വിമര്‍ശനങ്ങള്‍ വെട്ടിനിരത്തി സാക്ഷാല്‍ പിണറായി; കോഴിക്കോട്ട് ശക്തനായി മന്ത്രി റിയാസ്; നിര്‍ണായക ഘട്ടം പിന്നിട്ട് സിപിഎം സമ്മേളനകാലം

സിപിഎം സമ്മേളനകാലത്തേക്ക് കടക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ വലിയ വിമര്‍ശനം ഉണ്ടാകും എന്നായിരുന്നു. ആദ്യം നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ഈ വിലയിരുത്തല്‍ ശരിവയ്ക്കും വിധിം വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ശൈലിയിലായിരുന്നു വിമര്‍ശനം. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലും ഇതേ രീതിയില്‍ ചെറുതും വലുതുമായ വിമര്‍ശനങ്ങള്‍ ഉണ്ടായി.
എന്നാല്‍ കോട്ടയം മുതല്‍ സമ്മേളനത്തിന്റെ രീതി മാറി. പാര്‍ട്ടി സമ്മേളനങ്ങളിലെ വിമര്‍ശനങ്ങളുടെ അപകടം മനസിലാക്കി സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തിറങ്ങി. അഞ്ച് ജില്ലാ സമ്മേളനങ്ങള്‍ക്ക് ശേഷം നടന്നതെല്ലാം പിണറായിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍. പരമാവധി മുഴുവന്‍ സമയവും മുഖ്യമന്ത്രി സമ്മേളനങ്ങളിൽ പങ്കെടുത്തു. ഇതോടെ വിമര്‍ശനങ്ങള്‍ കുറഞ്ഞു. അല്ലെങ്കില്‍ വിമര്‍ശനം ഉന്നയിക്കാന്‍ ഭയന്ന് പ്രതിനിധികള്‍ പിന്മാറി എന്ന് പറയാം.
ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കാര്യമായ വിമര്‍ശനം സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും എതിരെ ഉണ്ടായില്ല എന്നാണ് വിലയിരുത്തൽ. ആറു ജില്ലകളില്‍ പുതിയ സെക്രട്ടറിമാര്‍ വന്നു. വയനാട്ടില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പാര്‍ട്ടി സെക്രട്ടറി ആയത് അപ്രതീക്ഷിതമായിരുന്നു. സമ്മേളനകാലത്തെ ഏക അട്ടിമറിയും ഇതായിരുന്നു. പി ഗഗാറിന്‍ വീണ്ടും സെക്രട്ടറിയാകും എന്നാണ് കരുതിയത്. എന്നാല്‍ പുതിയ കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഗഗാറിനെ തള്ളി കെ റഫീഖിനെ പിന്തുണച്ചു. ഇതോടെ ഗഗാറിന്‍ തെറിച്ചു. വയനാടിന് പുറമേ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളില്‍ പുതിയ സെക്രട്ടറിമാര്‍ വന്നു.
ഇത്തവണ 5 ജില്ലാ സെക്രട്ടറിമാര്‍ ന്യൂനപക്ഷത്ത് നിന്നുള്ളവരാണ് എന്ന പ്രത്യേകതയുമുണ്ട്. 3 പേര്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും 2 പേര്‍ ക്രിസ്ത്യാനികളുമാണ്. കോഴിക്കോട് ജില്ലയില്‍ മന്ത്രി മുഹമ്മദ് റിയാസ് പിടിമുറുക്കി എന്നതാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴുള്ള പ്രധാന കാര്യം. നിലവിലെ സെക്രട്ടറി പി മോഹനന് പകരം കെ കെ ലതിക സെക്രട്ടറി സ്ഥാനത്ത് എത്തും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സെക്രട്ടറിയായത് റിയാസിന്റെ അടുപ്പക്കാരൻ മെഹബൂബും. ഇതിന് എല്ലാ പിന്തുണയും ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു.
സംസ്ഥാനസമ്മേളനം മാര്‍ച്ച് ആറുമുതല്‍ ഒന്‍പതുവരെ കൊല്ലത്താണ് നടക്കുന്നത്. ജില്ലാ സമ്മേളനങ്ങളില്‍ തന്നെ വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയതിനാല്‍ സംസ്ഥാന സമ്മേളനം പിണറായിക്ക് അനായാസമാകും എന്ന് ഉറപ്പാണ്. പേരിന് ചില വിമര്‍ശനങ്ങള്‍ വന്നാല്‍ വന്നു എന്നതാണ് സ്ഥിതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here