ഇഡ്ഡലി ശരണും ഗാന്ധിജിയും പിന്നെ രാജു ഏബ്രഹാമും; കാപ്പ കേസ് പ്രതിയെ രാഷ്ട്രപിതാവുമായി താരതമ്യം ചെയ്ത് സിപിഎം

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖലാ പ്രസിഡന്റ് ഇഡ്ഡലി എന്നറിയപ്പെടുന്ന ശരണ്‍ ചന്ദ്രനെ കാപ്പ കേസ് ചുമത്തി നാടുകടത്തിയതിനെ ന്യായീകരിച്ച് സിപിഎം. പത്തനംതിട്ട ജില്ലയില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് ശരണിനെ നാടുകടത്തിയത്. “കേസില്‍ ഉള്‍പ്പെടുന്നത് പാതകമല്ല, പാര്‍ട്ടിയില്‍ വരാന്‍ കേസുകള്‍ തടസ്സമല്ല. കാപ്പയിൽ ഉള്‍പ്പെട്ട പലരും നിരപാധികളാണ്. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിക്കെതിരെ പോലും കേസുകളുണ്ടായിരുന്നു” – ശരൺ ചന്ദ്രനെ ന്യായീകരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നടത്തിയ പ്രസ്താവന ഇങ്ങനെ.

കാപ്പക്കേസ് പ്രതി ഇഡ്ഡലിയും മഹാത്മാഗാന്ധിയും ഒരുപോലെയാണ് എന്ന് പറയുന്ന പാര്‍ട്ടി സഖാവിന്റെ ധാര്‍മ്മിക ബോധത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഇനി എന്ത് ന്യായീകരണം പറയുമെന്നാണ് കണ്ടറിയേണ്ടത്. ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ തള്ളിപ്പറയാന്‍ സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകനായിരുന്ന ശരണ്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. 63 ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സിപിഎമ്മില്‍ എത്തിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് മാലയിട്ട് ഇയാളെയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് ആനയിച്ചത്. സിപിഎമ്മില്‍ ചേരുന്നതിന് മുമ്പും ഇയാളെ കാപ്പ പ്രകാരം ആറ് മാസത്തേക്ക് ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു.

കാലാകാലങ്ങളില്‍ പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ രക്ഷതേടി ഗാന്ധിജിയെ പലരുമായി കൂട്ടിക്കെട്ടുന്നത് സിപിഎമ്മിന്റെ പതിവ് പരിപാടിയാണ്. മൂന്നാംകിട ഗുണ്ടയുമായി മാഹാത്മാവിനെ താരതമ്യപ്പെടുത്താനുള്ള മനോഭാവം എതിര്‍ക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ട്. നരേന്ദ്ര മോദി അധികാരമേറ്റശേഷം 2014 മുതല്‍ ഗാന്ധിജിയെ ഹിന്ദുത്വ ശക്തികള്‍ വീണ്ടും വീണ്ടും വെടിവക്കുന്നത് പതിവാണ്. സിപിഎമ്മും ഏറെക്കുറെ അതേ പാതയിൽ തന്നെ.

സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് അബ്ദുല്‍ നാസര്‍ മദനിക്ക് കേരള രാഷ്ട്രീയത്തില്‍ സ്വീകാര്യത ഉണ്ടാക്കി കൊടുക്കാന്‍ മുമ്പ് ഗാന്ധിജിയുമായി താരതമ്യം ചെയ്തിരുന്നു. 31 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1994 ജൂലൈ 4ന് ദേശാഭിമാനിയില്‍ എഴുതിയ പ്രതിവാര രാഷ്ടീയ കുറിപ്പുകള്‍ എന്ന പംക്തിയില്‍ ‘മതമൗലികത രണ്ടു തരം’ എന്ന ലേഖനം വലിയ കോളിളക്കമുണ്ടാക്കി. സുലൈമാന്‍ സേട്ട്, അബ്ദുല്‍ നാസര്‍ മദനി എന്നിവരുമായി മഹാത്മാഗാന്ധിയെ താരതമ്യം ചെയ്തു കൊണ്ടാണ് ഇഎംഎസ് ലേഖനം എഴുതിയത്.

ALSO READ : മദനിയെ ഗാന്ധിയോട് ഉപമിച്ച് ഇഎംഎസ്!! പ്രതിയാക്കി നായനാർ, വീണ്ടും വെളുപ്പിച്ച് പിണറായി; രണ്ട് അറസ്റ്റും ഇടത് ഭരണത്തിലെന്ന വൈരുധ്യവും

‘മതമൗലികതയുടെ കാര്യത്തില്‍ സേട്ടും മദനിയും ശിഹാബ് തങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ദേശീയ പ്രസ്ഥാനത്തിലെ സമുന്നത നേതാക്കളായിരുന്നു സ്വയം ഹിന്ദുക്കളായ തിലകനും മഹാത്മാ ഗാന്ധിയും. അതുപോലെ മുസ്ലീം നേതാക്കന്മാരില്‍ നിന്ന് അബ്ദുല്‍ കലാം ആസാദ്, അബ്ദുല്‍ ഗാഫര്‍ ഖാന്‍ മുതലായവരും ഉണ്ടായിരുന്നു. അവരെല്ലാം മതമൗലിക വാദികളായിരുന്നു” -ഇതാണ് ഇഎംഎസ് ലേഖനത്തില്‍ എഴുതിയത്. ഇഎംഎസിന്റെ ഈ പ്രസ്താവനക്കെതിരെ ദേശവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.

ഇഎംഎസിന്റെ നിരീക്ഷണങ്ങളേക്കാള്‍ നിന്ദ്യവും നീചവുമാണ് രാജു ഏബ്രഹാമിന്റെ വാക്കുകള്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇഡ്ഡലിയെപ്പോലെ മഹാത്മാവും പെണ്ണുകേസിലും, കൊലപാതക, മയക്കുമരുന്നു കേസിലും പ്രതിയാണെന്ന് സ്ഥാപിക്കാനാണോ 25 വർഷം നിയമസഭാംഗമായിരുന്ന രാജു ഏബ്രഹാം ശ്രമിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top