിനി സീറ്റാ ദാസന്‍ എന്നിവരെയാണ് തീവ്രവാദി പട്ടം ചാര്‍ത്തി ഗൂഢാലോചനാ സംഘത്തിലെ അംഗങ്ങളാക്കി സര്‍ക്കാര്‍ വിലാസം പത്രം വിശേഷിപ്പിച്ചത്.

തീവ്ര ഇടത്, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ സമരം ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നിരോധിച്ച തീവ്രവാദ സംഘടനയില്‍പ്പെട്ടവരും സമരക്കാര്‍ക്ക് ഒപ്പമുണ്ടെന്നും സിപിഎം മുഖപത്രം അന്ന് ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top