ആഡംബരബസും സീറ്റില്‍ വാഴകളും; നവകേരള യാത്രയെ വിമര്‍ശിച്ച കാര്‍ട്ടൂണിനെതിരെ സഖാക്കളുടെ മാസ് റിപ്പോര്‍ട്ടിംഗ്; എഫ്ബി അക്കൗണ്ട് പൂട്ടിച്ചു
പാലക്കാട്: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം ഒരിക്കല്‍ക്കൂടി തനിനിറം കാട്ടിയെന്ന് കാര്‍ട്ടൂണിസ്റ്റ് റിയാസ്.ടി.അലി. നവകേരള യാത്രയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ തന്റെ അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിംഗ് വഴി അവര്‍ പൂട്ടിച്ചുവെന്നും റിയാസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി റിയാസിന് വെരിഫൈഡ് ആയിരുന്ന അക്കൗണ്ടാണ് നഷ്ടമായത്. ബസിനകവശവും സീറ്റില്‍ വാഴകളും ചിത്രീകരിച്ചുള്ള കാര്‍ട്ടൂണാണ് സിപിഎം സൈബര്‍ പോരാളികളെ പ്രകോപിപ്പിച്ചത്. കാര്‍ട്ടൂണിന് താഴെ 26000 ഓളം പേര്‍ ലൈക്ക് ചെയ്യുകയും അത്രയും തന്നെ ഷെയറും കമന്റുകളും ലഭിച്ചിരുന്നു.
കാര്‍ട്ടൂണ്‍ വൈറലായതോടെ മാസ് റിപ്പോര്‍ട്ടിംഗ് വഴിയാണ് രണ്ട് ദിവസം മുന്‍പ് അക്കൗണ്ട് പൂട്ടിച്ചത്. കേട്ടാലറയ്ക്കുന്ന തെറികളും ഭീഷണികളും അടക്കമുള്ള കടുത്ത സൈബര്‍ ആക്രമണവും റിയാസിന് നേരിടേണ്ടി വന്നു. അക്കൗണ്ട് പൂട്ടിക്കുന്നതിന് മുന്നോടിയായി റിയാസും മകളും ഒപ്പമുള്ള ഒരു ഫോട്ടോ ആദരാഞ്ജലികള്‍ എന്ന അടിക്കുറിപ്പോടെ അയച്ച് നല്‍കുകയും ചെയ്തിരുന്നു. കാര്‍ട്ടൂണിസ്റ്റെന്ന നിലയിലുള്ള വരുമാനം മാര്‍ഗം കൂടിയാണ് ഒപ്പം നിലച്ചത്. കാരിക്കേച്ചര്‍ വരയ്ക്കുന്നതിനാല്‍ ഒട്ടുവളരെ ഓര്‍ഡറുകള്‍ ഈ അക്കൗണ്ട് വഴി ലഭിച്ചിരുന്നു.
”ആശയത്തെ ആശയംകൊണ്ട് നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് കള്ളങ്ങള്‍ നിരത്തി അക്കൗണ്ട് പൂട്ടിച്ചതെന്ന്” റിയാസ് പറഞ്ഞു. “തീര്‍ത്തും നിരുപദ്രവകരമായ കാര്‍ട്ടൂണ്‍ ആണത്. രാഷ്ട്രീയ എതിരാളികളെ വെട്ടിക്കൊല്ലുന്ന ശൈലി തന്നെയാണ് സിപിഎം സൈബര്‍ ഇടങ്ങളിലും പിന്തുടരുന്നത്. എന്നെ നശിപ്പിക്കാന്‍ അക്കൗണ്ട് ഇല്ലാതാക്കി. മുഖ്യമന്ത്രിയുടെ ബസ് യാത്ര തുടങ്ങിയതിന്റെ അടുത്ത ദിവസമാണ് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറലായതിനൊപ്പം സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോസ്റ്റിംഗ് നടത്തിയതിനാല്‍ ശാശ്വതമായി അക്കൗണ്ട് ഇല്ലാതാക്കുന്നു എന്നാണ് ഫെയ്സ് ബുക്ക് അറിയിച്ചത്. അത് എന്താണെന്ന് എനിക്കറിയില്ല”- റിയാസ് പറയുന്നു.
പതിനൊന്ന് വര്‍ഷത്തോളം സ്വകാര്യ ചാനലില്‍ ആങ്കറും പ്രൊഡ്യൂസറുമായിരുന്നു റിയാസ്. ചാനല്‍ വിട്ട ശേഷം ഇപ്പോള്‍ വരകളുടെ ലോകത്താണ്. കാര്‍ട്ടൂണില്‍ നിന്നും കാരിക്കേച്ചറില്‍ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് റിയാസും കുടുംബവും കഴിയുന്നത്. അതുകൊണ്ട് തന്നെ സിപിഎം സൈബര്‍ സഖാക്കളുടെ ചതി ഈ കലാകാരന് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here