യെച്ചൂരിക്ക് പകരക്കാരനില്ല; വൃന്ദയ്ക്കോ പ്രകാശ് കാരാട്ടിനോ താൽകാലിക ചുമതല നല്‍കിയേക്കും
സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തല്‍ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ. പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മറ്റി യോഗങ്ങള്‍ നാളെ ഡല്‍ഹിയില്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് സിപിഎം ഇത്തരം ഒരു തീരുമാനം എടുത്തത്.
താൽകാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമാണ് പരിഗണനയിൽ ഉള്ളതെന്ന് നേതൃത്വം വ്യക്തമാക്കി. പുതിയ ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ. അടുത്ത വര്‍ഷമാണ് പാർട്ടി കോൺഗ്രസ്. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാനാണ് നീക്കം. പിബിയിലെ പല നേതാക്കളും 75 എന്ന പ്രായപരിധി പിന്നിടുന്നതും സ്ഥിരം ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
എം.എ.ബേബിയോ ബംഗാളിൽനിന്നുള്ള മുഹമ്മദ് സലീമിനോ, ബി.വി.രാഘവലുവിനോ നറുക്ക് വീഴാനാണ് സാധ്യത. ത്രിപുരയില്‍ നിന്നുള്ള മണിക് സര്‍ക്കാരിനും സാധ്യതയുണ്ട്. പ്രത്യയശാസ്ത്രത്തില്‍ ആഴത്തിലുള്ള അറിവും വ്യക്തതയോടെ അത് വിശദീകരിക്കാനുള്ള കഴിവും യെച്ചൂരിക്ക് ഉള്ളതുപോലെ മറ്റൊരു നേതാവിനുമില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള യെച്ചൂരിയുടെ വിടവാങ്ങല്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുകയാണ്. പകരം ജനറല്‍ സെക്രട്ടറി ആരെന്ന ചോദ്യത്തിന് തത്കാലംപാര്‍ട്ടിയില്‍ ഉത്തരമില്ലാത്ത അവസ്ഥയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here