ഏരിയാ കമ്മിറ്റിയംഗം ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ; വീട് നിര്‍മ്മിക്കുന്നതിന് നേതാവ് ഉടക്കിടുന്നുവെന്ന് പരാതി; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത മറ്റൊരു തലത്തിലേക്ക്

ചേര്‍ത്തല: ആലപ്പുഴ സിപിഎമ്മില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയത മറ്റൊരു തലത്തിലേക്ക്. വാരനാട് സര്‍വീസ് സഹകരണ സംഘം പ്രസിഡനറും കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയംഗവുമായ എ.കെ പ്രസന്നനെതിരെ കട്ടച്ചിറ ബ്രാഞ്ച് കമ്മിറ്റി മുന്‍ സെക്രട്ടറിയുടെ ഭാര്യയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും പുതുതായി നിര്‍മ്മിക്കുന്ന വീടും സ്ഥലവും വിറ്റുപോകാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ലിജ സുജിത്തിന്റെ പരാതി. തണ്ണീര്‍മുക്കം പഞ്ചായത്ത് അധികൃതര്‍ക്കും ആര്‍ഡിഒയ്ക്കും പരാതി നല്‍കിയതിന് പുറമേ ഏരിയാ കമ്മിറ്റിയംഗത്തിന്റെ പീഡനങ്ങളെക്കുറിച്ച് ഫെയ്സ്ബുക്കില്‍ വീഡിയോയും ലീജ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വര്‍ഗശത്രുക്കള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണ് പാര്‍ട്ടി നേതാവ് ചെയ്യുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. സംഭവം ആലപ്പുഴ സിപിഎമ്മില്‍ പുകയുകയാണ്.

താന്‍ ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ പാര്‍ട്ടിയില്‍ പ്രസന്നന്‍റെ എതിരാളികളുമായി ബന്ധം വെച്ചതാണ് പ്രശ്നകാരണമെന്നാണ് ലീജയുടെ ഭര്‍ത്താവ് സുജിത്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. “നിരന്തരം എനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നു. എന്നെ കൈകാര്യം ചെയ്യാന്‍ വരെ പ്രസന്നന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്.” സുജിത്ത് പറഞ്ഞു.

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ സുജിത്ത് 2017ല്‍ ഏഴ് സെന്റ്‌ സ്ഥലം വാങ്ങിയിരുന്നു. 2021ല്‍ വീട് പണി തുടങ്ങി. ഈ ഘട്ടത്തില്‍ ഇവരുടെ വീടിന് പിറകിലെ സ്ഥലം പ്രസന്നന്‍ വാങ്ങിച്ചു. വഴിയിലും അവകാശവാദം ഉന്നയിച്ചു. വഴിത്തര്‍ക്കം ഉന്നയിച്ച് വീടുപണി നിര്‍ത്തിവെപ്പിച്ചു. സിപിഎം നേതാക്കള്‍ ഇടപെട്ട് പ്രശ്നം താത്കാലികമായി ഒത്തുതീര്‍ത്തു. സുജിത്തിന്റെ വഴിയിലൂടെ തന്നെ പ്രസന്നനും വഴി നല്‍കി. വഴിയുടെ അതിരില്‍ നില്‍ക്കുന്ന തെങ്ങ് പ്രസന്നന്‍റെ സ്ഥലത്താണ്.

പാര്‍ട്ടിക്കാരനായ തെങ്ങ് കയറ്റതൊഴിലാളിയെക്കൊണ്ട് ഒരു കുല തേങ്ങ വെട്ടി രണ്ട് തവണ വീടിന്റെ ടെറസിലേക്കിട്ടു. നിര്‍മ്മാണം നടക്കുന്ന വീടിന് കേടുപാട് പറ്റി. പാര്‍ട്ടിക്ക് പരാതി നല്‍കിയപ്പോള്‍ കഞ്ഞിക്കുഴിഏരിയ സെക്രട്ടറി തെങ്ങ് വെട്ടാന്‍ പ്രസന്നനോട് നിര്‍ദ്ദേശിച്ചു. ഇതുവരെയും തെങ്ങ് വെട്ടിയിട്ടില്ല. തുടര്‍ന്ന് പാര്‍ട്ടി ഭരിക്കുന്ന തണ്ണീര്‍മുക്കം പഞ്ചായത്തില്‍ പരാതി നല്‍കി. നടപടി വരാത്തതിനെ തുടര്‍ന്ന് ആര്‍ഡിഒയ്ക്ക് പരാതി നല്‍കി. അന്വേഷിച്ച് നടപടിയെടുക്കാന്‍ ആര്‍ഡിഒ കൊക്കോതമംഗലം വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പക്ഷെ ഇപ്പോഴുംനടപടി വന്നില്ലെന്നാണ് കുടുംബം പറയുന്നത്.

ലീജ സുജിത്തിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്:

ഞങ്ങൾക്കും ജീവിക്കാനുള്ള അർഹതയുണ്ട്. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം എ.കെ.പ്രസന്നന്‍റെ മാനസിക പീഡനമാണ് ഞങ്ങള്‍ക്ക് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ ആ കൊടിയുടെ കീഴിൽ വളർന്ന എന്നെ പോലെയുള്ള സാധാരണ പ്രവർത്തകർ ഒരു ഘട്ടത്തിലെങ്കിലും വെറുത്ത് പോകും. ഈ പാർട്ടിയെ വിശ്വസിച്ചതും സ്നേഹിച്ചതും ഒന്നും മോഹിച്ചിട്ടല്ല. ഞങ്ങൾക്ക് കിട്ടേണ്ട നീതിയാണ് ചോദിക്കുന്നത്. സംഘടനയുടെ ഉത്തരവാദിത്തത്തില്‍ ഇരുന്നുകൊണ്ട് ബോധപൂർവ്വം വിഷയങ്ങൾ സൃഷ്ടിക്കുകയാണ്. സംഘടന വിഷയങ്ങൾ സംഘടനക്ക് അകത്ത് ചോദ്യം ചെയ്താൽ പാർട്ടി നേതാവ് പാർട്ടി മെമ്പറിന് ക്വട്ടേഷൻ കൊടുക്കും. ഒരുപാട് കടം വാങ്ങി ഒരു കൂര വെച്ചപ്പോൾ അത് നശിപ്പിക്കാൻ പലകുറി ശ്രമം നടത്തി.അന്നും ഇന്നും ഈ പാർട്ടിയേ മാത്രമാണ് വിശ്വസിച്ചത്, ആ പാർട്ടി ഞങ്ങൾക്ക് നീതി നടപ്പാക്കി തന്നില്ല. വ്യക്തി വിരോധം തീർക്കാൻ ഈ പാർട്ടിയെ ഉപയോഗിക്കുന്നത് എന്തിന്‍റെ പേരിൽ ന്യായീകരിക്കാനാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top