‘മധു കാണാന്‍ വന്നത് ഒരു പെട്ടി പണവുമായി’; സിപിഎമ്മില്‍ നടക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത് എന്ന് തുറന്ന് പറഞ്ഞ് പാര്‍ട്ടി ജില്ലാ സെക്രട്ടറി

സിപിഎമ്മിന്റെ പ്രാദേശിക അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സ്വാധീനിക്കാന്‍ എന്തെല്ലാം വഴി നോക്കും. തുറന്ന് പറയുന്നത് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് ആണ്. മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ നേതൃത്വവുമായി ഉടക്കി ബിജെപിയില്‍ ചേര്‍ന്ന സംഭവം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായപ്പോഴായിരുന്നു ജോയിയുടെ പ്രതികരണം.

മധു മുല്ലശ്ശേരി ഒരിക്കൽ ഒരു പെട്ടി നിറയെ പണവും വിദേശ വസ്ത്രങ്ങളും സ്‌പ്രേയുമായി തന്നെ കാണാന്‍ വന്നിരുന്നു എന്നാണ് ജോയ് പറഞ്ഞത്. എന്നാൽ, പെട്ടിയെടുത്ത് ഇറങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറിയെ സ്വാധീനിക്കാന്‍ പാര്‍ട്ടി പദവിയിലിരിക്കുന്നവര്‍ ഏതടവും പയറ്റും എന്നാണ് ജോയ് പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ജോയ് വമ്പന്‍ പണപ്പിരിവ് നടത്തി എന്ന് മധു മുല്ലശ്ശേരി ആരോപിച്ചിരുന്നു. ആറ്റിങ്ങല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മംഗലപുരം ഏരിയാ സെക്രട്ടറി മധുവായിരുന്നു. അതുകൊണ്ട് തന്നെ മധുവിന്റെ വാക്കുകള്‍ തള്ളിക്കളയുക സിപിഎമ്മിന് എളുപ്പമല്ല. ഇത് മനസ്സില്‍ വച്ചായിരിക്കണം പണവുമായി തന്നെ കാണാന്‍ വന്ന കാര്യം ജില്ലാ സമ്മേളനത്തില്‍ ജോയ് എടുത്ത് പറഞ്ഞത്. പക്ഷെ സമ്മേളന പ്രതിനിധികള്‍ മധുവിന്റെ പ്രശ്നത്തില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്.

മധു മുല്ലശ്ശേരി കഴക്കൂട്ടം വഴി പോയപ്പോള്‍ വെറുതെ ഏരിയാ സെക്രട്ടറിയുടെ കസേരയില്‍ കയറിയിരുന്നതല്ല. മധുവിനെ സെക്രട്ടറിയാക്കിയ ഉത്തരവാദിത്വത്തില്‍ നിന്ന് നേതൃത്വങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നായിരുന്നു പ്രതിനിധികളുടെ പ്രധാന വിമര്‍ശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top