പി.ശശി ‘വര്‍ഗവഞ്ചകന്‍’ എന്ന് ജയരാജനെ പിന്തുണയ്ക്കുന്ന റെഡ് ആര്‍മി; കണ്ണൂര്‍ ഗ്രൂപ്പിലെ പൊട്ടിത്തെറി സൈബര്‍ ഇടങ്ങളിലേക്ക്

കണ്ണൂരിലെ പ്രബലനായ നേതാവ് പി.ജയരാജന് പിന്തുണ നല്‍കുന്ന സിപിഎം റെഡ് ആര്‍മി ഫെയ്സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ രൂക്ഷ വിമര്‍ശനം. ശശിക്കും എഡിജിപി എം.ആര്‍.അജിത് കുമാറിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വറിന് പിന്തുണയുമായാണ് സിപിഎമ്മിന്റെ സൈബര്‍ ആര്‍മി രംഗത്തുവന്നിരിക്കുന്നത്. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലെ പിളര്‍പ്പ് വ്യക്തമാക്കുന്നതാണ് റെഡ് ആര്‍മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പി.ജയരാജന് എതിരെ വാഴ്ത്തുപാട്ടുമായി രംഗത്തുവന്നത് വിവാദമായതോടെയാണ് പിജെ ആര്‍മി പേരുമാറ്റി റെഡ് ആര്‍മിയായത്.
ശശിയെ വര്‍ഗവഞ്ചകനായാണ് റെഡ് ആര്‍മി വിശേഷിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാർട്ടിയുടെ അടിവേര് പിഴുതെറിയാൻ ഇറങ്ങിത്തിരിച്ച പൊലീസ് ക്രിമിനലെന്നാണ് എഡിജിപി അജിത്കുമാറിനെ വിശേഷിപ്പിക്കുന്നത്.
പാർട്ടി മെമ്പർഷിപ്പ് പോലും ഇല്ലാത്ത വെറും അനുഭാവിയായ സഖാവ് പി.വി.അൻവർ ഒരു വിപ്ലവ മാതൃകയാണ്. ഇടതുപോക്കില്‍ അതൃപ്തരായ പാര്‍ട്ടി തന്നെ തന്നെ നല്‍കിയ തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി. ബ്രാഞ്ച് സമ്മേളങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതും പ്രാദേശികമായി പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ് എന്നും കുറിപ്പ് പറയുന്നു.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ:
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ സഖാവ് പി.വി.അൻവർ അക്കമിട്ട് നിരത്തിയ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടിയും ഏറ്റവും ആർജ്ജവമുള്ള തീരുമാനം കൈക്കൊള്ളും എന്ന് തന്നെയാണ് എന്നെപോലെ ഏതൊരു ഇടതുപക്ഷ സഹയാത്രികന്റെയും ഉറച്ച വിശ്വാസം.
ഈ കാലമത്രയും പൊളിറ്റിക്കൽ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തിൽ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാർട്ടിയുടെ അടിവേര് പിഴുതെറിയാൻ ഇറങ്ങി തിരിച്ച ADGP അജിത് കുമാറിനെ പോലുള്ള പോലീസ് ക്രിമിനലുകൾക്കൊപ്പം ചേർന്ന് SFI DYFI സഖാക്കളെ, പാർട്ടി സജീവ പ്രവർത്തനം നടത്തുന്ന പൊതുപ്രവർത്തകരെ തെരുവിലും പോലീസ് സ്റ്റേഷനുകളും പോലീസ് തല്ലി ചതക്കുന്നതിന് കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കുന്നതിന് ഇതുവരെയും പോലീസിന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്ത….സ്വർണ്ണക്കടത്തും കൊലപാതകം അടക്കം ADGP യുടെ നേതൃത്വത്തിൽ ചെയ്തു കൂട്ടിയ ക്രിമിനൽ ചെയ്തികൾക്ക് മൗനാനുവാദം നൽകിയ…പോലീസിലെ ക്രിമിലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേൽ ആകാരണമായി കുതിരകേറാൻ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സർക്കാരിനെയും പാർട്ടിയെയും പൊതുജനങ്ങൾക്ക് മുന്നിൽ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് ഓശനപാടിയ ഇതുപോലുള്ള വർഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാൻ അല്ലെങ്കിൽ പാർട്ടിയിൽ തന്നെ വെച്ചു പൊറുപ്പിക്കരുത്…ഒരുപാട് കർഷകരുടെ പോരാട്ടത്തിന്റെ വിയർപ്പിന്റെ ഗന്ധമാണ് ഈ പാർട്ടി.
