പാനൂർ പൊട്ടിത്തെറി അന്വേഷണത്തിൽ സിപിഎമ്മിന് അതൃപ്തി; പാർട്ടിക്കെതിരെ പോലീസ് വിവരം ചോർത്തിനൽകി; ഗൂഡാലോചന ഉണ്ടെന്ന് സംശയം

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ പോലീസ് നടത്തിയത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഡാലോചനയെന്ന് സിപിഎം. ഇക്കാര്യം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. പത്തിലധികം പേര്‍ സ്‌ഫോടന ക്യാമ്പില്‍ പങ്കെടുത്തുവെന്നും മറ്റും വരുത്തി കൂടുതല്‍ പേരെ അറസ്റ്റു ചെയ്തതിന് പിന്നില്‍ പോലീസിലെ കോണ്‍ഗ്രസ് അനുകൂലികളാണോ എന്ന സംശയം പാര്‍ട്ടിക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ ബോധപൂര്‍വ്വമായ ശ്രമം പോലിസിന്റെ ഭാഗത്തു നിന്നുണ്ടായി. മുമ്പും കണ്ണൂരില്‍ ഇത്തരം പൊട്ടിത്തെറികളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്ത തരത്തില്‍ തിയറികള്‍ പോലീസ് പ്രചരിപ്പിച്ചു എന്നാണ് പാർട്ടിയുടെ പരാതി. ഇതിനെ സിപിഎം ഗൗരവത്തോടെയാണ് എടുക്കുന്നത്.

ബോംബ് സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവരാണ് എല്ലാം ചെയ്തതെന്ന് പാര്‍ട്ടി സെക്രട്ടറി തുടക്കത്തിലേ വിശദീകരിച്ചു. ബോംബ് പൊട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്നും മറ്റ് പാര്‍ട്ടിക്കാരുമായാണ് ബന്ധമെന്നും വടകരയിലെ സ്ഥാനാര്‍ത്ഥിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ കെകെ ശൈലജയും പ്രഖ്യാപിച്ചു. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കുന്ന തരത്തിലേക്ക് പോലീസ് അന്വേഷണം പോയി. ഡിവൈഎഫ്ഐ നേതാക്കളെ പോലും പിടിച്ചു. അവര്‍ രക്ഷാപ്രവര്‍ത്തകരാണെന്ന് സിപിഎം സെക്രട്ടറി വിശദീകരിച്ചപ്പോള്‍ അങ്ങനെ അല്ലെന്ന് പറഞ്ഞു വയ്ക്കാനായിരുന്നു പോലീസിന് തിടുക്കം. ഇതിലെല്ലാം ഗൂഡാലോചന കാണുന്നുണ്ട് സിപിഎം. പോലീസിലെ പാര്‍ട്ടി പിടി അയയരുത് എന്നതാണ് സിപിഎമ്മിന്റെ ആവശ്യം.

പൂക്കോട്ടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. എന്നാല്‍ ഇത് അട്ടിമറിക്കാനാണ് പോലീസ് ശ്രമിച്ചത്. ഇത് സര്‍ക്കാരിന് തീരാനാണക്കേടായി. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ പോലീസിനെ കടന്നാക്രമിച്ചു. എസ്എഫ്ഐ നേതാവ് ആര്‍ഷോയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു. ഇതിന് വഴിവച്ചതും പോലീസിലെ പ്രശ്‌നക്കാരാണ്. ഇനി ഇങ്ങനെ ഉണ്ടാകരുതെന്നാണ് സിപിഎം നിര്‍ദ്ദേശം. പാനൂരില്‍ സിപിഎമ്മിനെ ഏകപക്ഷീയമായി തളര്‍ത്താനുള്ള നടപടികളാണുണ്ടായത്. അതും രാഷ്ട്രീയമായി. വടകരയിലും കണ്ണൂരിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്ന് അറിയാവുന്ന പോലീസാണ് സിപിഎമ്മിനെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കിയതെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. രണ്ടിടത്തും ഇത് സിപിഎമ്മിനെതിരെ വലിയ പ്രചരണായുധമായി.

തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് പെരുമാറ്റചട്ടമുണ്ട്. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധീനതയിലാണ്. ഈ സാഹചര്യം പോലീസിലെ ചിലര്‍ ദുരുപയോഗപ്പെടുത്തി എന്നാണ് സിപിഎം വിലയിരുത്തല്‍. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി പൊലീസ് വിവാദങ്ങളെ ആളിക്കത്തിച്ചു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് ബോബ് നിര്‍മ്മിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പക്ഷേ പ്രതികളെല്ലാം സിപിഎമ്മുകാരുമായി. ഇതോടെ പാര്‍ട്ടി നേതൃത്വം തീര്‍ത്ത പ്രതിരോധമെല്ലാം പൊതുസമൂഹത്തില്‍ തകര്‍ന്നു.

എതിരാളികളായ ഗുണ്ടാസംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത് എന്ന് പോലീസ് വിശദീകരിച്ചു. മുളിയാത്തോട് സംഘത്തെ നയിച്ചത് പരിക്കേറ്റ വിനീഷായിരുന്നു. കൊളവല്ലൂര്‍ സ്വദേശി ദേവാനന്ദിന്റെ സംഘവുമായി ഇവർ ഏറ്റുമുട്ടി. മാര്‍ച്ച് എട്ടിന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയും സംഘര്‍ഷമുണ്ടായി. ഇതാണ് കുടിപ്പകയിലേക്കും ബോംബ് നിര്‍മ്മാണത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പിടിയിലായ എല്ലാവര്‍ക്കും ബോംബ് നിര്‍മാണത്തെ കുറിച്ച് അറിവുണ്ട്. അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അമല്‍ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളള ആളാണെന്നും പൊലീസ് വിശദീകരിക്കുന്നു.

കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്നുപേരും ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് പ്രതികള്‍. ഇതില്‍ ആറുപേര്‍ അറസ്റ്റിലായി. രണ്ടുപേര്‍ ഒളിവിലാണ്. ഒളിവിലുളള ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിര്‍മാണത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുന്നോത്തുപറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാല്‍. അമല്‍ ബാബു, അതുല്‍, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top