ഇപിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം; ശോഭയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണം; ദല്ലാളുമായുള്ള ബന്ധം അവസാനിപ്പിക്കാനും പാര്‍ട്ടി നിര്‍ദ്ദേശം

തിരുവനന്തപുരം : ഇപി ജയരാജനെതിരായി നടക്കുന്നത് ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായുള്ള പ്രചാര വേലകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കാര്യം ജയരാജന്‍ തന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. നിഷ്‌കളങ്കമായി കാര്യങ്ങള്‍ പറയുകയാണ് ഇപി ചെയ്തത്. അത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ടെന്നും ഈ നീക്കങ്ങളെ ചെറുക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ശോഭയുടെ ആരോപണം ശുദ്ധ അസംബന്ധമാണ്. ശോഭയെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഇപി തന്നെ പറഞ്ഞിട്ടുണ്ട്. വ്യാജ ആരോപണം ഉന്നയിച്ചതിന് ശോഭയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇപിക്ക് നിര്‍ദ്ദേശം നല്‍കിയതായും ഗോവിന്ദന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനെ പോലെയുള്ളവരുമായി ബന്ധം അവസാനിപ്പിക്കാന്‍ ജയരാജന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ബന്ധം നല്ലതല്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി വിലയിരുത്തിയതാണ്. ഇപ്പോള്‍ ബന്ധമില്ലെന്നാണ് ഇപി വ്യക്തമാക്കിയതായും ഗോവിന്ദന്‍ പറഞ്ഞു.

പോകാശ് ജാവഡേക്കറുമായി ഒരു വര്‍ഷം മുമ്പ് നേരില്‍ കണ്ടതുമായി ബന്ധപ്പെട്ട കാര്യം ഇപി തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുള്‍പ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ പല സന്ദര്‍ഭങ്ങളിലായി നേരില്‍ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോള്‍ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവര്‍ഗ പ്രസ്താനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന് പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു. ഇപി ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ട ഒരു സാഹചര്യമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

നിലവിലെ വലിയ വിവാദത്തിനാണ് പൂര്‍ണ്ണ പിന്തുണ നല്‍കി അവസാനിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top