ബോംബുണ്ടാക്കിയവര്‍ വഴിപിഴച്ചു പോയവരെന്ന് ശൈലജ; ഡിവൈഎഫ്‌ഐ നേതാവ് സ്ഥലത്ത് പോയത് രക്ഷാപ്രവര്‍ത്തനമെന്ന് ഗോവിന്ദന്‍; ന്യായീകരിച്ചും തള്ളിപ്പറഞ്ഞും കൈകഴുകാന്‍ സിപിഎം

കണ്ണൂര്‍ : പാനൂര്‍ ബോംബ് സ്‌ഫോടനം സജീവ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമായി യുഡിഎഫ് ഉയര്‍ത്തുമ്പോള്‍ പ്രതിരോധത്തിന് വഴിതേടി സിപിഎം. ബോംബ് നിര്‍മ്മിച്ചവരെ മുഴുവന്‍ ആദ്യം മുതല്‍ തള്ളിപ്പറഞ്ഞ പാര്‍ട്ടിക്ക് പക്ഷേ ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ വലിയ വെല്ലുവിളിയാണ്. പരിക്കേറ്റവര്‍ക്കും ബോംബ് നിര്‍മ്മിച്ചവര്‍ക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് സിപിഎം. എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവടക്കം അറസ്റ്റിലായതോടെ പുതിയ ന്യായീകരണങ്ങള്‍ തേടുകയാണ്.

ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടിയ പോലീസിനും വിമര്‍ശനമുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നിരപരാധിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് പോയത് രക്ഷാപ്രവര്‍ത്തനത്തിനാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയാണ് ഇയാള്‍ ചെയ്തത്. ഇയാളെ പ്രതിയാക്കിയത് പുനപരിശോധിക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. മീത്തല കുന്നോത്ത്പറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ബാബുവിന്റെ അറസ്റ്റിനെയാണ് സിപിഎം വിമര്‍ശിക്കുവന്നത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനീഷിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പിതാവ് എകരത്ത് നാണുവിന്റെ പ്രസ്താവനയാണ് സിപിഎം പ്രതിരോധത്തിന് ഉപയോഗിക്കുന്ന മറ്റൊരു ആയുധം. സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗമായ തന്റെ മകന്‍ എന്ന ബന്ധം മാത്രമേ വിനീഷിന് പാര്‍ട്ടുമായുളളു. തെറ്റായവഴി പോയപ്പോള്‍ താനും പാര്‍ട്ടിയും പലതവണ വിലക്കിയതാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരുമായും വിനീഷ് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. അതോടെയാണ് നാളുകള്‍ക്ക് മുമ്പ് പാര്‍ട്ടി തള്ളിപ്പറഞ്ഞത്. നാട്ടിലെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെന്നും നാണു പറയുന്നു.

ബോംബുണ്ടാക്കിയവര്‍ വഴിപിഴച്ചു പോയവരെന്നാണ് വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിയും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ കെ.കെ. ശൈലജയുടെ പ്രതികരണം. ക്രിമിനലുകളെ ക്രമിനലുകളായി മാത്രം കണ്ടാല്‍ മതി. അവരുടെ പശ്ചാത്തലവും രാഷ്ട്രീയവും തിരയേണ്ട ആവശ്യമില്ല. നല്ല പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നും ഇത്തരം ക്രിമിനലുകള്‍ ഉണ്ടാകാറുണ്ട്. അവരെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ശക്തമായ നടപടിയുണ്ടാകുമെന്നും ശൈലജ പ്രതികരിച്ചു.

ഇങ്ങനെ ന്യായീകരിച്ചും തള്ളിപ്പറഞ്ഞും കൈകഴുകാന്‍ ശ്രമിക്കുകയാണ് സിപിഎം. എന്നാല്‍ വിഷയം പരമാവധി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമം. സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും ബോംബുണ്ടാക്കിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നുമാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്. ഈ പ്രചരണത്തിലെ അപകടം മനസിലാക്കിയാണ് സിപിഎം എല്ലാവഴിയിലും പ്രതിരോധം ലക്ഷ്യമിട്ടിറങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top