പ്രതിരോധത്തിന്റെ പോർനിലങ്ങളിൽ മരണത്തെ ഭയക്കാതെ രക്ത സാക്ഷിത്വത്തിലേക്ക് നടന്നു കയറിയ ഒരുപാട് ധീര രക്തസാക്ഷികളുടെ ചോരകൊണ്ട് തുടുത്തതാണ് ഈ പാർട്ടി.. ഒരുപാട് പ്രവർത്തകരുടെ സഹനവും ത്യാഗവും ജീവനും ജീവിതവും പ്രതീക്ഷയുമാണ് ഈ പാർട്ടി…ഇന്നും ജീവിക്കുന്ന എത്രയോ രക്തസാക്ഷികളുടേതാണ് ഈ പാർട്ടി..അവരുടെ നെഞ്ചിൽ ചവിട്ടിനിന്ന് സ്വാർത്ഥ താല്പര്യത്തിനുവേണ്ടി അതിന് കളങ്കമേൽപ്പിക്കുന്ന പ്രവൃത്തി ആരിൽനിന്ന് ഉണ്ടായാലും അത് വെച്ചു പൊറുപ്പിക്കരുത്. സമ്മേളങ്ങൾ ചർച്ച ചെയ്യേണ്ടത് ഇതുപോലുള്ള പുഴുക്കുത്തുകളെ തുറന്നു കാട്ടുകയാണ് വേണ്ടത്.. അതുപോലെ തുടർച്ചയായ അധികാരത്തിന്റെ സുഖലോലുപതയിൽ പാർട്ടി ജനങ്ങളിൽനിന്ന് വ്യതിചലിച്ചുപോയോ അതിന് എന്തൊക്കെ ചെയ്യാൻ പറ്റും എന്നുകൂടെ പരിശോധിക്കേണ്ടതുണ്ട്.
തിരുത്തേണ്ടവ തിരുത്തി മുന്നേറണം പാർട്ടി മെമ്പർഷിപ് പോലും ഇല്ലാത്ത വെറും അനുഭാവിയായ സഖാവ് പി.വി.അൻവർ ഒരു വിപ്ലവ മാതൃകയാണ്.ബ്രാഞ്ച് സമ്മേളങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതും പ്രാദേശികമായ പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ്…ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന വിപത്തിന്റെ ആശരീരിയാണ്…എതിരാളികൾക്ക് വോട്ട് കൂടിയത് അവരുടെ മേന്മ കൊണ്ടല്ല നമ്മുടെ രാക്ഷ്ട്രീയത്തിന്റെ ഇപ്പോഴുള്ള പോക്കിലെ നമ്മുടെതന്നെ പ്രതിഷേധമാണ്.. അതൊരു സൂചനയാണ്..അകന്നുപോവുന്ന കണ്ണികൾ നമ്മളിലേക്ക് ഒന്നൂടെചേർത്തു നിർത്തണം വാക്കിലും നോക്കിലും രൂപവും ഭാവവും മാറണം മനുഷ്യത്വപരമായ ഇടപെടലുകൾ കൂടുതൽ ശ്രദ്ധിക്കണം..വിമർശനങ്ങൾ ആരോഗ്യപരമായി ഉൾക്കൊള്ളണം വീഴ്ചകൾ തെറ്റുകൾ തിരുത്തി നമുക്ക് മുന്നോട്ട് പോയെ പറ്റൂ… ലാൽസലാം..

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here