ആത്മകഥാ വിവാദത്തില്‍ ഇ.പിയുമായി കരാര്‍ ഇല്ലെന്ന് രവി ഡിസി; ആശയവിനിമയം മാത്രമാണ് നടന്നതെന്ന് പോലീസില്‍ മൊഴി
ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസില്‍ മൊഴി നല്‍കി രവി ഡിസി. ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും കേവലം ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഡി.സി. ബുക്സ് ഉടമ പോലീസിന് മൊഴി നല്‍കി. കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. രണ്ടു മണിക്കൂര്‍ നീണ്ടു മൊഴിയെടുപ്പില്‍ രവി ഡിസി നല്‍കിയിരിക്കുന്ന ഇപിയുടെ വാദങ്ങളെ ശരിവയ്ക്കുന്ന കാര്യങ്ങളാണ്.
കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ പുറത്തു വന്ന 178 പേജുളള പി.ഡി.എഫ് സംബന്ധിച്ച് അറിയില്ലെന്നായിരുന്നു മൊഴി. ഇത് എങ്ങനെ പുറത്തുവന്നു എന്നും വിവരമില്ല. പുസ്തക പ്രകാശനം സംബന്ധിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലും വിശദീകരണം നല്‍കിയില്ല.
ചേലക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് ഇ.പി. ജയരാജന്റെ ആത്മകഥ എന്ന് പേരിലുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ പുറത്തെത്തിയത്. സിപിഎം നേതാക്കള്‍ക്കും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിനുമെതിരെ കടുത്ത പ്രയോഗങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.
പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. പിന്നാലെ ഡിജിപിക്ക് പരാതിയും നല്‍കി. ഇതിലെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ഇപിയുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here