വിഎസിലും മാരകമായി ഇ.പി. സിപിഎമ്മിനെ ഞെട്ടിക്കുന്നു; ജയരാജന് ഇത് എന്തുപറ്റിയെന്ന് ആലോചിച്ച് പാര്‍ട്ടിയും പിണറായിയും
കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം വിഎസ് എത്തിയത് പാർട്ടിയുടെ നെഞ്ചിൽ തീകോരിയിട്ടത് പോലെയായിരുന്നു. അത്തരം മുൻ അനുഭവങ്ങളൊന്നും ഇല്ലാതിരിക്കെ എങ്ങനെ പ്രതികരിക്കണം എന്നുമറിയാത്ത പ്രതിസന്ധിയിലാണ് അത് പാർട്ടിയെ കൊണ്ടെത്തിച്ചത്. സിപിഎം നേതാക്കളുടെ നിരന്തര ആക്ഷേപങ്ങൾക്ക് ഇരയായി കൊണ്ടിരുന്ന ടിപിയുടെ വിധവ കെകെ രമയെ കൈപിടിച്ച് ആശ്വസിപ്പിച്ചു. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുമുണ്ടായി. സിപിഎം എട്ടുനിലയില്‍ പൊട്ടി. വിഎസിന്റെ ഈ നീക്കം കാലങ്ങളോളം സിപിഎമ്മില്‍ പുകഞ്ഞു. ഈ മാതൃക ഇപി ജയരാജൻ ഏറ്റെടുത്തത് പോലെയാണ് ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് ദിനത്തിൽ കണ്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാനഭാഗത്താണ് ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറെ ഇടത് മുന്നണി കണ്‍വീനറായിരുന്ന ഇപി ജയരാജൻ കണ്ടുവെന്ന വെളിപ്പെടുത്തൽ ശോഭാ സുരേന്ദ്രൻ നടത്തിയത്. അത് വലിയ ചര്‍ച്ചയായെങ്കിലും പ്രതിരോധിക്കാനാകാത്ത അവസ്ഥയിലേക്ക് പാർട്ടിയെ എത്തിച്ചത് വോട്ടെടുപ്പ് ദിനത്തിൽ ഇപി തന്നെ അത് തുറന്നു സമ്മതിച്ചതോടെയാണ്. ഇതോടെ അന്നുതന്നെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി ഇപിയെ വിമര്‍ശിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. പിന്നാലെ മുന്നണി കണ്‍വീനര്‍ സ്ഥാനവും നഷ്ടമായി. ഇതോടെ പാര്‍ട്ടി കമ്മറ്റികള്‍ പോലും ഒഴിവാക്കി രാഷ്ട്രീയ വനവാസത്തിലായ ഇപിയെ പിന്നെ പാര്‍ട്ടി വേദിയില്‍ കണ്ടത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മരിച്ചപ്പോഴായിരുന്നു.
അപമാനിച്ച് ഇറക്കിവിട്ടു എന്ന വികാരം ഉണ്ടായിരുന്നെങ്കിലും പരസ്യ പ്രതികരണങ്ങള്‍ക്ക് ഇപി തയാറായിരുന്നില്ല. എല്ലാം പുസ്തകം എഴുതി വെളിപ്പെടുത്താം എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ അത് ഇതുപോലെ ഒരു ദിവസം ഉണ്ടാകുമെന്ന് സിപിഎം സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ചേലക്കര നിലനിര്‍ത്തി മുഖം രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. തന്റെ പുസ്തകം ഇങ്ങനെ അല്ലെന്ന ദുർബല വിശദീകരണമാണ് ഇപ്പോൾ ഇപിക്ക് ഉള്ളത്. ഇത് അംഗീകരിച്ച് മുന്നോട്ടു പോകാന്‍ മാത്രമേ സിപിഎമ്മിന് ഇപ്പോള്‍ നിർവാഹമുള്ളൂ. അതാണ് നേതാക്കള്‍ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.
കേന്ദ്രകമ്മിറ്റിയംഗമായ ഇപി ജയരാജനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നിനു പിറകേ ഒന്നായി സിപിഎമ്മിനെ പലപ്പോഴും വെട്ടിലാക്കിയിരുന്നു. ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടും, ബിജെപി നേതാവും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർകത്ഥിയും ആയിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തം പ്രതിപക്ഷനേതാവ് പുറത്തുവിട്ടിരുന്നു. ആത്മകഥയുടെ കാര്യത്തിലെന്ന പോലെ ആദ്യം ഇത് നിഷേധിച്ച് ഇപി, നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാൽ പിറ്റേന്ന് തന്നെ എല്ലാം സമ്മതിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് ഇതിനെ ന്യായീകരിക്കാന്‍ കുറച്ചൊന്നുമല്ല സിപിഎം ബുദ്ധിമുട്ടിയത്.
ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ഒരുപിടി ആരോപണങ്ങളാണ് ഇപിക്ക് നേരെയുണ്ടായത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായി. മാർട്ടിൻ്റേത് അടക്കം കമ്പനികൾക്ക് എതിരെ വിഎസ് അച്യുതാനന്ദൻ സർക്കാർ ശക്തമായ നിയമയുദ്ധം നടത്തുമ്പോൾ ആയിയിരുന്നു ഇത്. ദേശാഭിമാനിയുടെ വികസന ബോണ്ടാണ് താന്‍ വാങ്ങിയതെന്ന് ആയിരുന്നു ജയരാജന്റെ ആദ്യ വിശദീകരണം. പാര്‍ട്ടി വേദികളിലും പുറത്തും വിവാദമായപ്പോള്‍ അത് ബോണ്ടല്ലെന്നും പലിശ സഹിതം തിരിച്ച് നല്‍കുന്ന നിക്ഷേപമാണെന്നും വിശദീകരിച്ചു. എന്നാൽ പിന്നീടും അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ രണ്ടുകോടി തിരിച്ച് നല്‍കി തടിയൂരാന്‍ തീരുമാനിക്കുകയും ചെയ്തു.
അതേവര്‍ഷം ഇപി ജയരാജന്‍ വര്‍ക്കിങ് ചെയര്‍മാനായ നായനാര്‍ ഫുട്ബോള്‍ സംഘാടക സമിതി, വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയതും ജയരാജന് കുരുക്കായി. 2013ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുമ്പോൾ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ കളങ്കിത വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ (വി.എം.രാധാകൃഷ്ണന്‍) സൂര്യ ഗ്രൂപ്പിന്റെ പരസ്യം സ്വീകരിച്ചതും വലിയ വിവാദമായി. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ കെട്ടിടവും 32 സെന്റ് ഭൂമിയും ചാക്ക് രാധാകൃഷ്ണൻ്റെ കമ്പനിക്ക് 3.3 കോടിക്ക് വിറ്റതിനെച്ചൊല്ലി ഉണ്ടായ വിവാദവും ജയരാജൻ്റെ സംഭാവന ആയിരുന്നു. കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് ബീഡിയും വലിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ഇക്കാലത്ത് ആളുണ്ടാകില്ല എന്ന ജയരാജന്റെ പ്രസംഗവും വലിയ ചർച്ചക്ക് വഴിവച്ചതാണ്. കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന് ആത്മക്കഥയുടെ പേര് തന്നെ ഉണ്ടായതും ഈവഴിക്കാണ്.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധുവും കേന്ദ്രകമ്മറ്റിയംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്ഐഇയുടെ എംഡിയായി നിയമിച്ചത് വിവാദമായി. ബന്ധുനിയമന വിവാദം ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമായതോടെ ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ഈ നിയമനത്തില്‍ അഴിമതിയില്ലെന്ന് പിന്നീട് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വന്നു.
സംസ്ഥാന സെക്രട്ടറിയും പിന്നീട് മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശക്തമായ പിന്തുണയിലാണ് നടപടികളില്‍ നിന്ന് ജയരാജന്‍ എല്ലാ കാലത്തും രക്ഷപ്പെട്ടിരുന്നത്. വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് അതീവ ഗുരതരായ സാമ്പത്തിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുപോലും ഒരു സംഘടനാ നടപടിയും ഉണ്ടാകാതെ തന്റെ വിശ്വസ്തനെ പിണറായി രക്ഷിച്ചെടുത്തു. ഈ പരിരക്ഷ ഇപിക്ക് നഷ്ടമായതോടെയാണ് മുന്നണി കണ്‍വീനര്‍ സ്ഥാനം തെറിച്ചത്. സിപിഎമ്മില്‍ ഇപ്പോള്‍ സമ്മേളനക്കാലമാണ്. ഈ സമയത്ത് നടക്കുന്ന ഈ വിവാദങ്ങള്‍ കേന്ദ്രകമ്മറ്റി സ്ഥാനത്തിന് വെല്ലുവിളിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here