സിപിഎം കനൽ രാജ്യത്ത് അവശേഷിക്കാൻ കാരണം യെച്ചൂരി; സൈദ്ധാന്തികതയും പ്രായോഗികതയും ചേര്‍ന്ന അപൂർവ വ്യക്തിത്വം

സിപിഎമ്മിൻ്റെ ലോക്സഭയിലെ പ്രാതിനിധ്യം കേരളത്തിൽ നിന്നു മാത്രമായി ചുരുങ്ങി പോകാതിരിക്കാൻ നിർണായകമായ പങ്കുവഹിച്ച നേതാവായിരുന്നു ഇന്ന് അന്തരിച്ച മുതിര്‍ന്ന ഇടത് നേതാവ് സീതാറാം യെച്ചൂരി. നിലവിൽ ലോക്സഭയിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും അംഗങ്ങളുണ്ടാവാൻ കാരണം സീതാറാം യെച്ചൂരിയുടെ പ്രായോഗിക രാഷ്ട്രീയ നിലപാടായിരുന്നു. ബംഗാളിലെ തകർച്ചയ്ക്ക് ശേഷം പാർട്ടിയിൽ പിടിമുറുക്കിയ കേരള ആധിപത്യത്തിനെ ചെറുത്തു തോൽപിച്ചാണ് അദ്ദേഹം പ്രായോഗിക രാഷ്ട്രീയത്തിൽ തൻ്റെ നിലപാടുകളാണ് ശരിയെന്ന് കാണിച്ചത്.

യെച്ചൂരി തെളിച്ച വഴിയിൽ നീങ്ങിയില്ലായിരുന്നു എങ്കിൽ കേരളത്തിൽ നിന്നും ഒരൊറ്റ അംഗം മാത്രമുള്ള പാര്‍ട്ടിയായി ലോക്സഭയിൽ സിപിഎമ്മിൻ്റ സാന്നിധ്യം ചുരുങ്ങുമായിരുന്നു. സംഘപരിവാർ രാഷ്ട്രീയം രാജ്യത്തെ നിയന്ത്രിക്കുമ്പോൾ സ്വീകരിച്ച തന്ത്ര പ്രധാനമായ നീക്കമാണ് ലോക്സഭയില്‍ നില മെച്ചപ്പെടുത്താന്‍ പാര്‍ട്ടിയെ സഹായിച്ചത്. പ്രധാന പ്രതിപക്ഷ പാർട്ടിയും മതേതര പാർട്ടിയുമായ കോൺഗ്രസുമായുള്ള സഖ്യം എന്ന ദീർഘവീഷണമുള്ള നിലപാടാണ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളില്‍ ഒന്ന് എന്ന സ്ഥാനം ഇന്നും സിപിഎമ്മിന് ലഭിക്കാൻ കാരണം.

ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് 2015ൽ സീതാറാം യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. മൂന്നര പതിറ്റാണ്ടിലേറെയായി എതിരാളികൾ ഇല്ലാതാതെ ഭരിച്ച ബംഗാളിൽ പാർട്ടി നാമാവശേഷമായി. ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം നാമമാത്രമായി. ഈ സമയത്താണ് യെച്ചൂരി രാജ്യത്ത് തകർന്ന് തുടങ്ങിയ ഏറ്റവും വലിയ ഇടതുപാർട്ടിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി രാജ്യത്ത് അധികാരത്തിലെത്തിയതിന് ശേഷമായിരുന്നു തരിപ്പണമായ പാർട്ടിയുടെ അമരക്കാരനായി യെച്ചൂരിയുടെ സ്ഥാനാരോഹണം.

ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരെ വിശാലമായ പ്രതിപക്ഷം വേണം. അതിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി സഖ്യം വേണമെന്ന അദ്ദേഹത്തിൻ്റെ നിലപാടുകളെ കേരളത്തിലെ പാർട്ടി നഖശിഖാന്തം എതിർത്തു. അതൊന്നും വകവയ്ക്കാതെ വിവിധ സംസ്ഥാനങ്ങളിൽ ഇടഞ്ഞു നിൽക്കുന്ന ബിജെപി ഇതര പാർട്ടികളെ ഒന്നിപ്പിക്കാൻ അദ്ദേഹം നേരിട്ടിറങ്ങി. ഒരേ സമയം സൈദ്ധാന്തികതയും പ്രായോഗികതയും ഉയർത്തിപ്പിടിക്കുന്ന യെച്ചൂരിയുടെ പകരം വയ്ക്കാനില്ലാത്ത നേതൃപാടവം രാജ്യം കണ്ടു.

കോൺഗ്രസിനെ പ്രധാന എതിരാളിയായി കാണുന്ന കേരളത്തിൽ നിന്നു പോലും ശത്രുപക്ഷത്തുള്ള പാർട്ടിയുമായി സഖ്യമാകാം എന്ന നിലപാടുകൾ ഉയർന്നു വന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസുമായി സഖ്യമാകാം എന്ന നിലപാടിന് പിന്തുണ അറിയിച്ച് വിഎസ് അച്ച്യുതാനന്ദന്‍ 2018ല്‍ കത്തയച്ചതും വലിയ ചർച്ചയായിരുന്നു. കേരളത്തിലെ സിപിഎം നേതൃത്വം പിന്തുണ നൽകുന്ന പ്രകാശ് കാരാട്ട് പക്ഷം അതിശക്തമായി എതിർത്തിട്ടും പാർട്ടിക്കുള്ളിൽ നിന്നും തൻ്റെ നിലപാടിന് അംഗീകാരം നേടിയെടുക്കാൻ യെച്ചൂരിക്കായി.

ബിജെപിക്കെതിരെ വിശാല മതേതര സഖ്യത്തിനായി കോൺഗ്രസുമായി സഖ്യമുണ്ടാക്കണം. ബിജെപിയെ മുഖ്യശത്രുവായിക്കണ്ട് പ്രായോഗിക രാഷ്ട്രീയത്തിൽ ഉന്നിയുള്ള നിലപാടില്‍ യെച്ചൂരി ഉറച്ചു നിന്നു. ബംഗാൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ഉചിതമായ തീരുമാനമാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു. പതിനാറ് അംഗ പിബിയിൽ ശക്തമായ എതിർപ്പ് അതിനെതിരെ ഉയര്‍ന്നു. 11 പേര്‍ ജനറല്‍ സെക്രട്ടറിയുടെ നിലപാട് തള്ളി.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായ തിരിച്ചടി നേരിട്ടതോടെ യെച്ചുരിയുടെ തീരുമാനത്തിന് പിന്നീട് വ്യാപക പിന്തുണ ലഭിക്കുകയായിരുന്നു. ഇതിന് ശേഷം കോൺഗ്രസിനൊപ്പം കൈകോർത്ത് രൂപീകരിച്ച ഇൻഡ്യ മുന്നണിയുടെ അമരക്കാരിൽ ഒരാളായും യെച്ചൂരി മാറി. ഇൻഡ്യ സഖ്യം നിലവിൽ ഉണ്ടായിരുന്ന തമിഴ്നാട്, രാജസ്ഥാൻ എന്നിവടങ്ങളിൽ നിന്നും മൂന്ന് എംപിമാരെ പാർട്ടിക്ക് ലോക്സഭയിൽ എത്തിക്കാനായി. ശക്തികേന്ദ്രമായി അവകാശപ്പെട്ട്, കോണ്‍ഗ്രസിനെ എതിര്‍ത്ത കേരളത്തിൽ നിന്നും ഒരു സീറ്റ് മാത്രമാണ് പാർട്ടിക്ക് നേടാനായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top