സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞ മാസം 19നാണ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി  ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.

2015 മുതൽ സിപിഎം ജനറൽ സെക്രട്ടറിയായി തുടരുകയായിരുന്നു. 1974ൽ എസ്എഫ്ഐലൂടെ യാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് വിദ്യാർത്ഥി നേതാവായിരുന്ന അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.മൂന്നു തവണ യെച്ചൂരിയെ ഡൽഹി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1978 ൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി. അതേ വർഷം തന്നെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.

2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഇക്കാലയളവില്‍ ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സുപ്രധാന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെയും 2004ലെ  ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. യുപിഎ-ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു.

ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്തിരുന്ന യെച്ചൂരി നിരവധിപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇൻ ട്വന്റി ഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം, ഘൃണ കി രാജ്‌നീതി (ഹിന്ദി) എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top